വെയിൽ പറവയുടെ ചിറകുകൾ തെല്ലൊതുങ്ങി, കുളിരിറങ്ങി. നാമജപവും കഴിഞ്ഞ് അവൾ പഠനമേശയ്ക്കരികിലേക്ക് നീങ്ങി. പുസ്തകതാളുകൾ ഒന്നൊന്നായി മറിച്ചു നോക്കുമ്പോഴാണ് മുറിയിലെ വെട്ടം പാടേ അണഞ്ഞത്. സങ്കടവും ദേഷ്യവും മീരയ്ക്ക് സഹിക്കാനായില്ല.

ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നു മീര. മറ്റു കുട്ടികളെ അപേക്ഷിച്ച് നന്നായി പഠിക്കുമായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ കാരണം അസൗകര്യങ്ങളെറെയായിരുന്നു.

അടുക്കളയിലെ ജോലിക്കിടയിൽ ഉമ്മറക്കോലായിലെത്തിയ രാജി മെയിൻ സ്വിച്ച് ഓണാക്കി. മുറിയിൽ വെട്ടം പരന്നു. ഒരലർച്ചയോടെ രാമു, രാജിയുടെ നേരേ പാഞ്ഞടുത്തു. വീണ്ടും വെട്ടം അണഞ്ഞു. അയാൾ കലിയടങ്ങാതെ പിറുപിറുത്തു കൊണ്ട് അകവും പുറവും ചുറ്റി നടക്കുകയാണ്.

പേടിച്ച് വിറച്ച മക്കളെയും ,അമ്മയെയും കൂട്ടി രാജി ഉമ്മറകോലായിൽ ഇരുന്നു. ചിറകൊടിഞ്ഞ കിനാക്കളുടെ ബലികുടീരങ്ങളിൽ ഇരുന്ന് കണ്ണുനീർ പൊഴിച്ചിരുന്ന അവളെ അയലത്തെ ഇത്ത ചേർത്തു നിറുത്തി. അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. പിന്നീടങ്ങോട്ട് മിക്ക രാത്രികളിലും ആ വീട്ടിലെ അഭയാർത്ഥികളായിരുന്നു രാജിയും കുടുംബവും.

അവിവാഹിതനായിരുന്ന രാമു, രാജിയുടെ ഇളയ സഹോദരനായിരുന്നു. ഭർത്താവ് മരണപെട്ടതോടെ രാജി മൂന്ന് പെൺമക്കളെയും കൂട്ടി അമ്മയ്ക്കും സഹോദരനോടും ഒപ്പമായിരുന്നു താമസം. മൂത്തവളായിരുന്നു മീര.

രാവന്തിയോളം അദ്ധ്വാനിച്ച് കിട്ടിയിരുന്ന പൈസ കൊണ്ട് വീട്ടു സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നതു രാമു ആയിരുന്നു.എങ്കിലും ആൽക്കഹോളിന്റെ ഉപയോഗം പതിവാക്കിയപ്പോൾ അവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നു. തികച്ചും ഭ്രാന്തമായ സമീപനമാണ് അവനിൽ നിന്ന് അവർക്ക് ഏൽക്കേണ്ടി വന്നത്.

മക്കളെ സ്കൂളിലയച്ചതിന് ശേഷം അടുത്തുള്ള തയ്യൽക്കടയിൽ ജോലിക്ക് പോയിരുന്നു രാജി.വൈകുന്നേരം മകളോടൊത്ത് വീട്ടിലെത്തിയാൽ രാമുവിന്റെ കലാപരിപാടികൾക്കു തുടക്കമായിട്ടുണ്ടാവും.

കാറ്റില്ലെങ്കിൽ കൂടി ചലിച്ചു കൊണ്ടിരിക്കുന്ന ആലില പോലെ അസ്വസ്ഥമായിരുന്നു മീരയുടെ മനസ്.ക്ലാസിൽ ഗുരുനാഥന്മാർ പറഞ്ഞു തന്നിരുന്ന എഴുത്തോ വായനയോ ഒന്നും അവൾക്ക് വീട്ടിൽ നിന്ന് ചെയ്യാനായില്ല.

വീട്ടു സാധനങ്ങൾ തച്ചുടക്കുന്നതിനൊടൊപ്പം തങ്ങളുടെ കളിപ്പാട്ടങ്ങളും നശിപ്പിച്ച രാമുവിനെ ഭയത്തോടെയും വെറുപ്പോടെയും അല്ലാതെ കാണുവാൻ ആ കുരുന്നുകൾക്കായില്ല.

