Kala Bhaskar*
ഇഷ്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എത്രയോ വ്യക്തിപരമാണ് ആശയവും അതിന്റെ നടത്തിപ്പും എല്ലാം എന്നോർക്കുമ്പോൾ ഒരു ചലച്ചിത്രത്തിനും അവലോകനം എഴുതാൻ സാധിക്കാറില്ല.
ചില സിനിമകൾ മുന്നോട്ട് വയ്ക്കുന്ന വിപരീതാർത്ഥങ്ങളെ കാണാതെ ,
പുറംചട്ടയുടെ നിറച്ചാർത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ / ലോ … ലതൂടെ നോക്കണേ എന്ന് സ്വാതന്ത്ര്യമുള്ള ആരുടെയെങ്കിലും പോസ്റ്റിന്റെ താഴെപ്പോയി കമന്റിൽ പറഞ്ഞിട്ടുള്ളതല്ലാതെ, അങ്ങനെ
ഒരു വിശകലനം എഴുതാൻ ഉള്ള അർഹതയില്ല എന്ന് തന്നെ കരുതുന്നു.
എങ്കിലും ആദ്യ കാഴ്ചയിലേക്കാൾ, ചില സിനിമകൾ പിന്നീട് ചിന്തിപ്പിക്കുമ്പോൾ അതിനെ പറ്റി രണ്ടു വരി എഴുതാതെ എങ്ങനെ എന്നും
ഒരു ഒര് … തോന്നൽ വരും.
അതും , ആ സിനിമ കണ്ടോ എങ്ങനെയുണ്ട് …? എന്ന ചോദ്യത്തിന്, ‘ഓ… കുഴപ്പമില്ല / ശരാശരി / just ok …..ഇങ്ങനെയൊക്കെ മറുപടി പറഞ്ഞതാണെങ്കിൽ പ്രത്യേകിച്ചും !
അങ്ങനെ പറയിപ്പിച്ച സിനിമയായിരുന്നു
ഇരുൾ.. സ്ക്രിപ്റ്റ് / ഡിറക്ഷൻ/ ഡി ഓ പി / ഒന്നിലും തലനാരിഴ കീറി അഭിപ്രായം പറയാനുള്ള വിവരം എനിക്കില്ല. സിനിമ ടോട്ടാലിറ്റിയിൽ ഉണ്ടാക്കുന്ന ഫീൽ, സംഗീതം, ആലാപനം,കഥാപാത്രങ്ങൾ/തെരഞ്ഞെടുത്ത അഭിനേതാക്കൾ , അവരുടെ അഭിനയം,
ചില ബ്രില്യൻറ് സീൻസ്
ഇങ്ങനെ ജനസാമാന്യം അഭിരമിക്കുന്ന മേഖലകളേ എനിക്കും പറ്റൂ.😔
അത് ഓരോന്നായിട്ട് പറയാം.
ഫീൽ , ഭയം ജനിപ്പിക്കുന്ന / എന്നാൽ ജിജ്ഞാസയുളവാക്കുന്ന ത്രിൽ .. മാത്രമാണ് !
