Kala Bhaskar*

സാറയൊത്തിരിയൊത്തിരി
സ്നേഹിച്ചാരുന്നേ മനുഷ്യരെ .
നടക്കടീന്ന് പറഞ്ഞപ്പം
ഓട്ടം പിടിച്ചതും
ഇരിക്കടീന്ന് പറഞ്ഞപ്പം
മുട്ടേലെഴഞ്ഞതും
അവടെ നിക്കടീന്ന്
അലറിപ്പറഞ്ഞപ്പം
നിന്ന് പെടുത്തതും
തമ്പുരാനാണെ അതേലിച്ചരെ
സ്നേഹം കൊണ്ടാര്ന്നേ !
എന്നിട്ടെന്നിട്ട്
ഏണീമ്മേക്കേറുമ്പോലെ
സ്നേഹം കേറിക്കേറി
വന്നതുമാരുന്നേ !
ഒന്നിനേം കിട്ടീല്ലേലും
നാലഞ്ച് പെറ്റതാന്നേ ,
ഇനീമങ്ങ് പ്രേമം കൂടിയാ
സ്വർഗത്തെത്തും പെണ്ണെന്ന്
അയലോക്കത്തെ അന്നമ്മച്ചേടത്തീം
വാക്കീള്ള മാളോരും
പറഞ്ഞേപ്പിന്നാന്നേ
കുര്യച്ചൻ തടി കൊണ്ട്
പെരക്കൊരു തട്ടടിച്ചത്.
മിച്ചം വന്ന തുലാത്തേലൊന്ന്,
നീയിനിയിതും കെട്ടിപ്പിടിച്ച് കെടന്നോടീ
മഹാറാണീന്നവക്കിട്ട് ഒരു
ചവിട്ടിനൊപ്പരം കൊടുത്താരുന്നേ.
കുരുത്തോലക്കസവ് ഒരെണ്ണം
കൊതിച്ചേന് എണ്ണം പറഞ്ഞ
നേര്യത് ഒരെണ്ണം ഓശാനക്ക്
വാങ്ങിക്കാനങ്ങേര് അവനോന്റെ
തടി വരെ ചന്തക്കാരി മറിയപ്പെമ്പിളക്ക്
പണയം വെച്ചതാരുന്നേ..!
മേക്കാതും ഇളക്കത്താലീം
പുഴയ്ക്കലെ പാടമായേലെന്നാ
കാലിലെ തടിക്ക് എണങ്ങണ
കാൽച്ചങ്ങലയൊന്ന് പണീപ്പിച്ചല്ലോ.
തടിയോടി പോകുമെന്നൊരണ്ണം
അരയ്ക്കും വട്ടം വെച്ചതാരുന്നു :
അപ്പച്ചൻ കാലേപ്പിടിച്ചങ്ങ്
എടുപ്പിക്കുവാരുന്നു.
ദൈവദോഷം കിട്ടുമേ കുര്യച്ചോ
എന്നങ്ങേര് മരിക്കും വരേ
ഒരേ ഏങ്ങലാരുന്നേ.
അത് കേട്ടുകേട്ടേ പിന്നെയാന്നേ
സാറായ്ക്ക് ദൈവവിളി വന്നത്.
തടിയൊണ്ട് , ചങ്ങലയൊണ്ട്
കയ്ക്കും കാലിനും നാവിനും
നെറ്റിക്കും മുള്ളാണിപ്പാടും
മുറിവിന്റെ പഴുതും തോനെയൊണ്ട് !.
പിന്നെന്നാ കുരിശാ
ഇല്ലാത്തേന്നാ ചോയ്ക്കണ്ടേ ഇല്യോ?
കുരിശേലോട്ട് നെരങ്ങി
നെരങ്ങിക്കേറുമ്പം ഒക്കെം
പത്ത് രണ്ടായിരം കൊല്ലം
പഴേ മുഷിവും വെശർപ്പും
കണ്ണീരുമെല്ലാമവൾക്കതേ മണത്തേ .
