സുനു വിജയൻ*

എറണാകുളം നഗരത്തിൽ കുറച്ചു മരങ്ങൾ നടുവാൻ തീരുമാനിച്ചു ..നഗരപ്രാന്തങ്ങളിലും കലാലയങ്ങളിലും മരങ്ങൾ നടാം ..അതിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പ്രശസ്തമായ കോളേജുകളിലേക്കു പോയി .

സീൻ ഒന്ന്

പ്രശസ്തമായ കോളേജിലെ വനിത പ്രിൻസിപ്പളുടെ ഓഫീസ്
ഗുഡ് മോർണിംഗ് മാഡം
Good മോർണിംഗ് ..വരൂ ..ഇരിക്കൂ
മാഡം ഞാൻ നമ്മുടെ കലാലയത്തിലും ,അതുപോലെ നഗരത്തിലും കുറച്ചു ഫല വൃക്ഷങ്ങൾ നടുവാൻ ഉദ്ദേശിക്കുന്നു ..അതിനായി …
“തീർച്ചയായും വളരെ നല്ലകാര്യം .എന്റെ എല്ലാ പിന്തുണയും ഉണ്ടാകും ..ഫല വൃക്ഷങ്ങൾ ഏറെ നല്ലതാണ് ..കുട്ടികൾക്കും അത് ഉപകാരപ്പെടും ..എന്തു സപ്പോർട്ടും ഉണ്ടാകും …”
വളരെ നന്ദി മാഡം …നന്ദി പറഞ്ഞു നിറഞ്ഞ ഹൃദയത്തോടെ അടുത്ത കലാലയത്തിലേക്ക് നടന്നു …മരങ്ങളെ സ്നേഹിക്കുന്ന ഒരു നന്മയുള്ള ഹൃദയത്തിനുടമ ..ഞാൻ മനസ്സിൽ കരുതി ..

സീൻ രണ്ട്

നിറയെ മുത്തശ്ശൻ മരങ്ങളുള്ള കലാലയം ..കുട്ടികൾ അങ്ങിങ്ങു സൊറ പറഞ്ഞിരിക്കുന്നു ..മാസ്‌ക്കുകൾ അവരുടെ കയ്യിലോ ബാഗിലോ ഒക്കെ കാണുമായിരിക്കും ..
പ്രിൻസിപ്പളുടെ ഓഫിസ്
ഓഫീസിനു മുന്നിലെ കാര്യക്കാരൻ ചോദിച്ചു
എന്തു വേണം ?
സാറിനെ ഒന്നു കാണണം ..
സർ ഇപ്പോൾ മീറ്റിങ്ങിന്റെ തിരക്കിലാണ് ..വെയിറ്റ് ചെയൂ .കുറേ സമയം ഇരിക്കേണ്ടി വരും .ചിരിക്കാൻ അറിയാത്ത കാര്യക്കാരൻ പറഞ്ഞു ..
ഒരു മണിക്കൂർ കഴിഞ്ഞു ..മീറ്റിംഗ് കഴിഞ്ഞു ..
അകത്തേക്കു പ്രവേശനം കിട്ടി ..
ഗുഡ് മോർണിങ് സർ
ഏയ് തിരിച്ചു ഒരു പ്രതികരണവും ഇല്ല ..ഒന്നു വിഷമിച്ചു നോക്കി
എന്തു വേണം
തീരെ ഇഷ്ടപ്പടാത്ത മട്ടിൽ
സർ ഞാൻ നമ്മുടെ കോളജിലും ,സമീപ പ്രദേശങ്ങളിലും മരങ്ങൾ ….
മുഴുവൻ കേൾക്കാൻ അദ്ദേഹത്തിന് ക്ഷമയില്ല .സമയവും ഇല്ല …
അദ്ദേഹം പറഞ്ഞു ..
മരങ്ങളെക്കുറിച്ചു ബോട്ടണി ഡിപ്പാർട്മെന്റ് ഹെഡുമായി സംസാരിക്കൂ ..എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് ..
സംസാരത്തിൽ അക്ഷമ ..നേരിയ നീരസം ..
ഓഫീസിൽ ഇരിക്കാം എന്നു കരുതിയ എന്നെ കസേരകൾ കൊഞ്ഞനം കുത്തി കാണിച്ചു ..
ഓ പ്രിൻസിപ്പൽ ഗമ കുറക്കാൻ പാടില്ലല്ലോ ..ഇരിക്കാൻ പോയിട്ട് അവിടെ നിൽക്കുന്നത് അദ്ദേഹത്തിന് അരോചകം .
ബോട്ടണി ഡിപ്പാർട്മെന്റിലെ HOD കണ്ടു കാര്യം പറഞ്ഞു .ടീച്ചർ നന്മ നിറഞ്ഞ മനസ്സോടെ പൂർണ പിന്തുണ അറിയിച്ചു .

