രചന : ജെയിൻ ജെയിംസ്*

മുത്തശ്ശൻ മരമായിരുന്നു
പഴഞ്ചൊല്ലുകൾ നിറയും
ശക്ത ശാസനകളാൽ
കുടുംബത്തിന്റെ അസ്ഥിവാരം
വരെയെത്തി വാത്സല്യനിറവോടെ
പൊതിഞ്ഞ് സൂക്ഷിച്ച ആൽമരം
ഉമ്മറക്കോലായിലിരുന്ന്
ഒറ്റനോട്ട നിരീക്ഷണത്താൽ
വീടകമ്പുറം
സുരക്ഷയൊരുക്കിയിരുന്ന
കാവൽമരം
മുത്തശ്ശി അതിന്റെ വേരും
വയസറിയിച്ച
അറിവില്ലാ ചെറുമകളുടെ
മനസ് വരെ പടർന്നു ചെന്ന്
ചോദ്യങ്ങളില്ലാതെയവളെ
വായിച്ചറിഞ്ഞ്… കരുതലുകളാൽ
അവൾപ്പോലുമറിയാതെയവളിൽ
അപമാനത്തിന്റെ കറ വീഴാതെ കൂട്ടുകാരിയെപ്പോലെ കാത്ത
ഉൾക്കാഴ്ച്ചയുടെ വേര്…
കൗമാരത്തിൽ
ലക്ഷ്യംത്തെറ്റിപ്പറക്കുവാൻ
വെമ്പുന്ന ചെറുമകന്റെയുള്ളിലെ
ചോരത്തിളപ്പിൻ കളകളേ
ചുവടോടെ പിഴുതുമാറ്റി
അവിടെ നന്മയുടെ വിത്തുകൾ
പാകി മുളപ്പിച്ചിരുന്ന സ്നേഹവേര്
ഇന്നുകളിൽ
സമൃദ്ധികൾക്ക് നടുവിലും
വേരുകൾ നഷ്ടമായ
അണുകുടുംബങ്ങളിലെ
അശാന്തിയുടെ കാരണങ്ങൾ തേടിയലയുന്നവരുടെ
യാത്രകൾ ചെന്നവസാനിക്കുക
വൃദ്ധസദന മുറ്റങ്ങളിലായിരിക്കും.


.

ജെയിൻ ജെയിംസ്

By ivayana