രചന : ശ്രീരേഖ എസ്*
കളയരുത് നാമൊരുതരിയന്നവും
പാഴാക്കീടരുതൊരുതുള്ളി വെള്ളവും.
നാവതേറ്റം വരണ്ടലയുന്നവർ
ഇവിടെയേറ്റമുണ്ടെന്നതറിയണം!
ധാരാളിത്തത്തിൽ വലിച്ചെറിയും മണികൾ
ഒരു ജീവനെങ്കിലും തുണയായ് മാറിയാൽ
സുകൃതമേതുണ്ടതിൻമീതെ നമ്മൾക്ക്
കൈവരാൻ മണ്ണിൽ ജീവിതയാത്രയിൽ.
സർവ്വനാശം വിതക്കുവാൻ നാംതന്നെ
ഹേതുവാണെന്ന സത്യം മറന്നവർ
മണ്ണും മലയും മരവും നശിപ്പിച്ചു
പ്രാണനായെന്നും നെട്ടോട്ടമെന്തിനായ്.?
വറ്റിവരണ്ടല്ലോ ഭൂമിതൻ മാറിടം
കരിഞ്ഞുണങ്ങുന്നു മണ്ണിൽ വിത്തുകൾ
അഗ്നിജ്ജ്വാലകൾ വിഴുങ്ങുന്നു കാടിനെ
വെന്തുനീറുന്നു നാട്ടിലെ ജീവിതം.
നഷ്ടപ്പെടുത്തിയ സൗഭാഗ്യമോർത്തിന്നു
വാർക്കും കണ്ണുനീർ കുപ്പിയിലാക്കിടാ൦.
ദാഹശമിനിയായ് ബാഗിൽ കരുതി നാം
കുപ്പിയിലാക്കിയ പുഴയെ സ്മരിച്ചിടാം..