പാടട്ടെഞാനിനി, കുന്തി നിനയ്ക്കായി
എഴുതട്ടെഞാനെന്റെ കരളിന്റെ നോവുകൾ

കനവിന്‍റെ ഉറവിടം തേടിയൊരുനാള്‍
പതിരിന്‍റെ പാഴ് വാക്കു തേടി
നിനവിന്‍റെ തീരത്തു കണ്ടു ഞാന്‍,
പ്രാണന്‍ പിടയുന്ന നിന്നെ
ഒഴുകാന്‍ കൊതിക്കുന്ന പുഴയെ.

ഒരു ദ്വാപരയുഗ സന്ധ്യയിലന്നു
കണ്ണീരൊഴുക്കി ഒരമ്മ
തമ്മളില്‍ തല്ലുന്ന മക്കളെ കണ്ടു
ബോധം മറഞ്ഞൊരു നാളില്‍.
മിഴിനീരില്‍ കുതിര്‍ന്ന കവിളില്‍
നിന്നിറ്റു വീണൊരു തുള്ളിതൻ
നോവില്‍ പിറന്നൊരരുവി നീ കുന്തി .

കുന്തി, നിന്നെ ഞാനറിയുന്നു
നീ നിറഞ്ഞാടിയ മലമേടുകള്‍
നീ നിറഞ്ഞൊഴുകിയ താഴ് വരകൾ
നിന്നില്‍ മദിക്കുന്ന പുളകങ്ങള്‍ കണ്ടു
നിന്നില്‍ വിരിയുന്ന സ്വപ്നങ്ങളും.

അമ്മയെന്നു, നിന്നെ പുകഴ്ത്തുന്ന നാവുകള്‍
നിന്നെ പൂജിക്കും മനസ്സുകള്‍
നിന്നില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍
നിന്നില്‍ അഭയങ്ങള്‍ തേടുന്ന ജന്മങ്ങളും.

മുന്‍ജന്മ സുകൃതങ്ങള്‍ ഇണയരയന്നമായി
നീന്തിത്തുടിക്കുന്ന കാഴ്ചകള്‍ കണ്ടു
കാടിന്‍റെ മക്കള്‍ക്കു അത്താണിയായി നീ
കാടിന്‍റെ വായ്‌ തരി ഉത്സവമേളമായി.

പണ്ടവര്‍ മണ്ണിന്‍റെ നാഥന്മാര്‍ പാണ്ഡവര്‍
അമ്മയുമൊന്നിച്ചു പാര്‍ത്ത വനാന്തരം
ആയമ്മതന്‍പേരില്‍ നീയറിഞ്ഞീടുന്നു
ആ കണ്ണുനീരിന്നു നീയും പൊഴിക്കുന്നു.

യുദ്ധം ജയിച്ചവരന്നു – വിശ്വൈക ജേതാക്കള്‍
കണ്ടില്ലൊരമ്മ തന്‍ നെഞ്ചിന്‍റെ വേദന,
നീറും മനസും നിറയും മിഴികളും
അമ്മതന്‍ നോവും ബാക്കി പത്രം.

കുന്തി, നിന്നെ ഞാനറിയുന്നു
രാജസദസ്സിലെ കൃഷ്ണയെപ്പോലിന്നു
നിന്നെ വിവസ്ത്രയാക്കുന്നിവര്‍,
നീലിച്ച ദേഹത്തു വീണ്ടുമീ കാട്ടാളര്‍
രതിസുഖസാര സങ്കീര്‍ത്തനം പാടുന്നു.

കരയുന്നു നിന്‍ മക്കള്‍ കേള്‍ക്കുവാനരുണ്ട്
മരിക്കുന്ന പുഴയുടെ ആത്മസംഗീതങ്ങള്‍.
കുന്തി അറിയുന്നു ഞാന്‍ നിന്നെ
നിന്‍നോവിനെ, ഒഴുകാന്‍ തുടിക്കും മനസ്സിനെ.

By ivayana