മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്.
റഷ്യയിലെ ഒരു ഗ്രാമത്തിലുള്ള ചെരുപ്പുകുത്തിയുടെയും കുടുംബത്തിന്റെയും ആ കുടുംബത്തിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു അപരിചിതന്റെയും കഥ.
ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഒരു പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച കാശുമായി ചെരുപ്പുകുത്തി പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ചെരുപ്പുകുത്തി ആ വിചിത്ര ദൃശ്യം കാണുന്നു.
ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം ചെരുപ്പുകുത്തി ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് പോയില്ല. അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. പക്ഷേ, അപ്പോൾ പൊടുന്നനെ അയാളിൽ ഒരു ചോദ്യമുയർന്നു. ആ ചെറുപ്പക്കാരൻ എങ്ങിനെയാണ് നഗ്നനായത്. അയാൾ ചിലപ്പോൾ വിശപ്പ് മൂലം മരിച്ചു പോയേക്കാം. ദരിദ്രനായ തന്നെ ആ ചെറുപ്പക്കാരൻ എന്തായാലും കൊള്ളയടിക്കാനൊന്നും പോകുന്നില്ല. ചെരുപ്പുകുത്തി തിരിച്ചു നടന്നു. ആ ചെറുപ്പക്കാരന് തന്റെ കോട്ടൂരിക്കൊടുത്തു. എന്നിട്ട് അയാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.
ഭർത്താവ് പുതപ്പുമായി വരുന്നതും കാത്തിരുന്ന ചെരുപ്പുകുത്തിയുടെ ഭാര്യ കണ്ടത് ഭർത്താവ് വേറൊരു ദാരിദ്ര്യവാസിയെയും കൂട്ടി വരുന്നതാണ്. കൈയ്യിലുണ്ടായ കാശിന് കള്ളും കുടിച്ച് ഒരു അലവലാതിയെയും കൂട്ടി വരുന്ന ഭർത്താവിനോട് അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. വീട്ടിൽ ആകെയുള്ള ഒരു കഷ്ണം അപ്പം അവരെടുത്ത് മാറ്റിവെച്ചു. അടുത്ത രണ്ടു ദിവസമെങ്കിലും കുടുംബത്തിന് വിശപ്പടക്കാനുള്ള അപ്പമാണിത്. വഴിയിൽ കിടക്കുന്ന തെണ്ടികളെയൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ അവർക്കൊന്നും വെച്ച് വിളമ്പിക്കൊടുക്കാൻ ഇവിടെയൊന്നുമില്ലെന്ന് പറഞ്ഞ് അവർ ഭർത്താവിനോട് ചൂടായി.
ചെരുപ്പുകുത്തി ഒന്നും മിണ്ടിയില്ല. കൂടെ വന്ന ചെറുപ്പക്കാരനും ഒന്നും പറഞ്ഞില്ല. പക്ഷേ, അപ്പോൾ ചെരുപ്പുകുത്തിയുടെ ഭാര്യയുടെ ഉള്ളിൽ ആ ചെറുപ്പക്കാരനോട് ദയ തോന്നി. ചിലപ്പോൾ അയാൾ നല്ലവനായിരിക്കും. ദിവസങ്ങളോളം അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. അവർ പെട്ടെന്ന് കുറച്ച് സൂപ്പുണ്ടാക്കി. അപ്പക്കഷ്ണവും സൂപ്പും അവർ വിളമ്പവെ ആ ചെറുപ്പക്കാരൻ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു.
ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ചെരുപ്പുകുത്തുന്ന പണി അയാൾ വേഗം പഠിച്ചു. അയാൾ തീർക്കുന്ന ചെരുപ്പുകളുടെ ഖ്യാതി ഗ്രാമത്തിനപ്പുറത്തേക്കും പരന്നു. ചെറുപ്പക്കാരൻ പക്ഷേ, വളരെക്കുറച്ചേ സംസാരിക്കുകയുള്ളു. ഏൽപിക്കുന്ന പണി ചെയ്യും വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് അപൂർവ്വം.
