രചന : പ്രകാശ് പോളശ്ശേരി.
ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽ
ചെന്നുപതിച്ചുപ്രളയമാകുമിനി
ആർത്തലച്ചാഴി തിരമാലകൾ പൊക്കി
തന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും
വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾ
ഇട്ടു നിരത്തി കെട്ടിടം കെട്ടിയും
തട്ടുതട്ടായി നിന്നൊരു ഭൂമിയെ
തട്ടിനിരത്തി മൈതാനമാക്കിയും
കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെ
പ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലും
ഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾ
ഇല്ല ഇനിപ്പെയ്ത്തു വെള്ളം പിടിക്കുവാൻ
ഇങ്ങോട്ടു കേറിയ ഉപ്പുവെള്ളമൊരിക്കലും
തുള്ളി പോലുമുതകില്ല ദാഹം ശമിപ്പിക്കാൻ
തൊള്ള വരണ്ടു വിങ്ങി തുടങ്ങുമ്പോൾ
താങ്ങായി വന്നിടും കുപ്പിയിൽ വെള്ളവും
കൂടെപ്പോന്നോരു കുപ്പിയെ പിന്നെന്തു
കാട്ടും അറിയില്ല ചൊല്ലുമോ നാട്ടാരെ
അങ്ങിങ്ങു ചിതറി ഭൂമിയെക്കൊല്ലുന്ന
ഇന്നിൻ്റെ കാഴ്ചകൾ കഠോരം തന്നെയും
പിരിയാത്തൊരഴലായി ഇന്നിൻ്റെ രീതികൾ
എണ്ണിയെണ്ണിപ്പറഞ്ഞങ്ങു പോകുമ്പോൾ
മണ്ണിൽ വാരിയെറിഞ്ഞ സ്വപ്നങ്ങളെ
വിണ്ണിൽ നോക്കി വെള്ളമിറക്കിടാം
വെള്ളിമേഘങ്ങൾക്കിടയിലായിന്ന്
വിതുമ്പിപ്പായുന്ന കാർമേഘക്കൂട്ടമേ
പൊട്ടിക്കരയാൻ നിങ്ങൾക്കാവില്ലെ
പൊട്ടിക്കരയണോ ഞങ്ങൾ ഭൂവിലും.