രചന : ഗീത മന്ദസ്മിത✍

കാലമേറെയായ് ഊഞ്ഞാലാടിടുന്നെൻ മനം–
ഓർമ്മകളിൽ നിന്നു മറവികളിലേക്കും…
മറവികളിൽ നിന്നോർമ്മകളിലേക്കും…
എന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ല
ഇതിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!
ഓർക്കേണ്ടതിനെയെല്ലാം മറന്നിടുന്നു
മറക്കേണ്ടതിനെയോ ഓർത്തിടുന്നു
ഓർക്കാപ്പുറത്തവയെല്ലാം എൻ ഹൃത്തിലായെത്തിടുന്നു
മറക്കാതിരിക്കാം, ഒരുനാൾ ചേർത്തുനിർത്തിയവരെ
ഓർത്തുവെക്കാം, തീർത്തും മറന്നെന്നു നടിക്കുന്നവരെ
മറവി ഒരനുഗ്രഹമാണ്, ഓർമ്മകൾ നഷ്ടമാകും വരെ
ഓർമ്മകളൊരു ഭാരമാണ്, മറവിയിൽ കരേറും വരെ
ഓർക്കാം, മറവിയിലേറിയവരെ നാമതിലേറും മുമ്പേ
ചേർക്കാം അവരെയും നമ്മുടെ ഓർമ്മകളിലായ്
ഏകാം അവർക്കായൊരു കരുതൽ സ്പർശം
സ്നേഹത്തിൻ മൃദു തൂവൽസ്പർശം..!

By ivayana