സീൻ മൂന്ന്

തൊട്ടടുത്ത കോളേജിലെ പ്രിൻസിപ്പലിനെ നേരത്തെ ഫോണിൽ വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നതിനാൽ ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ശേഷം ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നത് …വിശന്നു തുടങ്ങി ..ഭക്ഷണം കഴിക്കാം ..ബോട്ട് ജെട്ടിയുടെ അടുത്ത് ഇന്ത്യൻ കോഫീ ഹൌസ് ഉണ്ട് .അവിടെ ഊണ് കിട്ടില്ല ..മസാലദോശ കഴിച്ചാൽ വയറു നിറയില്ല ..എങ്കിലും അതു കഴിക്കാം .ബിരിയാണി കഴിക്കാൻ മൂഡില്ല .ഉള്ള മൂഡ് പ്രിൻസിപ്പൽ ഏമാൻ കളഞ്ഞു ..
നഗര സഭ കെട്ടിടത്തിന്റെ സൈഡിൽ വലിയ പെരുച്ചാഴി ഓടയിലേക്കു കുതിച്ചു പായുന്നു ..അവിടെ ഒരു തണൽ മരത്തിന്റെ ഒടിഞ്ഞ ശിഖിരത്തിന്റെ മുറിപ്പാടിൽ ഒരു ഓന്ത് ക്രുദ്ധനായി നോക്കുന്നു ..ആ മുഖം ഇപ്പോൾ കണ്ട ഒരു മുഖവുമായി നല്ല സാമ്യം തോന്നി ….ബോട്ട് ജെട്ടിയുടെ പരിസരത്തു എന്തോ പണി നടക്കുന്നു …സുഭാഷ് പാർക്കിലും തകൃതിയായി പണികൾ നടക്കുന്നു ..കാർ പഞ്ചർ ആയിപ്പോയത് കാരണം കാറിന്റെ ടയറിലേക്ക് സകല ദേഷ്യത്തോടെയും നോക്കുന്ന ഒരു വക്കീലിനെ കടന്ന് ഇന്ത്യൻ കോഫീ ഹൌസിൽ കയറി മസാല ദോശ ഓർഡർ ചെയ്തു ..വടയും മസാലയും എത്തി .രണ്ടിനും സൈസ് തീരെ ചെറുത്‌ .എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല ..എങ്കിലും ഒരു ചായയും കുടി കുടിച്ചു .ജി എസ് ടി അടക്കം ബിൽതുക കൊടുത്തപ്പോൾ മനസ്സിൽ കരുതി ബിരിയാണി കഴിച്ചാൽ മതിയായിരുന്നു ..

