ഹാരിസ് ഖാൻ*
പിണറായിക്കും ഉമ്മൻചാണ്ടിക്കും കോവിഡ് വാക്സിനെടുത്തിട്ടും കോവിഡ് വന്നില്ലേ? മൻമോഹൻ സിങ് രണ്ട് ഡോസെടുത്തിട്ടും വീണ്ടും കൊറോണബാധിതനായല്ലോ ?
ഈ വാക്സിനിലൊന്നും ഒരു കാര്യവുമില്ല എന്നൊക്കെ പലരും പറയുന്നത് പലയിടങ്ങളിലായി കണ്ടു.
ബ്രേക് ദ ചെയ്ൻ പദ്ധതിയിലൂടെ മാസ്കും, സാനിറ്റൈസർ ഉപയോഗത്തെ കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കൻ സർക്കാരിനും, ആരോഗ്യ പ്രവർത്തകർക്കും എളുപ്പം കഴിഞ്ഞെങ്കിലും കോവിഡ് വാക്സിനുകളുടെ പ്രവർത്തനത്തെ കുറിച്ച് ശെരിയായ ബോധവൽക്കരണം അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതാണ് സത്യം…
അതു കൊണ്ടാണ് വിവരമില്ലാത്ത നിങ്ങൾക്ക് അറിവില്ലാത്ത ഞാൻ തന്നെ ഇതൊക്കെ പറഞ്ഞ് തരേണ്ടി വരുന്നത് …
എന്താണ് വാക്സിൻ…?
ലളിതമായി പറഞ്ഞാൽ ഒരു പ്രത്യേക രോഗത്തിനെതിരെ ശരീരത്തിൻെറ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവകൂട്ടിനെയാണ് വാക്സിൻ എന്ന് പറയുന്നത്…
അതായതുത്തമാ …
രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗപ്പെടുത്തുക എന്നതാണ് അതിൻെറ രീതി…
രോഗാണുക്കളെ പ്രതിരോധിക്കാൻ ശ്വേതരക്താണുക്കളെ നേരത്തെ തന്നെ സജ്ജമാകി നിർത്തുകയാണ് വാക്സിൻ ചെയ്യുന്നത്…
ജീവനുള്ളതും അല്ലാത്തതുമായ രോഗാണുക്കളെ വാക്സിനായി ഉപയോഗപെടുത്തുന്നുണ്ട്.
പേപ്പട്ടി വാക്സിൻ, പോളിയോ വാക്സിൻ എന്നിവയിൽ ജീവനില്ലാത്തതും, ക്ഷയം ,വസൂരി വാക്സിനുകളിൽ ജീവനുള്ളവയേയും, ചിലതിൽ രേഗാണുക്കളുടെ ടോക്സിനുകൾ നിർവ്വീര്യമാക്കിയും ഉപയോഗിക്കുന്നു…
എന്നാൽ കോവിഡ് വാക്സിനിൽ രോഗാണുക്കളെയല്ല ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മെസെഞ്ജർ ആർ എൻ എ എന്ന കൃത്രിമമായി നിർമ്മിച്ച പ്രോട്ടീനാണ് സലൈനിൽ കലർത്തി വാക്സിനാക്കിയിരിക്കുന്നത്..
അതിലെ സ്പൈക് പ്രോട്ടീനുകളാണ് കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നത്..
ഇനി ശരീരത്തിൻെറ പ്രതിരോധത്തെ കുറിച്ച് പഠിക്കാം..
ജനിക്കുന്നത് തൊട്ട് 40 വയസ് വരെ നമ്മുടെ ശരീരം ചുറ്റുമുള്ള പരിസ്ഥിതിയിൽ എന്തെല്ലാം രോഗങ്ങളുണ്ട് എന്നതിനെ കുറിച്ച് പര്യവേക്ഷണം ചെയ്തുകൊണ്ടേ ഇരിക്കും. അങ്ങിനെയാണ് മനുഷ്യൻെറ പ്രതിരോധ സംവിധാനം (ഇമ്മ്യൂൺ സിസ്റ്റം) ശരീരത്തിൽ സഗ്നേച്ചർ ഉണ്ടാക്കി വെക്കുക.അങ്ങിനെ നമ്മുടെ ശരീരത്തിൽ ഓരോ രോഗാണുവിൻെറയും കയ്യൊപ്പുകൾ ശേഖരിച്ച് വെച്ചിരിക്കും. അപ്പോൾ ഏതേലും രോഗം ആക്രമിക്കാൻ വന്നാൽ നമ്മുടെ ശരീരം അതിനെ പ്രതിരോധിക്കാൻ സജ്ജമായിരിക്കും …
നിർഭാഗ്യവശാൽ കോവിഡ് രോഗാണുവിൻെറ കയ്യൊപ്പ് ഇത് വരെ എവിടെയും പതിഞ്ഞില്ല. അത് കൊണ്ടാണ് ഇത്ര മരണങ്ങൾ ഉണ്ടായത്..
