രചന : ശ്രീകുമാർ എം പി*

കച്ചമുറുക്കി ഞെളിഞ്ഞു വരും
കൊച്ചു രാമന്റെ കഥയറിഞ്ഞൊ
കൊച്ചിലെ യിച്ചിരി കള്ളുകുടി
ച്ചല്പം രസിച്ചു കഴിഞ്ഞു പോന്നു
വളരവെ ജോലി ചെയ്തുവൊപ്പം
വളർന്നു പോയ് മദ്യപാന ശീലം
കൈവന്ന കാശേറെ മദ്യപിച്ചു
കൈമോശം വന്നു പോയ് നല്ല ബുദ്ധി
കെട്ടിയ പെണ്ണിനോടൊക്കുകില്ല
കുട്ടികളോടു മിണക്കമില്ല
വീട്ടുകാര്യങ്ങളിൽ നോട്ടമില്ല
പെട്ടെന്നു പൊട്ടിത്തെറിയ്ക്കും പിന്നെ
മദ്യം കുടിച്ചല്പം ശാന്തനാകും
മദ്യമില്ലെങ്കിലൊ ഭ്രാന്തനാകും
പാവമാ ഭാര്യ പണിയ്ക്കു പോയി
വീട്ടിലെ കാര്യങ്ങൾ നോക്കിപ്പോന്നു
ആലില പോലെ വിറയ്ക്കും കൈയ്യും
ആവി പറക്കുന്ന നെഞ്ചകവും
ആറിത്തണുപ്പിയ്ക്കാൻ മദ്യം തേടി
ഷാപ്പിലേയ്ക്കോടും പുലരും മുമ്പെ
ആനന്ദമോടയാൾ നൃത്തമാടി
ലോകം തൻ കാൽച്ചോട്ടിലെന്ന പോലെ
കച്ച മുറുക്കി ഞെളിഞ്ഞു വരും
ചുണ്ടത്തൊരു കൊച്ചു പാട്ടുമായി
നാളുകളങ്ങനെ നീങ്ങീടവെ
കാലഗതികളും മാറി വന്നു
ശേഷിയും ജോലിയുമില്ലാണ്ടായി
മദ്യപാനം മാത്രം വല്ലാണ്ടായി
പിന്നുള്ള കാര്യങ്ങൾ ചൊൽക വേണ്ട
മദ്യം വിതച്ച ദുരന്തകഥ
തീരാത്ത ദു:ഖത്തിന്നാഴത്തിലേ-
യ്ക്കാണ്ടു പോയ് പാവമാ മർത്ത്യ ജൻമം
പുത്തനാമിത്തരം രാമൻമാരെ
കണ്ടിടാം മാറിയ വേഷങ്ങളിൽ.

ശ്രീകുമാർ എം പി

By ivayana