രചന : താഹാ ജമാൽ.

കാണാൻ മറന്നു പോകുന്ന
മനുഷ്യർക്കിടയിൽ
കാണാൻ മറന്നും
കണ്ടാൽ മലർക്കെ ചിരിച്ചും
ചിന്തിക്കണം.

കുടുക്കയിൽ വീണുപോയ തുട്ടുകൾ
ഓട്ടയിലൂടെ വെളിച്ചവും
ആകാശവും കാണുന്നു.
ചുവരെഴുതിയ നേരത്തെ മഴ പോലെ
ജീവിതം സ്പന്ദിക്കുന്നു.
അലമാരിയിൽ അകപ്പെട്ട പാറ്റ
വസന്തം മറന്നു പോയിരിക്കുന്നു.

രംഗം ഒന്നിൽ വരേണ്ട നടൻ
ഡയലോഗ് മറന്നു പോയതിനാൽ
പാവകളി കണ്ട് കാണികൾ മടങ്ങി
മലയടിവാരത്തു നിന്നും പുറപ്പെട്ട ഉറവകൾ
കുന്നിൻ മുകളിലേക്ക് പോകാൻ ശ്രമിക്കുന്നു
കാണാൻ മറന്നു പോയവരുടെ
മനസിലെ വിഷം കൊത്തി
പാമ്പുകൾ മരിച്ചു വീഴുന്നു
പലതും തലകീഴായ്മറിയുന്നതിനാൽ
കാല് മുകളിലും
കൈ താഴെയുമായി
പലരും റോഡിലൂടെ നടക്കുന്നു.

By ivayana