അങ്ങിനെയിരിക്കെ ഒരു ദിവസം പുറത്ത് കുതിരകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ചെരുപ്പ്കുത്തി പുറത്തിറങ്ങി. കുതിര വണ്ടിയിൽ നിന്ന് പ്രഭുവിനെപ്പോലെ തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാളുടെ പിന്നാലെ ഒരു പൊതിയുമായി ഭൃത്യനും. ഭൃത്യൻ പൊതിയഴിച്ച് ചെരുപ്പ്കുത്തിക്ക് മുന്നിൽ വെച്ചു. ” 20 റൂബിൾ വിലയുള്ള തുകലാണിത്. ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്. ഇതുകൊണ്ട് എന്റെ കാലുകൾക്ക് പറ്റിയ മനോഹരമായ ബൂട്ടുകൾ പണിയണം. എന്തെങ്കിലും പാകപ്പിഴയുണ്ടായാൽ നിന്റെ ശിഷ്ടജീവിതം ജയിലിലായിരിക്കും. ” പ്രഭു അട്ടഹസിച്ചു.
ചെരുപ്പുകുത്തി പേടിച്ച് വിറച്ച് ചെറുപ്പക്കാരനെ വിളിച്ചു. ചെറുപ്പക്കാരൻ പ്രഭുവിന് മുന്നിൽ വന്ന് നിന്ന് കാലിന്റെ അളവെടുക്കാൻ തുടങ്ങി. അപ്പോൾ അയാൾ പ്രഭുവിന്റെ പിന്നിലേക്ക് നോക്കി. അവിടെ നിൽക്കുന്ന വേറെ ആരെയോ അയാൾ സസൂക്ഷ്മം നോക്കുന്നതുപോലെയാണ് ചെരുപ്പുകുത്തിക്ക് തോന്നിയത്. പൊടുന്നനെ ചെറുപ്പക്കാരൻ പ്രഭുവിന്റെ മുഖത്തുനോക്കി ചിരിച്ചു. ” ബൂട്ടുകൾ നന്നായില്ലെങ്കിൽ നിന്റെ ഈ ചിരി പിന്നെയുണ്ടാവില്ല. ” പ്രഭു ഒന്നുകൂടി അട്ടഹസിച്ചിട്ട് കുതിരവണ്ടിയിൽ കയറിപ്പോയി.
വിശേഷപ്പെട്ട തുകൽ ചെറുപ്പക്കാരൻ എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ചെരുപ്പുകുത്തി ഞെട്ടിപ്പോയി. ബൂട്ടുണ്ടാക്കുന്നതിനു പകരം സാധാരണ ചെരുപ്പുകളാണ് ചെറുപ്പക്കാരൻ ഉണ്ടാക്കിയിരിക്കുന്നത്. പ്രഭു ബൂട്ടു വാങ്ങാൻ വരുന്നതോടെ തന്റെ കഥ കഴിഞ്ഞെന്ന് ചെരുപ്പുകുത്തി തീർച്ചയാക്കി. നീ എന്തുപണിയാണീ ചെയ്തതെന്ന് ചെരുപ്പുകുത്തി ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ആരോ മുട്ടുന്നതുപോലെ തോന്നി. ചെരുപ്പുകുത്തി വാതിൽ തുറന്നു. മുന്നിൽ പ്രഭുവിന്റെ ഭൃത്യൻ. ” യജമാനത്തി പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നിരിക്കുന്നത്. പ്രഭുവിന് ബൂട്ടുകൾ ആവശ്യമില്ല. ഇവിടെ നിന്നും പോകുന്ന വഴി അദ്ദേഹം മരിച്ചുപോയി. ഇനിയിപ്പോൾ മരിച്ചവർ ധരിക്കുന്ന സാധാരണ ചെരുപ്പ് മാത്രം മതി. ” ചെരുപ്പുകുത്തി ചെറുപ്പക്കാരനെ അതിശയത്തോടെ നോക്കി. അയാൾ ആ ചെരുപ്പുകൾ പൊതിഞ്ഞെടുത്ത് ഭൃത്യന് കൈമാറി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ചെരുപ്പുകുത്തിയെത്തേടി വന്നു. ഇരട്ടക്കുട്ടികൾ. ഒരു പെൺകുട്ടിയുടെ കാലിന് ചെറിയ മുടന്തുണ്ട്. മകളുടെ കാലിനെന്തുപറ്റിയെന്ന് ചെരുപ്പുകുത്തി സ്ത്രീയോട് ചോദിച്ചു. ” എന്റെ മക്കളല്ല ഇവർ. പക്ഷേ, ഇവരെ ഞാനാണ് വളർത്തുന്നത്. ഇവർ എനിക്ക് മക്കളെപ്പോലെ തന്നെയാണ്. ” സ്ത്രീ പറഞ്ഞു. അപ്പോൾ ചെറുപ്പക്കാരൻ അത്യധികം ശ്രദ്ധയോടെ ആ കുട്ടികളെ നോക്കി. ചെരുപ്പുകുത്തി നോക്കുമ്പോൾ ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്നു.
