ചെറുകഥ : ആന്റണി ഫിലിപ്പോസ്*

രാത്രിയിൽ നിയോൺ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് പ്രിയ ഇറങ്ങി വന്നു.അവൾ നന്നേ പരിഭ്രമിക്കുന്നുണ്ട്. നടക്കുമ്പോൾ കാലുകൾക്ക്ഒരു വിറയൽ.
കുറച്ച് ദൂരെയായി കാറുമായി വിവേക് കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്ത്, ഒരു നിഴൽ പോലെ കാറ് കിടക്കുന്നത് കണ്ടു.

മുറ്റത്തു വിതറിയിരുന്ന മണൽത്തരികൾ കാലടിയിൽ ഞെരിഞ്ഞമർന്നു ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.താൻ പിച്ചവെച്ചു നടന്ന മുറ്റം,
ഇവിടുത്തെ ഓരോ മൺ തരിക്കും തന്റെ പാദസ്പർശം തിരിച്ചറിയാൻ കഴിയും.പ്രീയ ഗെയ്റ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി.
പുറത്ത് മഞ്ഞുപെയ്യുന്നുണ്ടിരുന്നു, നിയോൺ ലൈറ്റിന്റെ വെളിച്ചത്തിൽ മുങ്ങി അലൗകികമായ ഒരു പരിവേഷം അവിടമാകെ തിളങ്ങി നിന്നു.
വഴിയരികിൽ കാത്തു നിൽക്കുന്ന വിവേകിന്റെ അടുത്തെത്താൻ പ്രീയയുടെ പാദം വേഗത പൂണ്ടു

ഗെയ്റ്റ് തുറന്നു ഇരുട്ടിലൂടെ അവൾ കാറിനടുത്തെത്തി
കാറിനകത്ത് ചലിക്കുന്ന നിഴലുകൾ, മനുഷ്യ രൂപം പൂണ്ട്
അടക്കിപ്പിടിച്ച് സംസാരിക്കന്നത് കേൾക്കാം.
കാറിന്റെ ഡോർ തുറന്നു പ്രീയ അകത്തേക്കു കയറി.കാറിനുള്ളിൽ വിവേകും ഡ്രൈവറും മാത്രമേയുള്ളൂ.
“ആരെങ്കിലും നിന്നെ കണ്ടുവോ?” വിവേക് ചോദിച്ചു

ഇല്ല,”
അവൾ മറുപടി പറഞ്ഞു
കൈ എത്തി വിവേക് കാറിന്റെ ഡോറടച്ചു.
“പോകാം “
വിവേക് തിടുക്കം കൂട്ടി.
രാത്രി താമസിച്ചാണ് യാത്ര തുടങ്ങിയത്, അതു കൊണ്ടു തന്നെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.ഏറെ വൈകിയാണ്കാറിലിരുന്നൊന്ന് കണ്ണടക്കാൻ കഴിഞ്ഞത്.
വിവേകിന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുകയായിരുന്ന പ്രീയ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്.
നേരം വെളുത്തു വരുന്നതേയുള്ളൂ.

തണുത്ത ഒരീറൻ കാറ്റ് കാറിനകത്തൂടെ കടന്ന് പോകുന്നുണ്ടായിരുന്നു.
വീട്ടിൽനിന്നും അവർ വളരെ ദൂരം പിന്നിട്ടിരുന്നു.
വീട്ടിലുള്ളവർ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവും
ശാന്തമ്മയായിരിക്കും ആദ്യം അറിഞ്ഞിട്ടുണ്ടാവുക.രാവിലെ ചായ കൊണ്ട് റൂമിൽ വന്ന് ,വാതിൽ തുറന്നകത്തു കയറി നോക്കുമ്പോൾ കിടക്കയിൽ ആരുമില്ല, മുറിയിലൊക്കെ അന്വേഷിച്ചു നടന്നു , മുറിയിൽ കാണാൻ കഴിയാഞ്ഞതു കൊണ്ട് താഴെയെത്തി അമ്മയോട് വിവരം പറഞ്ഞു കാണും, അതോടെ അച്ഛനും ലിജിയും അറിഞ്ഞു കാണും.

പ്രീയയെ കാണാനില്ല…..
അത് നടുക്കുന്ന സത്യമായി വീടിന്റെ അകത്തളങ്ങളിൽ ഇപ്പോൾ പ്രതിനിധ്വനിക്കുന്നുണ്ടാവും.
ജീവിതത്തിൽ ഒരിക്കൽ പോലും ഒറ്റക്ക് വീട് വിട്ടു പുറത്തു പോകേണ്ടി വന്നിട്ടില്ല,
എവിടെ പോയാലും അച്ഛനോ അമ്മയോ കൂടെയുണ്ടാവും.
അച്ഛൻ, അമ്മ, ലിജി, ശാന്തമ്മ
എല്ലാവരും സ്നേഹിച്ചിട്ടേയുള്ളു….

