കവിത : നിഷാദ് സെഹ്റാൻ*

വികലമായ എന്റെ ആശയങ്ങളും,
പിഴച്ചുപോയ എന്റെ മുൻധാരണകളും,
വ്യക്തതയില്ലാത്ത എന്റെ കാഴ്ച്ചപ്പാടുകളുമെല്ലാം മാറ്റിവെച്ച്
നിങ്ങളെ ഞാനൊരിക്കൽ
അഭിസംബോധന ചെയ്ത്
സംസാരിക്കും.

പ്രഭാഷണശേഷം വിരസതയോടെ
ആളുകൾ പിരിയുമ്പോൾ
നെടുങ്കൻപാത കീറിമുറിച്ച്
ഞാനവളുടെ വീട്ടിലേക്ക് നടക്കും.
വിസ്മയം നിറഞ്ഞ കണ്ണുകളോടെ
അവളെന്നെ സ്വീകരിക്കും.
ചുണ്ടുകളാൽ ഞാനവളുടെ
മുലക്കണ്ണുകൾ ദൃഢപ്പെടുത്തും.
നാവിൻതുമ്പിനാൽ അവളുടെ
യോനീദളങ്ങളിൽ കവിത രചിക്കും.
ഇരുപത്തഞ്ച് വർഷങ്ങളുടെ
അക്ഷമയൊരു സ്ഫോടനം
കണക്കെ അവളിലേക്ക് സ്ഖലിക്കും.
നേരം പുലരും മുൻപേ എനിക്കായൊരു
കുഞ്ഞിനെയവൾ പെറ്റിടും.

അവനെയുമെടുത്തു ഞാൻ മറവിരോഗം
ബാധിച്ച മക്കൊണ്ടയിലേക്ക് പോകും.
അവന് ഞാൻ ജോസ് ആർക്കേഡിയോ
ബുവേൻഡിയ എന്ന് നാമകരണം ചെയ്യും.
പതിനെട്ടാം വയസ്സിലവൻ
ജിപ്സിപ്പെണ്ണിനെ പ്രണയിച്ച്
ജിപ്സിക്കൂട്ടത്തോടൊപ്പം നാടുവിടും.
ഞാനുമെന്റെ ഏകാന്തതയും,
അവനെക്കാത്തിരിക്കും.
നൂറാമത്തെ വർഷം ക്ഷീണിച്ചുവിളർത്തൊരു
കിഴവനായവൻ വന്നാലുമില്ലെങ്കിലും
മക്കൊണ്ടയിൽ നിന്നും ഞാൻ
തിരിച്ചു നടക്കും.

ഗോതമ്പുവയലുകളിൽ തീപടരുന്നൊരു
ദിവസം വികലമായ എന്റെ ആശയങ്ങളും,
പിഴച്ചു പോയ എന്റെ മുൻധാരണകളും,
വ്യക്തതയില്ലാത്ത എന്റെ കാഴ്ച്ചപ്പാടുകളുമെല്ലാം മാറ്റിവെച്ച്
നിങ്ങളെ ഞാനൊരിക്കൽക്കൂടി
അഭിസംബോധന ചെയ്തു സംസാരിക്കും…

നിഷാദ് സെഹ്റാൻ

By ivayana