രചന : അനില്‍ പി ശിവശക്തി*

മദനസുരഭില മൗനകുസുമമേ
വദനസുസ്മിത മൗനാനുരാഗമേ
നീരദകുമുദ കല്ലോല വീണയില്‍
വേപദുമൂളുന്ന പ്രണയശലഭം ഞാന്‍ .

അധരയുഗ്മം അരുണരേണു ശോഭിതം
അണയും രജനീ നിറമൊത്തകൂന്തലും
മിഴിയിണ ഇളകിയാടുമിളമാനിന്‍ –
മൗന ശൃംഗാരാ കേദാരരൗദ്രവും.

ചെമ്പകമലരിന്‍നിറ ഗാത്രം
ചന്ദ്രശോഭിതം പാലൊളിതൂവി
മുല്ലമൊട്ടിന്‍സുഗന്ധപവനന്‍
മെല്ലെത്തഴുകി നിന്‍ അംഗസൗഭാഗ്യം .

ഉദിര്‍ക്കുകപുഞ്ചിരി മമ ഹൃദയ
ഭ്രമരം മധുനുകരാന്‍ നിന്‍ ചാരെ
ചുരത്തുക പ്രണയസൗരഭ്യം
തകര്‍ക്കരുതോമലെ
എന്‍ ഹൃദയവിപഞ്ചിക .
കാറ്നീങ്ങി മഴക്കിനാവുകള്‍ കാറ്റിന്‍ –
കരങ്ങളില്‍ സ്മൃതി തേടിയലയുന്നു.
മഞ്ഞുതുള്ളി കുളിരാല്‍ കണ്‍ചിമ്മി
ഉദിക്കുമര്‍ക്കനെ തേടിത്തളര്‍ന്നു ..

ഓര്‍മ്മകള്‍ നിന്‍ വീഥിയില്‍
കൊഴിഞ്ഞദല വേദന ശീല്ക്കാരരവം .
സിര നിറഞ്ഞൊഴുകുമീ നിളാ
സലിലരേണുവാകെ നിന്‍ വശ്യരൂപം .

കന്മദംകുറുകും ശിലാഹൃദയദുഃഖം
അഗ്നികാച്ചിയ അർക്കതേജസിന്‍
ശരംതറച്ച് ശൈലസുധാ മോഹം
പേറുമെൻ മാനസംകവര്‍ന്നു നീ .
ഋതുസംഗമ ചക്രവാളസീമ ചൂടും
ശുഭ്രനക്ഷത്ര ശോഭിതമലരേ
ധരയിലൊരിറ്റ് ധൂളിയായി ഞാന്‍
നിന്‍ പദയുഗ്മ സ്പര്‍ശം തേടുന്നു .

ഒരു മാത്രയെങ്കിലുമൊരു കടാക്ഷമേകി
ഒരു സൗരവര്‍ഷ നനവ്ചാര്‍ത്തി
തപിക്കുമെന്‍ ഹൃദയവാടിയിലൊരു
പുതുപ്രണയ വസന്തമായി വരിക നീ.

അനില്‍ പി ശിവശക്തി

By ivayana