സുനു വിജയൻ*
കുഞ്ഞുമോളും ,ചാക്കോയും ഭാര്യാഭർത്താക്കന്മാരാണ് .എന്റെ അയൽക്കാരും .എന്റെ വീടിനു പിന്നാമ്പുറത്തെ കിണറിനു പുറകിൽ ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് അവരുടെ വീട് .മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വലിയ പേരമരം ഇടതു വശത്തു് ..അതിൽ എന്നും മുഴുത്തു പഴുത്ത പേരക്കായ്‌കൾ ഉണ്ടാവാറുണ്ട് .മുറ്റത്തിന്റെ വലതു വശത്തു എന്നും നിറയെ പൂക്കുന്ന ചെമ്പകവും ..വീട്ടിലേക്കു കയറുന്ന നടക്കല്ലുകളിൽ ചെമ്പക പൂക്കളോ ,പേരക്ക പഴമോ എപ്പോഴും വീണു കിടക്കുന്നുണ്ടാകും ..
ചാക്കോയ്ക്കും ,കുഞ്ഞുമോൾക്കും കുട്ടികൾ ഇല്ല .വിവാഹം കഴിഞ്ഞിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു ..
ഓ ഒരു കാര്യം പറയാൻ മറന്നു ..ഞാൻ ഇവരുടെ അയൽക്കാരനായി വീട് പണിതു താമസം തുടങ്ങിയിട്ട് രണ്ടു വര്ഷം ആകുന്നതേയുള്ളു ..
കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ആയതിനാൽ എനിക്ക് അവരോടു സഹതാപവും അതിൽനിന്നും ഉരുത്തിരിഞ്ഞ സ്നേഹവും ഉണ്ടായിരുന്നു …
കഴിഞ്ഞ വർഷം വിഷുവിനു കാലത്ത് പാലു വാങ്ങാൻ സൊസൈറ്റിയിൽ പോയ ചാക്കോ മടങ്ങി വന്നത് രണ്ടു പൂച്ചക്കുഞ്ഞുങ്ങളും ആയിട്ടായിരുന്നു ..ആരോ അതിരാവിലെ വഴിയിൽ ഉപേക്ഷിച്ച പൂച്ച കുഞ്ഞുങ്ങൾ ..അവ തീരെ ചെറിയ കുഞ്ഞുങ്ങൾ ആയിരുന്നു .
ഒരുകയ്യിൽ പാൽക്കുപ്പിയും മറുകയ്യാൽ നെഞ്ചോട് ചേർത്തു പിടിച്ച പൂച്ച കുഞ്ഞുങ്ങളുമായി ചാക്കോ നടക്കല്ലുകൾ കയറി പോകുന്നത് ഞാൻ കൗതുകത്തോടെ കിണറുകരയിൽ നോക്കി നിന്നത് ഇപ്പോഴും ഓർക്കുന്നു
എപ്പോഴും നിശബ്ദത തളംകെട്ടികിടന്ന ആ വീട് പൂച്ചക്കുഞ്ഞുങ്ങളുടെ വരവോടെ ഉണർന്നു ..പരസ്പരം കാര്യമായി ഒന്നും സംസാരിക്കാതിരുന്ന കുഞ്ഞുമോളും ചാക്കോയും ഏറെ സംസാരിച്ചു തുടങ്ങി ..ഇതൊക്കെ വ്യക്തമായി ഞങ്ങളുടെ അടുക്കളയിൽ നിന്നും കേൾക്കാമായിരുന്നു .
“കുഞ്ഞോളെ പൂച്ചക്കുഞ്ഞു കരയുന്നതു നീ കേട്ടില്ലേ” …
“കുഞ്ഞോളെ ക്യഞ്ഞുങ്ങൾക്ക് പാലു കൊടുത്തോ .”
“കുഞ്ഞോളെ കുഞ്ഞുങ്ങൾ എന്ത്യേടി” ..
“ചേട്ടായി വൈകിട്ട് രണ്ടു കപ് കേക്ക് വാങ്ങിക്കോ ..ഇവളുമാര് ഇന്നൊന്നും കഴിച്ചില്ല” ..