ആ കയ്യൊപ്പ് ശരീരത്തിന് നൽകുക എന്നതാണ് വാക്സിൻ കൊണ്ടുദ്ദേശിക്കുന്നത്…
വാക്സിൻ നൽകുന്നതിൻെറ ലക്ഷ്യം ഗുരുതരമായ രോഗം വരാതെ നമ്മെ സംരക്ഷിക്കുക എന്നതാണ്. വൈറസ് ബാധയുണ്ടായാലും രോഗം വരാതിരിക്കാനുള്ള പരിരക്ഷയാണ് വാക്സിൻ.
ഒരു ഡോസ് എടുത്ത് 19 മുതൽ 40 ദിവസത്തിൽ സെക്കൻറ് ഡോസ് എടുത്ത് രണ്ടാഴ്ച്ച കഴിഞ്ഞാലാണ് ശരീരം പൂർണ്ണമായും പ്രതിരോധ സജ്ജമാവുക.
ഏത് പ്രായക്കാർക്കും, ഏത് രോഗമുള്ളവർക്കും ഈ വാക്സിൻ സ്വീകരിക്കാം…
95% ശതമാനമാണ് ഇതിൻെറ ഫലപ്രാപ്തി എന്ന് മരുന്നു കമ്പനിയായ ഫൈസർ അവകാശപ്പെടുന്നതെങ്കിലും ഡോസിൻെറ കാലാവധി പൂർത്തിയാക്കിയ ചില അമേരിക്കൻ സ്റ്റേറ്റുകളിൽ 99% ഫലപ്രാപ്തിയാണ് ഉണ്ടായിരിക്കുന്നത്..
കൊറോണ കാരണം നമ്മളേക്കാൾ പ്രയാസപ്പെട്ട പാശ്ചാത്യരാജ്യങ്ങൾ കൊറോണയെ കീഴടക്കി തുടങ്ങി .വാക്സിനേഷൻ പൂർത്തിയായ ഇസ്രയേലിൽ സ്കൂളുകൾ തുറന്നു, അവിടെ മാസ്കുകൾ നിർബന്ധമല്ലാതാക്കി…
അപ്പോഴാണ് ഇവിടെ വാക്സിനെടുത്ത ഉമ്മൻചാണ്ടിക്ക് വന്നു, പിണറായിക്ക് വന്നു, ഇലക്ഷന് ആള്കൂടിയിട്ടാ കൊറോണ ഉണ്ടായത് എന്നെല്ലാം കലമ്പൽ കൂട്ടുന്നത്. ഇലക്ഷന് ചന്ദ്രനിൽ നിന്ന് വന്നവരല്ല നമ്മളൊക്കെ തന്നെയായിരുന്നു റോഡിലിറങ്ങിയത് എന്ന് മനസ്സിലാക്കുക …
ഇന്നലെ ഒരു വിഡിയോ കണ്ടു.കോവിഡ് രോഗിയായ തനിക്ക് icu വിൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവാദം തന്നില്ല, ടൂത്ത് പേസ്റ്റ് തന്നില്ല എന്നെല്ലാം പറഞ്ഞ് …ലോകത്തിൽ കൊറോണ വൈറസിന് ചികിത്സ സൗജന്യമായ ഏക സ്റ്റേറ്റിൽ ഇരുന്നാണ് നമ്മൾ ഈ പറയുന്നത് എന്ന് മനസ്സിലാക്കുക .. (കഴിഞ്ഞ കോവിഡിന് ഡൽഹിയിലെ ചികിത്സാ
ചിലവ് 3 മുതൽ 5 ലക്ഷം രൂപയായിരുന്നു എന്നോർക്കുക)
രോഗം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന ഡോക്ടർ അഷീൽനെ പോലുള്ളവരെ വിമർശിക്കുന്ന നേരം, പോയി വാക്സിനെടുക്കാൻ നോക്കൂ എന്നാണ് അവരോട് പറയാനുള്ളത്.
നിങ്ങൾ ദൂരദർശനിൽ ചിത്രഹാർ നേരിട്ട് കണ്ടിട്ടുള്ളവരാണോ ..?
എങ്കിൽ പോയി വേഗം വാക്സിനെടുക്കൂ..
ഒന്നൂല്ല, നിങ്ങൾക്ക് 45 വയസായിഎന്ന് പറയുകയായിരുന്നു….