രചന : ജോയി പാലക്കാമൂല.
ഇത്തിരിയുണ്ടതു നെറുകയിലെന്നാൽ
ഒത്തിരി ശൂന്യതയാണതു സത്യം
ഒത്തിരിയക്ഷരയറിവില്ലങ്കിലും
ഇത്തിരി കുത്തിവരക്കാൻ മോഹം
ചേറ് കുഴച്ചൊരു പാടം പോലെ
ചിത്തം നിറയെ യുദ്ധം തന്നെ
ചിട്ടകളൊട്ടും വശമില്ലാത്തൊരു
ചിന്തകളങ്ങനെ മിന്നി നടക്കും
വിത്ത് വിതച്ചാൽ ഒന്ന് കിളിർക്കും
പിന്നെയതങ്ങ് കരിഞ്ഞ് നശിക്കും
വിട്ടുകൊടുക്കാ ചിന്തകളാലതിൽ
വീണ്ടും ചെറു ചെറുകൃഷികളിറക്കും
ഒരു വരിയൊന്ന് ശരിയായാൽ
മറുവരി ചെറുവഴി തെറ്റി നടക്കും
പല വരി ഒരു നിര ചേർന്ന് കിടന്നാൽ
ചില പദമതിലൊരു കരടു കണക്കെ.