സീൻ നാല്

അടുത്ത കോളേജിൽ എത്തിയപ്പോൾ വനിതാ പ്രിൻസിപ്പൽ എത്തിയിട്ടില്ല ..ഒരു റിട്ടയര്മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്നു .വെയിറ്റ് ചെയ്യാൻ പി ആർ ഓ പറഞ്ഞു ..വെയിറ്റ് ചെയ്തു …മൂന്നുമണി കഴിഞ്ഞു ..ആൾ എത്തിയില്ല ..നാലുമണി കഴിഞ്ഞു …
എനിക്കു നന്നായി ദാഹിച്ചു തുടങ്ങി …ആ പരിസരത്തെങ്ങും കുടിവെള്ളം കാണാൻ കൂടിയില്ല ..പി ആർ ഓ ..ക്കും മറ്റുള്ളവർക്കും ചായ എത്തി .അതും സ്റ്റീൽ ഗ്ളാസ്സിൽ .അവർ അത് ആസ്വദിച്ചു കുടിക്കുന്നത് കണ്ടപ്പോൾ ഒരു ചായ കുടിച്ചു വരാം എന്നു കരുതി .പിന്നെ വേണ്ടാന്നു വച്ചു .മാഡം വന്നു പോയാലോ ..
മരങ്ങൾ നട്ടു പ്രകൃതിയെ സംരക്ഷിക്കേണ്ട കടുത്ത ഉത്തരവാദിത്തം എന്റെ ചുമലിൽ ആയതിനാൽ മാഡം വരുന്നതു കാത്തിരുന്നു ..അവിടെ ഇരുന്നു ഒരു കവിത കുത്തിക്കുറിച്ചു .അതിനു കാത്തിരിപ്പ് എന്നു പേരും ഇട്ടു .സമയം അഞ്ചു കഴിഞ്ഞു ..മാഡം വന്നില്ല ..ഫോൺ വിളിച്ചു നോക്കി ,എടുക്കുന്നില്ല ..വീണ്ടും വീണ്ടും വിളിച്ചു ..ഫോൺ ബിസി ….അപ്പോയ്ന്റ്മെന്റ് തന്നിട്ട് പറ്റിച്ചതാണോ …സമയം അഞ്ചര കഴിഞ്ഞു ..കോളേജ് അടക്കാൻ താക്കോലും ആയി ആളെത്തി ..എന്റെ ദുരവസ്ഥ കണ്ട് ഓഫീസിൽ നിന്നും ഒരു മാന്യ ദേഹം മാഡവും ആയി സംസാരിച്ചു ..(അയാളുടെ ഫോൺ എടുത്തു )പുള്ളിക്കാരി വീട്ടിൽ എത്തി ..എന്നോട് അടുത്ത ദിവസം രാവിലെ ചെന്നു കാണാൻ കൂളായി പറഞ്ഞു .എനിക്കു വേറെ പണിയൊന്നും ഇല്ലല്ലോ നൂറു കിലോമീറ്റർ ഒരു വഴി യാത്ര …ആയിക്കോട്ടെ എന്നു ഞാനും കരുതി ..മരം നടാൻ അല്ലേ ..സഹിക്കുക ഞാൻ ഈ മരം നട്ടിട്ട് വേണം കോളജ് പിള്ളേർക്ക് അതിൽ ഉണ്ടാകുന്ന പഴങ്ങൾ കഴിച്ചു നിർവൃതി അടയാൻ ..അല്ലപിന്നെ …
ആറുമണിക്ക് കോളേജ് അടപ്പിച്ചു വീട്ടിലേക്കു തിരിച്ചു .