ആദ്യമായി കാണുന്നവരിൽ അപ്പടി ഉൽക്കണ്ഠയുണ്ടാക്കുന്ന എന്തോ ഒന്ന് ആ ചിത്രത്തിൽ ഉടനീളമുണ്ട്. എന്നാൽ അധികം മലയാളം ത്രില്ലറുകളിൽ കാണാത്ത മാതിരി ആ ആകാംക്ഷയെ / ജിജ്ഞാസയെ ഒരു ഇഷ്ടക്കേടോടെ / മടുപ്പോടെ എന്നാൽ നിർത്താനുമാവാതെ നമുക്ക് ( 🙄എനിക്ക് ) പിന്തുടരേണ്ടിവരുന്ന ഒരവസ്ഥയും അതിൽ തന്നെയുണ്ട് .!(വേണമായിരുന്നോ എന്ന് പിന്നീട് ചിന്തിപ്പിച്ചേക്കാവുന്ന കൊലപാതകങ്ങളെ പോലെ, എനിക്കെന്തിന്റെ കേടായിരുന്നു എന്ന് പരേതാത്മാക്കളെ കൊണ്ട് ചിന്തിപ്പിക്കുന്ന ആത്മഹത്യയെപ്പോലെ😉)
സ്ക്രിപ്റ്റിനെക്കുറിച്ചു പറഞ്ഞാൽ ,അതിലെ ബ്രില്യൻസ് ആശയവും അതിന്റെ പുതുമയും തന്നെ ആണ് . ഏത് സീരിയൽ കില്ലർ മൂവിയിലും അയാളുടെ കൊലപാതക ത്വരയെ അപഗ്രഥിക്കുന്ന / ന്യായീകരിക്കുന്ന വിധത്തിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാവും. Joker, അഞ്ചാം പാതിര, രാക്ഷസൻ മുതലായ നിരവധി സമീപകാല ഹിറ്റുകൾ ഉൾപ്പെടെ എത്രയോ ഉദാഹരണങ്ങൾ !. ഇവിടെ അതില്ല; എന്നു മാത്രമല്ല ,എന്തിനയാൾ കൊല്ലുന്നു എന്നറിയണമെന്നാഗ്രഹിക്കാത്ത തരം
ഒരു മാനസികനില നമ്മളറിയാതെ ഉണ്ടാക്കുന്നുണ്ട് ആ സ്ക്രിപ്റ്റ് .
കാരണം, മിനിമം ഒരു പ്രാവശ്യമെങ്കിലും കൊല്ലാനോ ചാവാനോ തയ്യാറാകുന്ന അവസ്ഥയിലേക്ക് പ്രേക്ഷകരെ പ്രതിനിധീകരിക്കുന്ന സൗബിന്റെയും ദർശനയുടെയും കഥാപാത്രങ്ങളോടൊപ്പം നമ്മളുമെത്തുന്നുണ്ട്എന്നതു തന്നെയാണ് .
ഉദാഹരണം പറഞ്ഞാൽ, പല പ്രാവശ്യം ദർശനക്ക് ഫോൺ കോളുകൾ വരുന്ന സമയങ്ങളിൽ പാടുപെട്ട് സൗബിൻ നിയന്ത്രിക്കുന്ന,ശാന്തതയുടെ മുഖംമൂടിക്കുള്ളിൽ ഒളിപ്പിക്കുന്ന ദേഷ്യം ,
ഒരു പീക്കിൽ കൊലപാതക വെറിയിൽ എത്തുന്നുണ്ട്. പിന്നീട് ദർശനയിലേക്കോ ഫഹദിലേക്കോ ഒക്കെ അത് ചെന്നെത്തുകയും അഗ്‌നി പർവ്വതമാവുകയും ചെയ്യുന്നുണ്ട്. ദർശനയിൽ ,ആ വീക്കെൻഡ് യാത്രയുടെ
കൺസപ്റ്റ് തന്നെ ‘ ഫോൺ ഫ്രീ ഡേയ്സ് ‘ എന്ന് സൗബിന്റെ നിർബന്ധത്തിൽ തുടങ്ങി അവളുടെ കൂടി ആഗ്രഹമായി തീർന്ന ഒരു ഒന്നാവലാണ്.
അതിൽ അയാൾ തന്നെ വെള്ളം ചേർത്ത് , തന്നോടു കാണിച്ച വഞ്ചന, അവളുടെ സകലമാന വിശ്വാസങ്ങളെയും ആത്മവിശ്വാസത്തെയും തകർക്കുന്നുണ്ട്. കൊല്ലപ്പെട്ടാലതും ഭേദം എന്നു കരുതുന്നിടത്തോളം അവൾ അന്നേരം
തകർന്നു പോകുന്നുണ്ട്. !