‘ന്റെ മോനേ വെറുക്കല്ലേ മക്കളെ ഓൻ സുബോധത്താലല്ല ഇങ്ങനൊക്കെ’

എന്ന് പറഞ്ഞിരുന്ന അമ്മൂമയുടെ വാക്കുകൾക്കും അപ്പുറമായിരുന്നു രാമുവിന്റെ ഓരോ ദിവസവും.

ദിവസങ്ങൾ കടന്നു പോകുന്തോറും രാമുവിന്റെ ശൗര്യവും കൂടി കൂടി വന്നു. കലാപരിപാടികൾ ഒരു പതിവായി മാറി. ശപിക്കപെട്ട നാളുകളായിരുന്നു ഓരോന്നും. നീളൻ വടിയും വീശി അകവും പുറവും ചുറ്റി നടക്കുകയും ചീത്ത വിളിയും കൂടി ആയപ്പോൾ ആരും തന്നെ ആ ഭാഗത്തേക്ക് വരാതെയും ആയി.

ഭീഷണിയെയും ചീത്ത വിളിയെയും ഭയന്ന് ഇത്തയുടെ വീട്ടിലെ രാത്രി കാല അഭയവും എന്നേന്നേക്കുമായി ഇല്ലാതായതോടെ ഉമ്മറക്കോലയിലാക്കേണ്ടി വന്നു അവരുടെ കിടപ്പറ.

തൂവലിന്റെ ചൂടിനുള്ളിൽ മക്കളെ ചേർത്തു നിറുത്തുന്ന തള്ളക്കോഴിയെ പോലെ മക്കളെ നെഞ്ചോട് ചേർത്ത് രാവുകളോരോന്നും തള്ളി നീക്കി.

നിലത്ത് അമ്മ വിരിച്ചിരുന്ന പഴന്തുണിയിൽ അമ്മൂമ്മയെയും സഹോദരിമാരെയും തന്നെയും കിടത്തി ഉറങ്ങാതെ നേരം പുലർത്തിയിരുന്ന അമ്മയെ ഓർത്ത് ഓരോ രാവും വിഷാദത്തിന്റെ ഒരു കടൽ അവളിലും ആർത്തു മറിയുന്നുണ്ടായിരുന്നു.

തോരാതെ പെയ്യുന്ന മഴയിലും മഞ്ഞ് പെയ്യുന്ന രാവുകളിലും മാതൃത്വത്തിന്റെ അടക്കിയാലടങ്ങാത്ത അന്തർദാഹത്തോടെ കാവലിരിക്കുകയായിരുന്നു രാജി.

അന്ന് പതിവിലും നേരത്തെ തന്നെ രാമുവിന്റെ കലാപരിപാടികൾക്ക് തുടക്കമായി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ മീര അകത്തേക്ക് കയറാൻ തുടങ്ങവേ ആയിരുന്നു രാമു വീശി നടന്നിരുന്ന നീളൻ വടി ശക്തമായി അവളുടെ മൂക്കിനടിച്ചത്.

രക്തസ്രാവം കണ്ട് ഭയന്ന രാജിയും മക്കളും നിലവിളിച്ചപ്പോൾ ഓടിക്കൂടിയവരിൽ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. രക്തസ്രാവം നിൽക്കാതെ ആയപ്പോൾ അന്നവിടെ നിൽക്കേണ്ടതായും വന്നു.

ഈ സമയം വീട്ടിൽ തനിച്ചായിരുന്നു രാമു. രാത്രിയുടെ ഏതോ യാമത്തിൽ സുബോധം തിരിച്ചുകിട്ടിയപ്പോൾ ആരിൽ നിന്നോ താൻ ചെയ്ത അപരാധത്തിന്റെ, പാവത്തിന്റെ ആഴം തിരിച്ചറിഞ്ഞ കുറ്റബോധം കൊണ്ടാവണം എല്ലാ മനസിലും മായാത്ത ചോരക്കറ വിതച്ച് വീട്ടിന്റെ തെക്കേമുറിയിലെ കഴുക്കോലിൽ ഒരു മുളങ്കയറിൽ തൂങ്ങിയാടിയത്.

ആശുപത്രി വിട്ട് വീട്ടിലെത്തിയവരെ വരവേറ്റത് അനന്തതയിലേക്ക് സ്വയം മറഞ്ഞ രാമുവിന്റെ ഓർമ്മകളായിരുന്നു.

ഒരു പക്ഷെ ഇരുണ്ട ജീവിതത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ആ കറുത്ത തീരത്തിലെ കാഴ്ചക്കാരനെ പോലെ കാലം തെളിയിച്ച വെട്ടമായിരിക്കാം.

ബേബിസബിന

By ivayana