പ്രചോദിപ്പിക്കാൻ ആരെങ്കിലുമുണ്ടാവുമ്പോഴാണ് സർഗ്ഗാത്മകതയുടെ മഴവില്ല് വിരിയുക. ഏറ്റവും നല്ല പാട്ടുകൾ ഞാനെഴുതി തുടങ്ങിയത് കുട്ടനുമായി പരിചയപ്പെട്ടതിനു ശേഷമാണെന്നാണ് എൻ്റെ തോന്നൽ.അത്രയ്ക്കുണ്ടായിരുന്നു അവൻ്റെ പിന്തുണ. പാട്ടെഴുത്തിനു പോവുമ്പോൾ അവൻ വിളിച്ചു കൊണ്ടേയിരിക്കും. അക്കാലത്ത് ഞാനാദ്യം വിളിക്കുക അവനെയായിരുന്നു.’ കേട്ടു കഴിയുമ്പോഴുള്ള പ്രതികരണങ്ങളിൽ നിന്നറിയാം രചനയുടെ മികവ്. “കാവിലേ ആ കൈ ഞാനൊ ടിക്കും” .അതാണ് ഏറ്റവും നന്നായാലുള്ള പ്രതികരണം.” കട്ടയ്ക്ക് പിടിച്ചുനോക്കാം. “ട്യൂൺ ഇട്ടാലേ പറയാനാവൂ എന്നാണതിൻ്റെ അർഥം. “മാറ്റിപ്പിടി” എന്ന് കേട്ടാൽ അത് ഒഴിവാക്കുന്നതായിരിക്കും ഉചിതം. പ്രിയപ്പെട്ട മുരുകേശ് നീ പോയതിൽ പിന്നെ ആരും “എൻ്റെ കൈയൊടിക്കും” എന്ന അപൂർവ്വ വാക്യം പറഞ്ഞിട്ടേയില്ല. അതു കൊണ്ട് തന്നെ പാട്ടുവഴിയിലൂടെ ഞാൻ അത്രയിഷ്ടത്തോടെ ഇപ്പോൾ നടക്കാറുമില്ല. എൻറെ മോണോ ആക്ടുകളെ എത്ര ഭംഗിയായിട്ടാണ് നീ ആവിഷ്കരിച്ചത്. ഓരോന്നും എഴുതി വായിക്കുമ്പോൾ നീ എനിക്ക് തന്ന ആശ്ളേഷങ്ങളാണ് എൻ്റെ ആദ്യത്തെ പുരസ്കാരങ്ങൾ. “വെട്ടിമാറ്റാൻ ഒരക്ഷരം പോലും ഉണ്ടാവില്ല നിങ്ങളും ഗി രി യു മെഴുതുമ്പോൾ.” “കൂടുതലെഴുതി കുഴക്കല്ലേ ” എന്ന നിൻ്റെ അഭിനന്ദനങ്ങളിൽ നിന്നാണ് ഞാൻ കൃത്യത നേടിയത്. “നിങ്ങൾ എഴുതുന്ന ഒരു നാടകത്തിൽ എനിക്കഭിനയിക്കണം.എൻ്റെ ഗിരിയെക്കൊണ്ട് സംവിധാനം ചെയ്യിക്കണം”.ഒരിക്കൽ നീ പറഞ്ഞു പ്രോൽസാഹിപ്പിച്ചാണ് ഞാനും ഗിരിയുമൊന്നിച്ച ആദ്യത്തെ നാടക മുണ്ടായത്. അതിന് സംസ്ഥാന തലത്തിൽ അംഗീകാരം ലഭിച്ചപ്പോൾ നീ പറഞ്ഞു. ഇനി നാടകമെഴുതിയാൽ കൈ തല്ലിയൊടിക്കുമെന്ന്.അതായിരുന്നു മറ്റൊരു പുരസ്കാരം. എന്നെ നാടകകൃത്താക്കിയത് നീ തന്നെയായിരുന്നു. ” കിണ്ടി” എന്ന പേരിൽ ഒരു ചെണ്ടക്കലാകാരൻ്റെ ജീവിതം നിനക്കു വേണ്ടിയെഴുതി തുടങ്ങുമ്പോഴേക്കും നീ യാത്രയായിരുന്നു. അക്കാദമിയുടെ പുരസ്കാരം വാങ്ങാൻ നമ്മൾ ഒരുമിച്ച് തൃശൂരിലുണ്ടായിരുന്നു. കുറിയേടത്ത് താത്രിയിൽ നീ ജീവിച്ചതിന് പകരം വെക്കാൻ ഒരു പുരസ്കാരത്തിനുമാവില്ല.
