അസീം പള്ളിവിള*

ഓർമ്മ വച്ച കാലം മനസ്സിൽ ഓടിയെത്തുന്ന ഉത്‌സവം പെരിങ്ങമ്മല വിഷ്ണു ക്ഷേത്രത്തിലേതായിരുന്നു. ക്ഷേത്രത്തിന് മുൻപിലായിരുന്നു ഞങ്ങൾക്ക് വയലുള്ളത്. പകൽ നിസാം അണ്ണനൊപ്പം കിളിയടിക്കാൻ പോയിട്ടുണ്ട്. അപ്പോഴൊക്കെ ക്ഷേത്രമുറ്റത്തെ മണലിലാണ് ഞാൻ ആകാശം നോക്കി കിടന്നിട്ടുള്ളത്. വാപ്പയുടെ വിരലിൽ പിടിച്ചാണ് വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയത്.

മണം പരത്തുന്ന കൊഴുന്ന് ആദ്യമായി വാങ്ങിയത്. ഈറയിൽ ബലൂൺ ഘടിപ്പിച്ചത് വാങ്ങി അമ്മുമ്മ അപ്പുപ്പ എന്നു ഊതിയത്. നാടകം കണ്ടതും അന്നു മുതലായിരുന്നു.
കൗമാരത്തിൽ കൂട്ടുകാരൊടൊപ്പം ചേർന്ന് പച്ച ക്ഷേത്ര കുളത്തിൽ നീന്തൽ പഠിച്ചു. ഉത്സവ പറമ്പിൽ സുരീഷ്, മനോജ്, സുരേഷ്, രാജേഷ് തുടങ്ങിയ വല്യ സൗഹൃദങ്ങളുടെ തോളിൽ കൈയ്യിട്ട് ഗാനമേള ,ബാല എന്നിവ കണ്ടു. നാടകം കണ്ട് അമ്പല പരിസരത്ത് കിടന്ന് ഉറങ്ങി .കമ്പം കണ്ട് ഞെട്ടിയുണർന്ന് വീട്ടിലേക്ക് നടന്നു..

എന്റെ അപ്പുപ്പ സ്വർണ്ണത്തിൽ ചെയ്ത നിലവിളക്ക് പതിവായി ഉത്സവത്തിന് പച്ച അമ്പലത്തിൽ നൽകുമായിരുന്നെന്ന് ഉമ്മുമ്മ പറഞ്ഞ അറിവ്. ഒരു കലാകാരനാകാൻ ആഗ്രഹം മുറ്റിച്ചത് ഉത്സവ പറമ്പുകളായിരുന്നു.

യവ്വനത്തിൽ മധുര മീനാക്ഷി ക്ഷേത്രം. ചിദംബരം എന്നിവ കാണാൻ പോയി. വീടിനടുത്തുള്ള മാന്തുരുത്തി ക്ഷേത്രവും കാവും ഹൃദയത്തിൽ ഇടം പിടിച്ചു. അഭിനയ രംഗത്ത് സജീവമായിരുന്ന സമയം മുരുഡേ ഷർ അമ്പലം, ഉടുപ്പി രാമക്ഷേത്രം , മൂകാംബിക, ഡെൽഹിയിലെ ലോട്ടസ് ക്ഷേത്രം, പോത്തൻ കോട് ശിവഗിരി ആശ്രമം, വർക്കല ശിവഗിരി ക്ഷേത്രം , അരുവിപ്പുറം ക്ഷേത്രം. കണ്ണൂരുള്ള അമ്പലങ്ങൾ തുടങ്ങി ഒരു സുഹൃത്തിന്റെ അമ്മയെ കാണാതായപ്പോൾ അവരെ തിരഞ്ഞ് ഗുരുവായൂർ അമ്പലത്തിലും , പ്രിയ സുഹൃത്ത് പ്രശാന്തിനൊപ്പം ശബരിമലയിലും ബിമൽ പേരയത്തിനൊപ്പം പളനിയിലും, ആറ്റുകാൽ അമ്പലത്തിലും ചൊവ്വരയമ്പലത്തിലും ചിതറാലിലുമൊക്കെ ഞാൻ ഒത്തിരി തവണ പോയിട്ടുണ്ട്. ആ ചിത്രകലയിലൊക്കെ മനസ്സ് നട്ട് ഇരുന്നിട്ടുണ്ട്.

പാലോട് ഉമാ മഹേശ്വരി ക്ഷേത്രം ഒരുത്സവ ദിനത്തിലാണ് കർമ്മ ശ്രേഷ്ടാ പുരസ്ക്കാരം നൽകി എന്നെ ആദരിച്ചത്.കൃസ്ത്രീയ ആരാധനലയങ്ങളിലും മക്കയും മദീനയുമടക്കം മുസ്ലിം പള്ളികളിലും ആദിവാസി അമ്പലങ്ങളിലും ഒരേ മനസ്സോടെ നടന്നുകയറി.
ഞാൻ പോയിടത്തുള്ള ഒരിടത്തു നിന്നും ഒരു ദൈവവും ഇറങ്ങി പോയിട്ടുള്ളതായി ഇതുവരെ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ശുദ്ധികലശം നടത്തേണ്ടതായും വന്നില്ല.

ഈ പുതിയ ബോർഡുകൾ ഓർമ്മപ്പെടുത്തുന്നത് കപട രാഷ്ട്രീയത്തിന്റെ കുതന്ത്ര ചിന്തകളാണ്. മനുഷ്യനെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിച്ച് ലക്ഷ്യം നേടാനുളള നെട്ടോട്ടം സാംസ്കാരിക സമ്പന്നത നിറഞ്ഞ് നിൽക്കുന്ന കേരളത്തിൽ വിലപോവില്ല ചേട്ടന്മാരെ . ഇത് നന്മയുടെ നാടാണ്. മനുഷ്യത്വത്തിന്റേയും. അതുകൊണ്ട് ഗ്രീഷ്മയേയും അന്നമ്മയേയും , റംസാനേയും അൻസിയേയും ചേർത്ത് പിടിച്ച് എല്ലാ ആരാധനലയങ്ങളിലേയും ഉത്സവ പറമ്പിൽ ഞാനിനിയും പങ്കെടുക്കും. കാരണം ഈ പ്രപഞ്ചം ഞങ്ങളുടേത് കൂടിയാണ്.

By ivayana