കണ്ടിരിക്കുന്ന മനുഷ്യർക്ക് ആവട്ടെ , അവർ 3 പേരും പരസ്പരം തർക്കിക്കുന്ന സീനിൽ, ആരെയെങ്കിലും തട്ടിക്കളയാൻ ഒരു നിമിഷമെങ്കിലും തോന്നുകയും ചെയ്യും. ഒച്ചയും ബഹളവും, മാത്രമല്ല, ആ ക്രൈസിസ് മോമന്റിൽ, സൗബിന്റെ ആക്രോശങ്ങളും , ഉത്തരങ്ങളായി വരുന്ന ഫഹദിന്റെ നെല്ലിട നിർത്താതുള്ള ന്യായീകരണങ്ങളും നുണകളും, ഇതിനിടയിൽ കേറി ഇടപെട്ട് എല്ലാം കുളമാക്കുന്ന / സ്വസ്ഥത തരാത്തതെന്ന് പറയാറുള്ള സ്ത്രീത്വത്തെ സൂചിപ്പിക്കും വിധമുള്ള ദർശനയുടെ സ്വൈരം കെടുത്തുന്ന ഒച്ചയിലുള്ള ചോദ്യങ്ങളും ആ സീനിനെ മോസ്റ്റ് ബ്രില്യന്റാക്കുന്നുണ്ട് .
(എന്റെ കണ്ണിൽ🧐).
ആരെയെങ്കിലും എപ്പോഴെങ്കിലും കൊല്ലാൻ തോന്നിയിട്ടില്ലാത്ത ഒരാളുമില്ല മനുഷ്യരിൽ എന്ന തിരിച്ചറിവ് …. അതാണ് തിരിച്ചറിയാത്ത ഒരസ്വസ്ഥതയായി പ്രേക്ഷകന്റെ
ഉള്ളിൽ പടരുന്നതും.
തോരാത്ത മഴയുടെ പശ്ചാത്തല സംഗീതം പ്രണയത്തിനും രതിക്കും നൊസ്റ്റാൾജിയകൾക്കും മാത്രമല്ല, പ്രതികാരത്തിനും പകയ്ക്കും കൗശലങ്ങൾക്കും ആത്മവഞ്ചനക്കും ഒക്കെ എത്രമാത്രമിണങ്ങുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു പോയി ! ഇതൊക്കെ അത്രമാത്രം പരസ്പര പൂരകമാണോ ?
സ്ക്രീനിലെ മിന്നൽവെളിച്ചങ്ങളുടെ ബാക്കിയായി പലപ്പൊഴും എന്റെ നെഞ്ചിൽ ഇടി കുടുങ്ങി !
എന്റെ ഒരു ഇഷ്ടനിറമായ Sage green നിറമുള്ള ഭിത്തികൾ ലൈറ്റണയുന്ന നിമിഷം മുതൽ Savage Green ആവുന്നത് കണ്ടിരിക്കാനായില്ല😞. Sage എന്ന വാക്കിന്റെ വിശുദ്ധത Savage ലെ അക്രമമായി വേഷം മാറാൻ ::എത്ര കുറച്ചു നേരം …ഇത്തിരി ഇരുട്ടിന്റെ മറ മാത്രം മതി എന്നോർത്തു പോയി😔😔 !
അഭിനേതാക്കളുടെ കാര്യത്തിൽ മറ്റൊരു ചോയിസില്ല . അഭിനയവും അമ്മാതിരി തന്നെ.
സൗബിൻ വേണമായിരുന്നോ എന്ന് ചോദിക്കുന്നവരോട് ,ദർശനയെ പോലെ ഒരു കുട്ടിക്ക് പ്രേമം തോന്നാൻ , ആ രൂപം പോരാ , അത്ര ചേർച്ചയില്ല എന്ന നിങ്ങളുടെ മുൻ ധാരണയാണ് പ്രശ്നമാവുന്നത് എന്നേ പറയാനുള്ളൂ. അണ്ടർസ്റ്റാൻഡിങ്ങ് ഉള്ളവർ
എന്ന് തോന്നിപ്പിക്കുന്ന മനുഷ്യർ അവരുടെ ഉള്ളിലെ അസ്വസ്ഥതകൾ / കോപം പ്രകടിപ്പിക്കാതിരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ minute detailing സൗബിൻ നിശബ്ദമായി വരച്ച് വെയ്ക്കുന്നു. എന്നാലോ പൊട്ടിച്ചിതറിക്കഴിഞ്ഞ്, അത് ഒളിപ്പിക്കാൻ ഒരു തരി പോലും അയാൾക്ക് കഴിയുന്നുമില്ല; അല്ലെങ്കിൽ ശ്രമിക്കുന്നുമില്ല.
