രചന : ഷാജു. കെ. കടമേരി*
കത്തും നട്ടപ്പാതിര
ചങ്ക് തുരന്ന് പാടും
ദുരിത തീമഴ
മഴക്കാറ്റിൽ
പുറംതൊടിയിലെ
മരം കടപുഴകുന്നു.
നെഞ്ച് തുരക്കും
ഇട്ടിമുഴക്കങ്ങളിൽ
കരിഞ്ചിറകടിച്ചാർത്ത്
വിതുമ്പും സ്‌മൃതികൾ.
ചോരക്കനവുകൾ
കണ്ണ് തുറിക്കും
അഗ്നിപെരുമഴ
അറുത്തുമാറ്റിയിട്ടും
കരിങ്കിനാവുകൾ
ദുഃസ്വപ്നങ്ങളിൽ
കൈകാലിട്ടടിച്ച്
. പതറിപെയ്യുന്ന
മഴയിലിറങ്ങി
ചിന്നംവിളിക്കുന്നു.
കരിനാഗങ്ങളിഴഞ്ഞൊരു
തെരുവിൽ
കഴുകൻ കൊത്തിയ
സ്വപ്നചീന്തുകൾ.
കാലൻകോഴി
കരഞ്ഞൊരു രാത്രി
ആൾക്കൂട്ടങ്ങൾ
രോദനമായ്.
ആശ്വാസത്തിൻ
പിടിവള്ളികളിൽ
തേനീച്ചകൂടിളകുമ്പോൾ
ദിക്കുകൾ വിങ്ങി
കുത്തിയിറങ്ങി
. തലച്ചോറിൽ
ഇരുമ്പാണികൾ
ഉന്മാദ കടലിലിറങ്ങി
ദിക്കറിയാതെ
തുഴഞ്ഞൊരു അമ്മ
ചോറ് വിളമ്പി കണ്ണുകൾ
കാതുകൾ കോർത്തു……
( ഷാജു കെ കടമേരി )
( കലാപത്തിൽ മകനെ
നഷ്ടപ്പെട്ട ഒരമ്മയുടെ മനസ്സാണ്
ഈ കവിത )