‘മതി പാരിതിൽ നിൻ വാസ’
മെന്നുറക്കെ ചൊല്ലി
ഭുജങ്ങളായിരമെൻ നേരെ
നീളുന്നൊരു മഹാമാരിയായ്!

‘നിൽക്കൂ, പിന്തിരിഞ്ഞോളൂ,
നിശ്ചയം ഞാനി, ല്ലിനിയും
നുകരാനുണ്ടതിശയമമൃതീ
നല്ലിളം ഹരിതശാദ്വല ഭൂവിൽ’.

നിശീഥിനിയിൽ ജാലകത്തിൻ
നീലത്തിരശീല നീക്കിയാൽ
നീരദങ്ങൾക്കിടയിലായ്
നീന്തും വാർതിങ്കളങ്കരിക്കും
നീലവാനച്ചന്തമുണ്ട്.

രാത്രിമഴ കർണ്ണങ്ങളിൽ മൂളും
ശ്രുതിലയ സംഗീതത്തിൻ
അമൃതവർഷിണീ രാഗമുണ്ട-
കമേയതിൻ ഹർഷമുണ്ട്.

രാത്തണുപ്പോടിയൊളിക്കും
രതിസുഖസംഗമഭൂവിതിൽ,
മൃദുലമേനിതന്നാലിംഗനവും
മദഭരനിമിഷങ്ങളിനിയുമുണ്ട്.

പാതിരാപ്പക്ഷി പറക്കും
മൃദു ചിറകടിയൊച്ചതൻ
മധുരമനോഹര ഗീതമുണ്ട്.

ഇരുണ്ട മേഘത്തിൽ പുളയും
മിന്നലിൽ വേരുകൾ തൻ
സ്വർഗ്ഗം തോൽക്കും ദ്യുതിയുണ്ട്.

രാത്രിയിൽ നൂലുപോൽ പെയ്യും
ഇളം മഞ്ഞുപുതപ്പിൽ നിന്നും
കൈകൂപ്പി ഉണർന്നെണീക്കും
പുൽനാമ്പിൻ തരള കാഴ്ചയുണ്ട്.

പക്ഷം വിടർത്തിപ്പറക്കും
പാതിരാപുള്ളുപോൽ പലജാതി
പക്ഷികൾ തൻ കൂജനങ്ങളുണ്ട്.

ഹൃദയങ്ങളിൽ തലനീട്ടും,
രജനിയിലെന്നപോൽ പകലിലും
ഹിതകരകാഴ്ചകളിനിയുമുണ്ട്.

മനവും തനുവും ശുചിത്വമാചരിച്ച
കലം പാലിച്ചകമേ കഴിയുന്നൂ ഞാൻ!
അവനിയിലില്ലാരും രക്ഷകനായ്,
അവനവൻ തന്നെയതു നിശ്ചയം.

ഹത്യയ്ക്കായ് വരേണ്ട മാരീ
ഹന്ത! നീ മടങ്ങിപ്പോകൂ.

സലീം മുഹമ്മദ്‌.

By ivayana