മറ്റൊരു കാണ്ഡമെഴുതൂ.. മഹാമുനേ,
നിത്യതപസ്വിനീയാമവളെയോർക്കുവാൻ ,
അവളെക്കുറിച്ചു നീ പാടുമ്പോഴൊക്കെയും
ഇടറിയോ നിൻ കണ്ഠനാളവും ,ഭൂമിയും
[ മറ്റൊരു കാണ്ഡം]
അവളാണു ശാരിക…! രാമായണത്തിന്റെ ,
പനയോലത്തണ്ടിൽ തപസ്സു തുടർന്നവൾ
ജന്മാന്തരങ്ങൾതൻ സ്നേഹതന്തുക്കളെ ,
ആത്മാവിലിറ്റിച്ച ലക്ഷ്മണ പത്നിയാൾ .
[ മറ്റൊരു കാണ്ഡം]
ഊർമ്മിളേ.. നിൻ സ്നേഹ നീരദബിന്ദുക്കൾ ,
തേടുന്ന യാചകൻ മാത്രമായ് സൗമിത്രി .,
ജനകജേ .. നിൻയോഗവൈഭവ വഹ്നിയിൽ ,
അലയുന്നൊരു തീർത്ഥാടകനായി രാമൻ.
[ മറ്റൊരു കാണ്ഡം]
മറ്റൊരു കാണ്ഡമെഴുതൂ നീ മാമുനേ ,
നിത്യസ്വരൂപിണി ഊർമ്മിളയെ വാഴ്ത്തുവാൻ ,
അവൾ സത്യയോഗിനി ..ചിദാനന്ദരൂപിണീ..!
അവളെക്കുറിച്ചു നീ പാടുക ,പാടുക …!
അവളെക്കുറിച്ചു നീ പാടുക, പാടുക …!
[ മറ്റൊരു കാണ്ഡ]
വിനോദ്.വി.ദേവ്.