Vasudevan K V*

“കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!”
(കുമാരനാശാന്‍- വീണ പൂവു്‌)

വിടർന്നു ശോഭിക്കുന്ന പുഷ്പഭംഗി പോലെ അമ്മമനസ്സിനു മക്കളും..
വാടരുത്… കൊഴിയരുത്.
നൃത്യവും നാട്യവും ചേർന്നതാണ് ഉദാത്ത നൃത്തരൂപം. ഭാരതമുനിയുടെ നാട്യശാസ്ത്രത്തിൽ നൃത്തരീതികൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആവിഷ്ക്കാര സ്വാതന്ത്രം നൃത്തം ചെയ്യാനുമുണ്ട്. അത് സോളോ ആയും, സംഘനൃത്തമായാലും
“കപ്പിള് “ഡാൻസ് ആയാലും..
അത് കണ്ട് വിറളി കൊള്ളൂന്നതെന്തിന്..

കുട്ടിത്തം വിട്ടുമാറി പക്വത കൈവരുന്ന പ്രായത്തിലും ആവാം..
നൃത്തം കലാരൂപം തന്നെയാണ്. നൃത്തം ചെയ്യാൻ ഒരു നൃത്തവേദി യുണ്ടെങ്കിൽ കൂടുതൽ മികവുറ്റതാവുന്നു.
സ്ട്രീറ്റ് ഡാൻസ്, മാർക്കറ്റ് ഡാൻസ് എന്നതൊക്കെ ഇന്ന് സെല്ലുലോയ്ഡ് ലോകത്തിൽ കാണാം.
പക്ഷേ മക്കളെ നൃത്തവേദിയിൽ നാട്യചുവടോടെ കാണാനാണ് ഏതൊരു അമ്മമനവും കൊതിക്കുന്നത്..

തലശ്ശേരി ബിരിയാണിയായാലും ക്രോക്കറിയിൽ വിളമ്പുന്നതാണ് അഭികാമ്യം. അലുമിനിയം പിഞ്ഞാണത്തിൽ കണ്ടാൽ അരോചകം..
അതായത് നൃത്തവേദിക്ക് പങ്കുണ്ട് നൃത്താസ്വാദനത്തിൽ.
മികച്ചതേ പങ്കുവെക്കാവൂ പൊതു വേദികളിൽ.. കിടപ്പറ ചേഷ്ടകൾ കിടപ്പറ ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെടേണ്ടത് പോലെ.
ട്രാഫിക് ഉദ്യോഗസ്ഥർ ഇണയായി നടുറോട്ടിൽ ചടുലനൃത്തം നടത്തിയാൽ പ്രതിഷേധം സ്വാഭാവികം..

തൊഴിൽ, വർണ്ണ, വർഗ്ഗ ആരോപണങ്ങൾ ഉന്നയിക്കാൻ ചിലർ തുനിഞ്ഞിറങ്ങും..
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ്.. ഏതൊരമ്മയും പത്തുമാസം ചുമന്നു പെറ്റു വളർത്തിയ പൊന്നുമോൾ ചതിക്കെണിയിൽ കുടുങ്ങി കണ്ണു നിറയുന്നത് കണ്ടുനിൽക്കാൻ ആവില്ല. സമകാലിക ചതിക്കെണികൾ കണ്ടും കേട്ടും ആശങ്കപ്പെടുന്ന അമ്മമാർ ഗീർവാണം മുഴക്കിയേക്കാം.. ഉള്ളിന്റെ ഉള്ളിൽ ഭയാശങ്കകളോടെ…

തുടരേണ്ടതുണ്ട് നൃത്തങ്ങൾ..
നൃത്തവേദികളിൽ… ആടയാഭരണങ്ങളോടെ..
ഭാവുകങ്ങൾ നേരാം നർത്തകർക്ക്..
മറക്കാം പൊറുക്കാം ചില ദൗർഭാഗ്യ യഥാർത്ഥങ്ങളെ..
കൺകുളിരട്ടെ അമ്മമാരുടെ..
കൺകലങ്ങാതെ..
റാസ്പുടിൻ… നിന്നെ മറക്കുവതെങ്ങനെ..?

By ivayana