രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്*

വിസ്മയാധീനരായ് നമ്മളെത്തി പണ്ടേ
രക്തപാനോത്സവയാഗവേദിതന്നിൽ
ഏതോ പുരാതക്ഷേത്രത്തിലെന്നപോൽ
സ്‌തംഭിച്ചുനില്പ്പൂ ശിലാശില്പമായ് നാം !
വാളും ചിലമ്പും കിലുക്കിക്കിതച്ചുകൊ-
ണ്ടാളുംകനൽക്കളം തട്ടിത്തെറിപ്പിച്ചു,
മഞ്ഞളിലാടിത്തിമർത്തുമലറിയും
യാഗാഗ്നിതൻനടുവിലമരാമുരുക്കളായ്.
ഉപ്പാംവിയർപ്പിലും ഉണ്മതൻ കൈപ്പിലും
ഉൽക്കണ്ഠിതങ്ങളുടച്ചുവാർക്കാം.
അന്ധമാം മിഴിനീട്ടിവായിക്കുവാനിനി
ശോകരാമായണം മെല്ലെത്തുറന്നിടാം.
അസ്ഥികൊണ്ടസ്തിവാരങ്ങൾ പണിഞ്ഞ’തിൽ
അസ്തിത്വമൊക്കെ മറന്നുവയ്ക്കാമിനി.
വേദനയ്ക്കുള്ളിലും വേരോടിയെത്തുന്ന
വേദാന്തതീർത്ഥത്തിനായ്‌ക്കരം നീട്ടാം.
ദിഗ്ഭ്രമം ബാധിച്ചു, പാഞ്ഞുപോകുന്നോരു
യാഗാശ്വമാകുകിൽ പിന്നെന്തു ജീവിതം !
സാരസ്വതത്തിന്നുമാകില്ലതോർക്കുക
സാമോദമേകിടാൻ വാഴ്വിൽ നിരന്തരം.

ശിവരാജൻ കോവിലഴികം

By ivayana