വീണ്ടും പുരസ്കാരം വാങ്ങാൻ ഞാൻ തിരുവനന്തപുരത്തെത്തിയ പുലർച്ചയിലായിരുന്നു നിൻ്റെ മടക്കയാത്ര. അതു കൊണ്ട് നീ നിശ്ചലനായി കിടക്കുന്നതു കാണാൻ എനിക്ക് ദൗർഭാഗ്യമുണ്ടായില്ല.
2011 ൽ വോട്ടെണ്ണുന്നതിൻ്റെ തലേന്ന് നീയും ഞാനും കോഴിക്കോട്ടെ ഒരു സത്രത്തിലായിരുന്നു LDF ഉം UDF ഉം ഒപ്പത്തിനൊപ്പമോടുമ്പോൾ നീ പറഞ്ഞത് ഞാനിപ്പൊഴുമോർക്കുന്നു. ” തോൽക്കുന്നവർ ഒരു പാട് പിറകിലാവില്ലല്ലോ”. ആരെങ്കിലും ദയനീയമായി തോൽക്കുന്നത് നിനക്ക് കണ്ടോ കേട്ടോ നിൽക്കാനാവില്ലെന്ന് എനിക്ക് പലപ്പോഴും ബോധ്യമായതാണ്.2016ലെ വോട്ടെണ്ണുന്നതിൻ്റെ തലേന്ന് നീയെന്തിനാണ് ഇത്ര ധൃതിയിൽ നാടക മുറിയിൽ നിന്നിറങ്ങിപ്പോയത്. എൻ്റെ പാട്ടായിരുന്നു റിംഗ്ടോണായി നീ കൂടെ കൊണ്ടുപോയത്. നീയെന്നെ കൂട്ടിയേൽപ്പിച്ച പ്രിയപ്പെട്ട അനുജൻ ഗിരിയുമൊന്നിച്ച് ഞാൻ പിന്നെയും നാടകങ്ങളെഴുതി. എല്ലാം വിജയങ്ങളായി. നീ പറഞ്ഞതുപോലെ ഇപ്പോ തിരക്കഥയമെഴുതിതീർത്തു. അതിലൊന്നും എൻ്റെ അക്ഷരങ്ങൾ പറയാൻ നീയുണ്ടാവില്ല.എന്നാൽ എൻ്റെ കൈ തല്ലിയൊടിക്കാൻ ഓർമ്മകൾ കൂടെയുണ്ടാവുമെന്നെനിക്കുറപ്പുണ്ട്. ജീവിതത്തിൽ ഞാനൊറ്റക്കായ ദിവസങ്ങളിൽ നീയെനിക്കു തന്ന കരുതലുണ്ടല്ലോ – നമ്മളൊരുമിച്ച് പറഞ്ഞ സംഭാഷണങ്ങളുണ്ടല്ലോ അത്ര തീവ്രമായതൊന്നും പിന്നീടെഴുതിയിട്ടില്ല കുട്ടാ. നീ കെട്ടിയാടാതെ പോയ കിണ്ടി ഉമ്മറത്ത് തന്നെയുണ്ട്. എനിക്കെഴുതാനുള്ള മഷിയും നിറച്ച്’. നിൻ്റെ കാവിലാൻ’. Girish Pcpalam