സ്വന്തം ഐഡിയയിൽ പോലും വെള്ളം ചേർത്ത് വിളമ്പുന്ന , സകല പണികളും പാളിപ്പോവുന്ന അയാളുടെ അനിതര സാധാരണത്വത്തിൽ നിന്ന് നിങ്ങൾക്ക് തീർച്ചയായും നിങ്ങളെ വായിച്ചെടുക്കാനാവും.💚💚
ദർശന:
ആ വക്കീൽ പെൺകുട്ടിക്ക് തികച്ചും അനുയോജ്യ തന്നെ .
അല്ല; ഒരു പക്ഷെ ആ കഥാപാത്രത്തിന് ഏത് സ്ത്രീ രൂപവും യോജിച്ചേക്കും.
അഭിനയം അത്രകണ്ട് ആവശ്യമില്ലാത്ത
സ്ത്രീ കഥാപാത്രമാണത്.
തന്റെ തിരക്കിൽ അസ്വസ്ഥനാവുന്ന കാമുകന്റെ അസഹിഷ്ണുതയെ സ്നേഹമായി കാണുന്ന, ഞാൻ വായിച്ചില്ല നിന്റെ എഴുത്ത് എന്ന് എല്ലായ്പോഴും നേരാവാൻ നോക്കുന്ന, അയാളെയും വായിച്ചിട്ടില്ല എന്നത് മറന്നു പോവുന്ന, നീയും ഞാനും മാത്രം എന്ന അയാളുടെ വാഗ്ദാനത്തിലേക്ക് കണ്ണും പൂട്ടിയിറങ്ങുന്ന, വാഗ്ദത്ത ഭൂമിയുടെ കവാടത്തിൽ സ്വന്തം കാൽ കുടുങ്ങി പോകുന്ന , കലഹങ്ങളെല്ലാം കരച്ചിലും ഒച്ചപ്പാടുമായവസാനിക്കുന്ന, ഏത് തെരഞ്ഞെടുപ്പിന്റെ ഒടുക്കവും ബലിമൃഗവും രക്തസാക്ഷിയാവുന്ന ഏതൊരു സ്ത്രീയുമാണവൾ !❤️❤️
ഫഹദ് : കണ്ണു കൊണ്ടും ചിരി കൊണ്ടും, ദുർബലമെന്ന് തോന്നിപ്പിക്കുന്ന ശരീരം കൊണ്ടുപോലും അഭിനയിക്കാനറിയാവുന്ന ആ നടന്റെ കൈകളിൽ ആ റോൾ ഭദ്രമാണ് .
എങ്കിലും …. തൊണ്ടിമുതലിലെ കള്ളൻ മുതൽ സൈക്കോ ഷമ്മിയും ട്രാൻസിലെ പാസ്റ്ററും , പ്രകാശനും , എന്തിന് മിൽമയുടെ പരസ്യത്തിലെ പ്രതിയെ വരെ ആ കഥാപാത്രത്തിൽ ഓർമ്മിച്ചു.
ആവർത്തന വിരസതയിൽ അയാളും ഞാനും കുടുങ്ങിപ്പോകുമോ എന്ന് ഭയന്നു.