എന്നിട്ടും അവർക്ക് നൽകിയത് വേദനയും അപമാനവുമെന്നോർത്തപ്പോൾ….
അവർക്കിത് എങ്ങനെ സഹിക്കാൻ കഴിയും. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അച്ഛൻറെയും അമ്മയുടെയും മകളായി ജനിച്ചതിൽ അഭിമാനിച്ചിട്ടേയുള്ളൂ,
ഈ നിമിഷം വരെ…..
ആ ഞാനാണ് അച്ഛനും, അമ്മയ്ക്കും, നാണക്കേട് ഉണ്ടാകും എന്ന് അറിയാമായിരുന്നിട്ടും, ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്.
വാത്സല്യ നിധിയായ ഒരച്ഛനും അമ്മയ്ക്കും ഒരിക്കലും പൊറുക്കാൻ കഴിയാത്ത കാര്യം.

ഈശ്വര…..
പ്രീയ ഒന്ന് തേങ്ങി
കുറച്ചു നാള് മുമ്പ് പരിചയപ്പെട്ട ഒരു ഒരു വ്യക്തിക്കു വേണ്ടി,
വീട്ടുകാരെ മുഴുവൻ എതിർത്തുകൊണ്ട്,
അവരെ കണ്ണീര് കുടിപ്പിച്ച് കൊണ്ട് എന്ത് നേട്ടമാണ് നേടുന്നത്.
പാതിരാത്രിയിൽ ആരുമറിയാതെ, ഇന്നലെ കണ്ടു മുട്ടിയ ഒരാളുമായി ഒളിച്ചോടുന്നത് ശരിയാണോ
മുമ്പൊരിക്കല്പോലും പ്രീയ ഇത്രയും അസ്വസ്ഥതപ്പെട്ടിരുന്നില്ല.
വിവേകിനെ ആദ്യമായി കണ്ട് മുട്ടിയത് ഒരു എ റ്റി എം കൗണ്ടറിൽ വച്ചാണ്.

അമ്മയും അച്ഛനുമായി അമ്പലത്തിൽ പോയി വരുന്ന സമയത്ത്, അച്ഛനാണ് പറഞ്ഞത്
എ റ്റി എം കൗണ്ടറിൽ കയറി കുറച്ചു ക്യാഷ് എടുക്കണം.
കാറ് റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി.
പ്രീയകാറിൽ നിന്നും ഇറങ്ങി.
എ.റ്റി.എം.കൗണ്ടറിന്റെ അകത്തു കയറിയപ്പോൾ കൗണ്ടറിനുള്ളിൽ ഒരു ബംഗാളിക്കൊപ്പം നിൽക്കുന്ന വിവേക്
ബംഗാളിയെ ക്യാഷ് എടുക്കാൻ സഹായിക്കുന്നു.

ബംഗാളിക്ക് ക്യാഷ് എടുത്തു കൊടുത്തു കഴിഞ്ഞു വിവേക് തന്റെ നേരെ നോക്കി
ക്യാഷ് എടഅടുത്തുള്ള മെഷീനിൽ കാർഡ് ഇടുകയായിരുന്നു.
അന്ന് തനിക്കു കിട്ടിയ നോട്ട് അഞ്ഞുറിന്റേതായിരുന്നു,
അതും കൊണ്ട് കൗണ്ടറിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു..
പിന്നിൽ നിന്ന് ഒരു വിളി
“ഹലോ “
തിരിഞ്ഞു നോക്കിയപ്പോൾ എ.റ്റി.എം. കൗണ്ടറിന്റെ അകത്തുനിന്നും വിവേക് പുറത്തേക്കുവന്നു
അയാളുടെ കയ്യിലിരുന്ന രണ്ടായിരത്തിന്റെ നോട്ട് തന്റെ നേർക്ക് നീട്ടി

“നിങ്ങൾക്ക് വിരോധമില്ലെങ്കിൽ അതിൽ നിന്നും രണ്ടായിരം രൂപയ്ക്ക് ചെയ്ഞ്ച് തരാമോ?” അയാൾ ഭവ്യതയോടെ ചോദിച്ചു.
കാഴ്ചക്ക് വളരെ സുമുഖനായ ആ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി ഇല്ല എന്ന് പറയാൻ തോന്നിയില്ല.മാത്രമല്ല ആ ഭവ്യത അവളെ അത്ഭുതപ്പെടുത്തുകയുചെയ്തു.
പിന്നെ പലതവണ കണ്ടിട്ടുണ്ട്.
സംസാരിച്ചിട്ടുണ്ട്.