സീൻ അഞ്ച്

പിറ്റേദിവസം പത്തുമണി .അതേ കോളേജ് ..ഞാൻ എത്തി .എത്താതെ പറ്റില്ലല്ലോ …നമ്മുടെ മരം .എനിക്കു അതാണല്ലോ വലുത് ..മാഡം ഇന്നും തിരക്കിൽ ..എന്തായാലും ആളെ കണ്ടു ..നീല സാരിയിൽ പ്രൗഢി തീരെ തോന്നിയില്ല ..ഓഫീസിൽ കയറാതെ വാതിൽക്കൽ നിന്ന് സംസാരിച്ചു .മരം നടുന്ന കാര്യം ആണെന്ന് അറിഞ്ഞപ്പോൾ മ്ലാനവദനയായി പറഞ്ഞു .Iam very sorry ..നല്ല തിരക്കാണ് .ഞാൻ ആരാണു എന്നു ചോദിച്ചും ഇല്ല ,കേൾക്കാൻ അവിടെ സമയവും ഇല്ല .എന്തായാലും മലയാളം ഡിപ്പാർട്മെന്റ് വരെ ഒന്നു പോയി പറയാൻ പറഞ്ഞു .മരമല്ലേ മലയാളം ആണ് നല്ലതെന്നു തോന്നിക്കാണും …
എന്തായാലും അവിടെ ചെന്നു ..നല്ല ഒരു ടീച്ചർ ..ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി ..അയ്യോ ഈ കോളജിന്റെ മുറ്റം മുഴുവൻ കോൺക്രീറ്റ് ടൈൽസ് ആണ് ..ഒരു ചെടി നടാൻ സ്ഥലം ഇല്ല ..സാർ ഒന്നു നോക്കിക്കേ ..ശരിയാണ് ടീച്ചർ പറഞ്ഞത് ..അവിടെ ആർക്കും മരവും ചെടിയും ഒന്നും വേണ്ട .പിന്നെ ഞാൻ എന്തു കരുതും എന്നോർത്തു എവിടെയെങ്കിലും നമുക്ക് നോക്കാം എന്ന നല്ലവാക്കു പറഞ്ഞു …അത്രയും ആശ്വാസം ..പക്ഷേ തീരെ മനസില്ല ,അവർക്കു സമയവും ഇല്ല …പിന്നേ മരം നടാൻ ഇവിടെ ആർക്കാ നേരം …

സീൻ ആറു

സ്വൽപ്പം അകലെയുള്ള മറ്റൊരു കോളേജ് .
റിസപ്ഷനിൽ ചെന്നപ്പോൾ ഭാഗ്യം പ്രിൻസിപ്പൽ ഉണ്ട് …ഗമയിൽ may I come sir എന്നു ചോദിച്ചു അകത്തു കയറി .പുള്ളി ഫോണിൽ എന്തോ പരതുകയാണ് ..ഇരിക്കാൻ പറഞ്ഞില്ല എങ്കിലും ചോദിച്ചു ..Can i sit sir.. വളരെ ഭവ്യതയോടെ ..മറുപടി വേഗം വന്നു ..വേണ്ട ഇരുന്നു സംസാരം കേൾക്കാൻ ഒന്നും എനിക്ക് സമയമില്ല ..എന്താ കാര്യം ..കടുത്ത ചോദ്യം …പ്രിസിപ്പൽ അല്ലേ അതാകും …
സർ ഞാൻ മരങ്ങൾ ….
സ്റ്റോപ്പ്‌ ..മരങ്ങളോ ആ ശബ്ദത്തിൽ പരമ പുച്ഛം .
എനിക്കു മെയിൽ ചെയൂ ഞാൻ വായിച്ചു നോക്കാം ..ഇപ്പോൾ ഒന്നും കേൾക്കാൻ സമയം ഇല്ല ..
ഞാൻ ചമ്മി പ്പോയി …
ങ്ഹാ മരം നടാൻ ഇറങ്ങി തിരിച്ചതല്ലേ നിനക്കു ഇങ്ങനെ തന്നെ വേണം ..മനസ്സു പറഞ്ഞു .

വാൽക്കഷ്ണം

ഈ വിഷയം സംബന്ധിച്ചു ഞാൻ വൈസ് ചാൻസലർ മാരെയും ഗവര്ണറെയും മുൻപ് കണ്ടിരുന്നു .എത്രയോ തിരക്കിലും എത്ര ക്ഷമയോടെ ,എത്ര താൽപ്പര്യത്തോടെ അവർ എന്നെ കേട്ടു .അഭിപ്രായങ്ങളും നിർദേശങ്ങളും തന്നു .എത്ര മാത്രം പ്രചോദനം എനിക്കു നൽകി ..
എന്തായാലും എറണാകുളം നഗരത്തിൽ ഞാൻ മരങ്ങൾ നടും .സർവേശ്വരൻ അനുവദിച്ചാൽ ..കാരണം മരങ്ങൾ നട്ടില്ലങ്കിൽ ????????

By ivayana