രചന : ബിനു. ആർ.

കുപ്പിയിൽ കുടിനീരൊരുക്കും
മർത്യൻകാണാതെപോകുന്നുവോ
ഭൂമിയിൽ അന്തർലീനമായിരിക്കുന്ന
കുടിനീരിൻ ദൗർലഭ്യം…!
മഴ ആകാശത്തിന്നങ്ങേയറ്റത്തു –
നിന്നും ഒളിഞ്ഞു നോക്കുന്നു,
മണ്ണിൽ, മർത്യൻ ജലത്തിനായ്
നെട്ടോട്ടമോടുന്നതും കണ്ട്,
പ്രകൃതി വരളാൻ കാരണഭൂതരായവരെ
കണ്ട്, പരിഹാസപൂർവ്വം… !
അപൂർവ്വമാമൊരുകഥകേൾക്കാൻ
കാത്തിരിക്കുന്നൂ കുഞ്ഞുമക്കൾ ഇവിടെ,
ജലം നിറഞ്ഞൊരു പുഴയൊഴുകിയെ-
ന്നൊരു കൗതുകം കേൾക്കാൻ,
മാനസസരോവരം എന്നപോലൊരു – മിത്തുകേൾക്കാൻ… !
ഹൃദയസരസ്സിലൊരായിരം
കനവുമായി കാത്തിരിക്കുന്നൂ,
പ്രകൃതിസ്നേഹികളും കവികളും, മാനത്തുനിന്നുമുതിരുന്ന
ജലനീർക്കണങ്ങൾക്കായ്‌,മലമുഴക്കി –
യാകും വേഴാമ്പലിനെപ്പോലെ… !
മരങ്ങളുംപുല്ലുകളുംവിത്തുകളും
കിളികുലജാലങ്ങളും , കാത്തിരിപ്പുണ്ടിവിടെ,
ഈ ചൂടിൽ നിന്നും മുക്തിനേടുവാൻ,
ഒരു മഴക്കായ്, കുടിനീർ നേടുന്നതിനായ്.. !

By ivayana