Sumod S*

ഉദൃാനപാലകന്‍(ഹരികുമാര്‍ -ലോഹിതദാസ് ) എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ സുധാകരന്‍ ഉറങ്ങുന്നതിനുമുന്‍പ് കട്ടിലിലിരുന്ന് കാല് പരസ്പരം തട്ടിക്കുടഞ്ഞ് വൃത്തിയാക്കുന്നത് കാണാം..അതത്ര വലിയ കാരൃമാണോ എന്ന് തോന്നിയ്ക്കും വിധം ലളിതമെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിന്റെ റിസള്‍ട്ടാണത്..

ഒരു കഥാപാത്രത്തെ, അയാളുടെ ജീവിതപരിസരത്തെ അഭിനേതാവ് സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്നതിന്റെ ലക്ഷണമാണത്.ഇംഗ്ളീഷ് മീഡിയം (പ്രദീപ് ചൊക്ളി -ശ്രീനിവാസന്‍ )എന്ന ശരാശരി സിനിമയില്‍ പോലും നെടുമുടി വേണു അവതരിപ്പിയ്ക്കുന്ന സ്കൂള്‍മാനേജര്‍ കഥാപാത്രം ചെരുപ്പ് ഉപയോഗിയ്ക്കുന്നത് ,അത് മറന്നു പോകുന്നത്,ഇടയ്ക്ക് ചെരുപ്പെടുത്ത് നടക്കുന്നത്…സ്ക്രിപ്റ്റിലെ വിശദീകരണങ്ങള്‍ക്കു പുറമേയ്ക്ക് ഒരു കഥാപാത്രത്തിന്റെ മാനറിസ്സങ്ങളുടെയും,പ്രോപ്പര്‍ട്ടിയുടേയും ഉപയോഗ സാധൃതകള്‍,വികാസങ്ങള്‍ നാം കണ്ട് വിസ്മയിച്ചതാണ്..

ചന്ദ്രലേഖയില്‍ എമ്പാടും അപ്പുക്കുട്ടന്റെ അസ്വസ്ഥതകള്‍ ,അമളികള്‍,കയ്യിലെ ഹെല്‍മെറ്റ് എന്ന പ്രോപ്പര്‍ട്ടി ഉപയോഗിച്ച് മോഹന്‍ലാല്‍ എന്ന എക്കാലത്തേയും മികച്ച അഭിനേതാവ് അവതരിപ്പിയ്ക്കുന്നു.ഉളഃളടക്കത്തിലെ ലാലിന്റെഡോക്ടര്‍ ഇടയ്ക്കിടെ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് തെരുപ്പിടിപ്പിയ്ക്കുന്നത് കാണാം..കിരീടത്തിന്റെ ക്ളെെമാക്സിലെ വിഖൃാതമായ ചൃൂയിംഗം ചവയെപറ്റി പറയേണ്ടതില്ലല്ലോ..

ഭൂതക്കണ്ണാടിയിലെ വിദൃാധരന്‍ പേപിടിച്ച ഒരു രാത്രിയ്ക്കുശേഷം മടക്കി വെച്ച കിടക്കയില്‍ ചാരിയിരുന്ന് ഉറങ്ങാതെ ഉറങ്ങുന്ന മുഹൂര്‍ത്തമുണ്ട്.തനിയ്ക്ക് പകരക്കാരനില്ലെന്ന് മമ്മൂട്ടി തെളിയിക്കുന്ന രംഗമാണത്..ദൃശൃത്തിലെ വരുണ്‍ പ്രഭാകറിന്റെ അച്ഛന്‍ പ്രഭാകറായ സിദ്ദിഖിന്റെ പ്രകടനം ..അയാളുടെ ഉള്ളുരുക്കങ്ങള്‍,ഒരല്പം കുനിഞ്ഞുള്ള നടത്തം,വേപഥു നിറഞ്ഞ ശരീരഭാഷ..ക്ളാസ്സിക് എന്നല്ലാതെ എന്തു വിളിയ്ക്കും..അമരത്തിലെ കെ പി എ സി ലളിത,മണിച്ചിത്രത്താഴിലെ ശോഭന,പൊന്മുട്ടയിടുന്ന താറാവിലെ ഉര്‍വ്വശി എന്നിവരുടെ പ്രകടനങ്ങള്‍ പാഠപുസ്തകങ്ങള്‍ തന്നെയാണ് .

ഇതങ്ങനെ പിന്നോട്ട് പോയാല്‍ ഒത്തിരി പറയാനുണ്ട്.പഞ്ചവടിപ്പാലത്തിലെ ഗോപിയാശ്ശാന്റെ ദുശ്ശാസനക്കുറുപ്പ്,തിലകന്‍ ചേട്ടന്റെ യവനികയിലെ നാടക മാനേജര്‍ ..തുടങ്ങി സതൃന്‍ സാറിന്റെ അനുഭവങ്ങള്‍ പാളിച്ചകളിലെ വിഖൃാതമായ ഷാപ്പ് സീന്‍ വരെ..പറഞ്ഞു വരുന്നത്,ഇതെല്ലാം ഇപ്പോള്‍ ഓര്‍ത്തു പോയത് ഫഹദ് ഫാസിലിന്റേയും സൗബിന്‍ ഷാഹിറിന്റേയും സമീപകാല പ്രകടനങ്ങള്‍ കണ്ട് നിരാശപ്പെട്ടാണ്..

ഒരേ എക്സ്പ്രഷനുകള്‍,ഡയലോഗ് ഡെലിവറികള്‍ ,ശരീരചലനങ്ങള്‍..ജോജിയിലും ,ട്രാന്‍സിലും,അതിരനിലും ഏറെക്കുറെ കുമ്പളങ്ങിയിലും ഒരേ മീറ്ററിലുള്ള ,കാരൃമായി ഹോം വര്‍ക്ക് ചെയ്യാത്ത ഫഹദിനെ കാണുന്നു.നിരാശപ്പെടുന്നു.ലോകനിലവാരത്തിലേയ്ക്ക് വളരാന്‍ കെല്‍പ്പുള്ള മുതലാണത്..സ്വയം കോപ്പിയടിച്ച് നശിയ്ക്കരുത്.സൗബിന്‍ സുഡാനിയിലെ വിസ്മയ പ്രകടത്തിന് ശേഷം വീണ്ടും മാറാന്‍ സൗകരൃമില്ല എന്ന വാശിയില്‍ പഴയ ഡയലോഗ് ഡെലിവറികോപ്പി പേസ്റ്റ് ചെയ്ത് നടക്കുന്നു..

വാഴ്ത്തുപാട്ടുകളും പുകഴ്ത്തു ഗീതങ്ങളും കേട്ട് മടുക്കുമ്പോഴെങ്കിലും റിയാലിറ്റിയിലേയ്ക്ക് ഇവര്‍ ഇറങ്ങിവരണമെന്ന് ഈ സിനിമാകാണിയുടെ എളിയ അപേക്ഷ .

By ivayana