Vijith Ithiparambil.
സാധാരണ വീടുകളിൽ, ഇലക്ട്രിസിറ്റി ബില്ല് കൂടുവാൻ കാരണക്കാരനായവരിൽ പ്രഥമസ്ഥാനീയനായ ഉപകരണം ഏതാണ് ? ഇസ്തിരിപ്പെട്ടി, ബൾബുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നൊക്കെയാകാം ഉത്തരങ്ങൾ.
എന്നാൽ ഇതൊന്നുമല്ല, ഫാനായിരിക്കും മെയിൻ വില്ലൻ എന്നതാണ് യാഥാർത്ഥ്യം ( AC ഇല്ലാത്ത വീടുകൾ).ഒരു ഫാൻ ഏകദേശം 70-80 വാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്. സാധാരണഗതിയിൽ 16 മണിക്കൂർ ഫാൻ കറങ്ങുന്നുവെങ്കിൽ ഒരു ദിവസം 1.2 യൂണിറ്റോളം വരുന്നു. എന്ന് വെച്ചാൽ, ഒരു ബില്ലിംഗ് സ്പാനിൽ 72 യൂണിറ്റോളം. അപ്പോൾ ഒന്നിൽക്കൂടുതൽ ഫാൻ ആണെങ്കിലോ.
ഇവിടെയാണ് BLDC ഫാനുകളുടെ പ്രാധാന്യം. ഫാൻ ടെക്നോളജി രംഗത്ത് പുതുതായി ( എന്ന് തീർത്ത് പറയുവാൻ സാധിക്കില്ല ) വന്ന സാങ്കേതികതയാണ് ഇത്. BLDC എന്നാൽ Brush Less DC എന്നർത്ഥം. ഇത്തരം ഫാനുകൾ പ്രവർത്തിക്കാൻ വളരെക്കുറച്ചു വൈദ്യുതി മാത്രമേ വേണ്ടി വരുന്നുള്ളൂ. ഏറ്റവും കുറവ് സ്പീഡിൽ വെറും 6 വാട്ടും ഫുൾസ്പീഡിൽ വെറും 28 വാട്ടും മാത്രം ഉപയോഗിക്കുന്ന ഇത്തരം ഫാനുകൾ, സാധാരണ ഫാനുകളെ അപേക്ഷിച്ച് 65% -ഓളം വൈദ്യുതി ലാഭിച്ചു തരുന്നു. സാധാരണ ഫാനുകൾ 72 യൂണിറ്റ് ഉപയോഗിക്കുന്നിടത്ത് ഈ ഫാന് 27 യൂണിറ്റേ വരുന്നുള്ളൂ ( For 60 days).
BLDC ഫാനുകൾ റിമോട്ടിൽ ആണ് വർക്ക് ചെയ്യുന്നത് എന്നതുകൊണ്ട് റെഗുലേറ്ററുകൾ ബൈപാസ് ചെയ്യണം. മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന അഡ്വാൻസ്ഡ് മോഡലുകളും വിപണിയിൽ ലഭ്യമാണ്. 2600 രൂപ മുതൽ ഇവയുടെ വില തുടങ്ങുന്നു. ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വെച്ച് കണക്കു കൂട്ടിയാൽ തന്നെ ഒരു വർഷത്തിനകം മുടക്കുമുതൽ നമുക്ക് തിരിച്ചുകിട്ടും.
മാത്രമല്ല മിക്ക കമ്പനികളും 3+ കൊല്ലം ഓൺസൈറ്റ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.മാസം 120 യൂണിറ്റിനുള്ളിൽ നിങ്ങൾക്ക് പിടിച്ചു നിർത്താൻ സാധിച്ചാൽ ഇലക്ട്രിസിറ്റി ബില്ലിൽ സബ്സിഡി കൂടി കിട്ടുമെന്നത്, മറ്റൊരു ബെനഫിറ്റ് കൂടി നമുക്ക് നൽകുന്നു.
പുതുതായി വീടുപണിത് ഫാൻ വെക്കുന്നവരും പഴയ ഫാൻ പലകാരണങ്ങളാൽ മാറ്റാൻ ഉദ്ദേശിക്കുന്നവരും ബിഎൽഡിസി ഫാൻ വാങ്ങുന്നതാണ് നല്ലത്. തീർച്ചയായും മെച്ചമുണ്ടാകും, ഖേദിക്കേണ്ടി വരില്ല.