തന്റെ വീടിനടുത്തുള്ള ഒരു കുടുംബത്തിലേതാണ് ഈ കുട്ടികളെന്നും കുട്ടികളുടെ അമ്മയും പിതാവും മരിച്ചതുകാരണം താനാണ് ഈ കുട്ടികളെ വളർത്തുന്നതെന്നും സ്ത്രീ പറഞ്ഞു. ചെറുപ്പക്കാരൻ കുട്ടികളുടെ കാലിന്റെ അളവെടുത്തു. കുട്ടികളും സ്ത്രീയും തിരിച്ചുപോയി. അടുത്ത ദിവസം ചെറുപ്പക്കാരൻ ചെരുപ്പുകുത്തിയുടെ അടുത്തുവന്നിട്ട് പറഞ്ഞു. ” ദൈവം എന്നാട് ക്ഷമിച്ചിരിക്കുന്നു. ഞാൻ തിരിച്ചുപോവുകയാണ്. ”
ചെരുപ്പുകുത്തി ചെറുപ്പക്കാരനാേട് പറഞ്ഞു. ” നിങ്ങൾ സാധാരണക്കാരനല്ലെന്ന് എനിക്കറിയാം. നിങ്ങളെ ഇവിടെ പിടിച്ചുനിർത്താനാവില്ലെന്നും എനിക്കറിയാം. പക്ഷേ, ഒരു ചോദ്യത്തിന് നിങ്ങൾ മറുപടി പറഞ്ഞാൽ ഉപകാരമാവുമായിരുന്നു. ഇവിടെ വന്ന ശേഷം മൂന്നേ മൂന്നു തവണയേ നിങ്ങൾ ചിരിച്ചിട്ടുള്ളു. ഭക്ഷണം വിളമ്പിതന്നപ്പോൾ എന്റെ ഭാര്യയുടെ നേർക്ക് നോക്കി നിങ്ങൾ ആദ്യം ചിരിച്ചു.
രണ്ടാമത് നിങ്ങൾ ചിരിച്ചത് ആ പ്രഭു വന്നപ്പോഴാണ്. ആ സ്ത്രീയും കുട്ടികളും വന്നപ്പോൾ നിങ്ങൾ മൂന്നാം വട്ടം ചിരിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ചിരിച്ചത്. ”
” നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ സാധാരണക്കാരനല്ല. ” ചെറുപ്പക്കാരൻ പറഞ്ഞു” ഞാൻ ഒരു മാലാഖയാണ്. ഒരു ദിവസം ദൈവം എന്നോട് ഭൂമിയിൽ പോയി ഒരു സ്ത്രീയുടെ ആത്മാവ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അവർ പ്രസവിച്ചിട്ട് അധികം സമയമായിട്ടുണ്ടായിരുന്നില്ല. രണ്ട് പെൺകുഞ്ഞുങ്ങൾ. എന്നെക്കണ്ടപ്പോൾ അവർക്ക് കാര്യം പിടികിട്ടി. തന്റെ ജിവനെടുക്കരുതെന്നും രണ്ടു ദിവസം മുമ്പാണ് തന്റെ ഭർത്താവ് മരിച്ചതെന്നും ഇപ്പോൾ താൻ കൂടി മരിച്ചാൽ ഈ കുട്ടികൾക്ക് വേറെയാരുമുണ്ടാവില്ലെന്നും പറഞ്ഞ് അവർ കരഞ്ഞു.
അവരുടെ കരച്ചിൽ കേട്ട് ഞാൻ തിരിച്ചുപോയി. സ്ത്രീയുടെ ജീവൻ എടുക്കാതെ വന്നതിന് ദൈവം എന്നെ ശാസിച്ചു. തിരിച്ചുപോയി അവരുടെ ജീവൻ എടുത്തിട്ട് വരാൻ ദൈവം പറഞ്ഞു. എന്നിട്ട് ദൈവം ഒരു കാര്യം കൂടി പറഞ്ഞു. മനുഷ്യർ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന് നീ മനസ്സിലാക്കണം. അതിന് നീ കുറച്ചു നാൾ ഭൂമിയിൽ താമസിക്കണം. ഞാൻ ഭൂമിയിലേക്ക് പോയി ആ സ്ത്രീയുടെ ജീവനെടുത്തു. പക്ഷേ, അവരുടെ ജിവനുമായി തിരിച്ച് പറക്കുമ്പോൾ എന്റെ കൈയ്യിൽ നിന്നും അവരുടെ ആത്മാവ് തനിയെ മുകളിലേക്ക് പോയി . ആരോ തള്ളിയിട്ടതുപോലെ ഞാൻ നിങ്ങളുടെ വീടിനടുത്തുള്ള കപ്പേളയുടെ മുന്നിൽ വന്നുവീഴുകയും ചെയ്തു.