അന്നേരമെല്ലാമവള്
പറമ്പേലെ ജോയിയെ ഓർത്താരുന്നു
ചെക്കൻ സൈക്കളേന്ന് ചാഞ്ഞ്
ഉമ്മ വച്ചന്ന ഒറ്റക്കാര്യത്തിലല്യോ
അപ്പൻ പിടിച്ച പടിയാലെ
തടിയറപ്പുകാരന് കെട്ടൊറപ്പിച്ചെ ..
ആ ഒറ്റ ഉമ്മയേ ജീവിതത്തി അറിഞ്ഞ്
കിട്ടിയൊള്ളേലെന്നാ, കർത്താവേ
എനിക്കും നെനക്കുമത് ഒടുക്കത്തെ
ഒരൊറ്റായിപ്പോയല്ലോന്ന്
ഓർക്കുമ്പഴാ ആകെ
മൊത്തവൊര് പരവേശം.
പിന്നെ നീയെന്നാ ,
എല്ലാ ആണുങ്ങളേമ്പോലെ
മൂന്നിന്റന്ന് ഊരിപ്പോയാരുന്നല്ല് .
ഇരുട്ടു വെളുക്കെ കാവലിരുന്ന
മറിയമാര് പോലും ഇയാള്
തട്ടിക്കൊടഞ്ഞ് എണീച്ച്
പോയതറിഞ്ഞില്ലല്ല്!
ഓ , ഞാനോ ?
ഞാനെണീറ്റെങ്ങോട്ട് പാനാ ?
അപ്പന്റെ വീട്ടിലെന്നാ ഇരുന്നിട്ടാ !
ഒന്നൂല്ലേ … ഇനി വേറാരും ഇതേ
കേറിക്കെടക്കാനെട വരത്തില്ലല്ലോ
ന്നങ്ങ് അള്ളിപ്പിടിച്ച് കെടക്കുവാ !
ചുമ്മാതാന്നോ പെണ്ണുങ്ങളായ
പെണ്ണുങ്ങളെല്ലാം കുരിശാന്ന്
സാത്താനൊഴികെ സകലമാന
ആണുങ്ങളും പറേന്നെ !
അല്ലേല്ലും പെണ്ണുങ്ങളായ
പെണ്ണുങ്ങളെല്ലാം
എല്ലാ മരത്തേലും തടിയേലും
കാണും .
ഉച്ചീലടിച്ചിറക്കിയ ആണിയൊന്നും
ഒരു കടമറ്റത്തച്ചൻ വന്നാലും
എളകിപ്പോകുന്നതുമല്ല..!
അവരങ്ങനെ ഒള്ളൊള്ള
കാലം ഉള്ളാലെ കരഞ്ഞും
ചിരിച്ചും പാടീം ആടീം
മരത്ത്മ്മലൊക്കെ കഴിയും.
അന്നേരം ,
കുരിശു വരെ പൂത്ത ഒലീവാവും .
ഒഴുകി തീർന്ന ചോരയെല്ലാം
വീഞ്ഞു പോലവരെ മദിപ്പിക്കും.
അഞ്ചായി മുറിഞ്ഞ മുറിവിലെല്ലാം
അയ്യായിരമായി പ് രാന്തും പെരുകും.
കർത്താവേ …നീ അതൊക്കെ
കണ്ടാലൊണ്ടല്ലോ,
മാതാവാണെ സ്വർഗത്തിലിരുന്നാ
നിനക്ക് ഇരുപ്പ് ഒറക്കത്തില്ലായേ.!
ന്റെ താറാക്കൊച്ചിന്റെ ഒക്കത്തോട്ട്
ഉണ്ണീശോ ആയിട്ട് വന്നേക്കാന്ന്
പറഞ്ഞ് നീ പറന്ന് വരുന്ന വരെ
ദാണ്ടെ , ഒര് വെന്തേക്കിന്റെ
കുരിശായി ഞാനിങ്ങനെ
രണ്ട് കയ്യും പരത്തി
മേലോട്ടും നോക്കി നിക്കുവേ.
ന്റെ പൊന്നുങ്കുരിശേ….
പെട്ടെന്നിങ്ങ് വന്നേക്കണേ !

By ivayana