വിവേക് ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എൻജിനീയറായിരുന്നു.
ഫോണിൽ വിളിച്ചാണ് ആദ്യമായി പ്രണയം അറിയിച്ചത്.
വളരെ നാളുകളായി കേൾക്കാൻ ആഗ്രഹിച്ചതാണ് കേട്ടപ്പോൾ
ആകെയൊരു സന്തോഷം മനസിൽ ഒരു മഴ ചാറിപ്പയ്തതുപോലെ സുഖദായകമായ ഒരു അനുഭവം.
ഓർമ്മകളിൽ നിന്ന് പ്രീയ ഞെട്ടി
വിവേക് ഉറക്കത്തിൽ ഒന്ന് തല തിരിച്ചതാണ്…
നേരം വെളുത്തു വരുന്നതേയുള്ളൂ.

അമ്മയും അച്ഛനും ശാന്തമ്മയുമൊക്കെ ഇപ്പോൾ എന്തെടുക്കുകയാവും
അമ്മ പൂജാമുറിയിൽ കയറി കഥകടച്ചു ദൈവത്തിൻറെ മുന്നിൽ
കരയുന്നുണ്ടാവും,
മനസ്സിന് എന്തെങ്കിലും വിഷമം തട്ടിയാൽ അമ്മ ചെയ്യുന്നത് അതാണ്.
അച്ഛൻ കൂട്ടിലടച്ച വെരുകിനെപ്പോലെ വീട്ടിനുള്ളിൽ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നുണ്ടാവും. ലിജിയും ശാന്തമ്മയും കരയുകയാവും ഓർത്തപ്പോൾ പ്രിയക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല…..
അവൾ തേങ്ങി കരയാൻ തുടങ്ങി.
തന്റെ ചുമലിൽ നനവു പടർന്നപ്പോൾ വിവേക് ഉണർന്നു.

പ്രിയ കരയുകയാണെന്നു കണ്ട് അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, വിമ്മി ഷ്ടത്തോട് ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
തെറ്റാണ് ചെയ്തത് ജനിച്ചുവളർന്ന വീടും അമ്മയെയും അച്ഛനെയും ശാന്തമ്മയേയും എനിക്ക് നഷ്ടപ്പെടുന്നു. കുറച്ചുനാൾ മുൻപ് മുമ്പ് പരിചയപ്പെട്ട ഒരു മനുഷ്യന് എന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും വിട്ടുകൊടുത്തുകൊണ്ട്, ഒരു പാതിരാത്രി ആരുമറിയാതെ വീട് വിടുക!
രാത്രിയുടെ മറവിൽ ഒരൊളിച്ചോട്ടം
വിവേകുമായുള്ള അടുപ്പം ആരുമറിയാതെ കൊണ്ടു നടക്കുകയായിരുന്നു
കണ്ണുനീർ വിവേകിന്റെ നെഞ്ചിൽ വീണ് നനഞ്ഞു.

“പ്രീയ നീ കരയുകയായിരുന്നോ?”
വിവേകിന് വലിയ വിഷമമായി.
“പ്രീയ എന്തിനാണ് നീ കരയുന്നത് നമ്മൾ ഈ ചെയ്യുന്നത് തെറ്റാണെന്ന് നീ കരുതുന്നുണ്ടോ
ഇത് തെറ്റായിപ്പോയി എന്നാണ് നിനക്ക് തോന്നുന്നുവെങ്കിൽ”… വിവേക് ബാക്കി പറയാതെ കുറച്ചു സമയം കാത്തു,
അവളുടെ മുഖത്ത് കണ്ട മൗനം അവനെ ആശങ്കാകുലനാക്കി.

“പ്രീയ നിന്റെ മാതാപിതാക്കൾ നമ്മുടെ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലായിരുന്നു.
അത് കൊണ്ടാണ് ഞാൻ ഈയൊരു തീരുമാനം എടുത്തത്.
ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ നമ്മുടെ കല്യാണം ഒരിക്കലും നടക്കില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ?”
“ഇതിലൊരു തെറ്റുമില്ല പ്രീയ,
നമുക്ക് ഒന്നിച്ച് ജീവിക്കാൻ വേണ്ടിയല്ലേ?
കരയരുത് “
വിവേക് പറഞ്ഞു
കൈകൾ ഉയർത്തി അവളുടെ ഈറൻ മിഴികൾ തുടച്ചു

“പ്രിയ
ഈ മിഴികൾ നനയാൻ ഞാനിനി അനുവദിക്കില്ല”
സമയം രാവിലെ 8 മണി കഴിഞ്ഞു
,”ഡ്രൈവർ വണ്ടി ഒന്ന് നിർത്തു”
അടുത്ത് ഹോട്ടലിന്റെ ബോർഡ് കണ്ടപ്പോൾ വിവേക് പറഞ്ഞു ഡ്രൈവർ അരിക് ചേർത്ത് വണ്ടി നിർത്തി…

ആന്റണി ഫിലിപ്പോസ്

By ivayana