എന്നാൽ ദർശനയുടെ പിന്നിൽ നിന്ന് സ്ക്രീനിലേക്ക് അയാളുടെ മുഖമെത്തുന്ന നേരത്ത് ‘അത് ഞാനായിരുന്നു ‘ എന്ന വാചകത്തിൽ , ഒളിപ്പിച്ചു വെച്ച ചിരിയിൽ അയാൾ വീണ്ടും പുതിയൊരാൾ ആയി.💜💜
ഭയത്തിനപ്പുറം, ഒരാംകാക്ഷയുടെ /ജിജ്ഞാസയുടെ പേരിൽ വിനോദത്തിനായി ഒരാളെ കൊല്ലുവാൻ സാധാരണക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാൾക്ക് കഴിഞ്ഞേക്കും … എന്ന സിനിമയുടെ ചൂണ്ടിക്കാട്ടലാണ് ഇതെഴുതിപ്പിക്കുന്നത്.
ഹോളിവുഡ് / കൊറിയൻ സിനിമകളിലേ അങ്ങനെയുണ്ടാവൂ എന്നാലോചിക്കുമ്പോളാണ് , നമുക്കിടയിൽ തന്നെ നിരന്തരമത് നടക്കുന്നല്ലോ ശാരീരികമായിട്ടല്ല എങ്കിൽക്കൂടിയും എന്ന ചിന്തയുണ്ടാവുന്നത്.
പലതരം മനുഷ്യരെ, പല തരം സ്നേഹങ്ങൾ കൊണ്ട് തൊട്ട് , ചേർത്തുപിടിച്ച് ,കൂടെക്കൂട്ടി കൂട്ടിരുന്നിട്ട് മുറിവേൽപ്പിച്ച് ഇറങ്ങിപ്പോകുന്ന / ഇറക്കിവിടുന്ന മനുഷ്യരെ അറിയില്ലേ ? വൈകാരികമായ ഈ കൊലപാതകങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതും , വെറും കൗതുകവും ജിജ്ഞാസയുമല്ലേ ? മനുഷ്യരിലെത്തിച്ചേരാനുള്ള പലതരം വഴികൾ, അതിലെ സാഹസികത, ഓരോരുത്തരിലും ആഴം കൂട്ടാൻ കിട്ടുന്ന /കണ്ടെടുക്കേണ്ട ഓരോ തരം മുറിവുകൾ, പ്രതിഷേധങ്ങളും നിലവിളികളും ഞരക്കങ്ങളും എത്രയോ വ്യത്യസ്തം !
അത് നൽകുന്ന ആനന്ദം മാത്രമാകുമോ ആ വൈകാരിക കൊലപാതകങ്ങളുടെ ആത്യന്തിക ലക്ഷ്യം ?ചോര വാർന്ന് , കണ്ണുകളടയുമ്പോൾ അവർ ഇരകൾക്കായി മൂളുന്ന താരാട്ടുകളും വെവ്വേറെയാവുമോ ; അറിയില്ല.!😓
ചിലപ്പോഴെങ്കിലും അവർ ആത്മഹത്യ ചെയ്യുകയുമാവും; സ്നേഹത്തെക്കൊന്ന്, വിശ്വാസത്തെക്കൊന്ന്, ഉറ്റുനോക്കിയിരിക്കുന്നവരുടെ ഉള്ളിൽ തീയായി നിലനിന്നിരുന്ന മനുഷ്യൻ സ്വയം തീ കൊളുത്തുകയാണ്. പൊള്ളലേറ്റ മനസ്സുകൾ ഒടുവിൽ
വെന്ത് വെന്ത് ഇല്ലാതാവും ! അല്ലെങ്കിൽ വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും തൊടാൻ കഴിയാത്ത ജീവച്ഛവങ്ങളാവും !
അവൾ / അയാളെന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, എന്നോ , അവൾ / അവന്റെ ലൈഫിൽ ഞാൻ മാത്രമായിരുന്നെങ്കിൽ എന്നോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ള മനുഷ്യർക്ക് ഫഹദ് സ്വയം കല്പിക്കുന്ന ‘ഉണ്ണി ‘ എന്നതു പോലൊരോമനപ്പേരിൽ ഒളിച്ചിരിക്കുകയാണ് തങ്ങൾ എന്ന് സ്വയം ബോധ്യപ്പെടേണ്ടതാണ്!