അവിടെ ഞാൻ കിടക്കുമ്പോൾ നിങ്ങൾ ദയ തോന്നി എന്ന വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിങ്ങളുടെ ഭാര്യ ആദ്യം വഴക്കു പറഞ്ഞെങ്കിലും ദയ തോന്നി ഭക്ഷണം തന്നു. മനുഷ്യർ ജിവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എന്നെ പഠിപ്പിക്കുകയായിരുന്നു.
ആ തിരിച്ചറിവിലാണ് ഞാൻ നിങ്ങളുടെ ഭാര്യയുടെ മുഖത്തു നോക്കി ചിരിച്ചത്. പിന്നെ ഞാൻ ചിരിച്ചത് പ്രഭു വന്നപ്പോഴാണ്. പ്രഭു നിങ്ങളോട് അട്ടഹസിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ പിന്നിലുണ്ടായിരുന്ന മരണത്തിന്റെ മാലാഖയെയാണ്. പ്രഭു മരിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. അയാൾക്ക് ശരിക്കും വേണ്ടി വരിക ബൂട്ടുകളെല്ലന്നും മരിക്കുന്നവർ ഇടുന്ന ചെരുപ്പുകളാണെന്നും എനിക്ക് പിടി കിട്ടി. പക്ഷേ, അപ്പോഴും പ്രഭു ബൂട്ടുകളെക്കുറിച്ച് ഒച്ചവെക്കുകയായിരുന്നു.
മനുഷ്യർക്ക് അവർക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് അറിയില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും അവർ ബഹളം വെയ്ക്കുന്നതെന്നും എനിക്ക് മനസ്സിലായി.
മൂന്നാമത് ഞാൻ ചിരിച്ചത് ആ പെൺകുട്ടികളെ കണ്ടപ്പോഴാണ്. ഇവരുടെ അമ്മയുടെ ജീവനാണ് ഞാൻ എടുത്തത്. ആ സ്ത്രീ മരിച്ചെങ്കിലും അവരുടെ കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീ എടുത്തു വളർത്തി. അവർക്ക് ഈ കുഞ്ഞുങ്ങളോട് കരുണയും സ്നേഹവുമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾ മരിക്കാതിരുന്നത്.
ഒരാൾ മരിക്കുന്നത് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ഈ ലോകത്ത് സ്നേഹമുള്ളിടത്തോളം കാലം മനുഷ്യർ ജിവിക്കുമെന്നുമാണ് ദൈവം എന്നെ പഠിപ്പിച്ചത്.
സ്നേഹമാണ് ആത്യന്തികമായി ഭൂമിയിൽ മനുഷ്യ ജീവിതം സാദ്ധ്യമാക്കുന്നത്. ഇതും പറഞ്ഞ് ആ ചെറുപ്പക്കാരൻ മാലാഖയുടെ രൂപം പൂണ്ട് സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.
ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച് ഇത്രയും മനോഹരമായും ഹൃദയാവർജ്ജകമായും അധികം പേർ എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
അനുതാപത്തെക്കറിച്ചും കാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ് ടോൾസ്റ്റോയ് എഴുതിയത്( കഥയുടെ സൗന്ദര്യം അറിയണമെങ്കിൽ കഥ പൂർണ്ണമായും വായിക്കണം. കഥയുടെ ചുരുക്കം മാത്രമാണിവിടെ കൊടുത്തിരിക്കുന്നത്) .
ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരുത്തരും. ഈ അനുതാപവും കാരുണ്യവും സ്നേഹവും വാക്കുകളിലും പ്രവൃത്തികളിലും നിറയട്ടെ..
ടോൾസ്റ്റോയ് പറഞ്ഞതുപോലെ ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് കാരുണ്യവും സ്നേഹവും ഇനിയും ഇവിടെ ഉറവ വറ്റിയിട്ടില്ല എന്നതുകൊണ്ടുതന്നെയാണ്.