“ചേട്ടായി നെത്തോലി മേടിച്ചാൽ മതി ..അവർക്കു അതാ ഇഷ്ടം” ..
ആളനക്കം ഇല്ലാതിരുന്ന ആ വീട്ടിലെ സംഭാഷണ ശകലങ്ങൾ ഇങ്ങനെ തുടർന്നു ..
കൂടാതെ പൂച്ചകുഞ്ഞുങ്ങൾ കരയുന്ന ശബ്ദം ,അവറ്റകൾക്കു ഭക്ഷണം കൊടുക്കുന്ന ശബ്ദം ,പൂച്ചക്കുഞ്ഞുങ്ങളോട് സംസാരിക്കുന്ന ശബ്ദം ..അവർക്കു കേൾക്കാൻ പാട്ട് പാടുന്ന ശബ്ദം അങ്ങനെ ആ വീടുണർന്നു ..രണ്ടു കുട്ടികൾ ആ വീട്ടിൽ താമസം ഉള്ളത് പോലെ ആ വീടും അതിലെ രണ്ടു മനുഷ്യരും മാറി ..
പൊന്നുവും ,പാറുവും അതായിരുന്നു പൂച്ചകുഞ്ഞുങ്ങൾക്കു അവർ നൽകിയ പേര് ..
അമ്മച്ചീടെ പൊന്നൂൂ ..
അപ്പച്ചന്റെ പാറൂ എന്നവർ സ്വന്തം മക്കളെ പോലെ ആ പൂച്ചകുഞ്ഞുങ്ങളെ വിളിക്കുമ്പോൾ അവ സ്നേഹത്തോടെ ആ വിളികേട്ട് ഓടി എത്തുമായിരുന്നു ..തന്റെ ആരോമൽ പൈതൽ എന്നപോലെ കുഞ്ഞുമോൾ മടിയിൽ കിടത്തി ..മാറോടു അൽപ്പം ചേർത്ത് ആ പൂച്ചകുഞ്ഞുങ്ങൾക്കു സ്പൂണിൽ പാല് കോരി കൊടുക്കുന്നത് കാണുമ്പോൾ ഞാൻ സഹതാപത്തോടെ ചിരിക്കുമായിരുന്നു.അതു കാണുമ്പോൾ ഒരു സ്ത്രീയിൽ മാതൃത്വത്തിന്റെ അനുരണനങ്ങൾ പ്രകൃതി എത്ര മനോഹരമായി നിറക്കുന്നു എന്നു ഞാൻ മനസ്സിലാക്കി ..കാരണം പൊന്നുവും പാറുവും അവരുടെ മക്കളായി മാറിക്കഴിഞ്ഞിരുന്നു …ആ പൂച്ചകുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി അവരെങ്ങും പോയിരുന്നില്ല ..ആ വീട്ടിൽ കളിയും ചിരിയും ഉണർന്നു ..അവിടെ സന്തോഷം എപ്പോഴും നിറഞ്ഞു നിന്നു ..
ഞങ്ങളുടെ വീടു കഴിഞ്ഞു സ്വല്പം മുന്നോട്ടു മാറി അടഞ്ഞു കിടക്കുന്ന ഒരു പഴയ വീടുണ്ടായിരുന്നു ..
ആവീട്ടിൽ ഈ വിഷുവിനു പുതിയ താമസക്കാർ വന്നു .അൽപ്പം പരിഷ്‌ക്കരിയയായ ഒരു സ്ത്രീയും ഭർത്താവും ,പതിനഞ്ചു വയസുള്ള ഒരു പയ്യനും ആണ് ആ വീട്ടിൽ അന്തേവാസികളായി എത്തിയത് ..
വിഷു കഴിഞ്ഞു മൂന്നാം പക്കം ..അതായത് ഇന്നലെ ഞാൻ ജോലി കഴിഞ്ഞു വൈകിട്ട് മടങ്ങി എത്തിയപ്പോൾ ചാക്കോചേട്ടന്റെ വീട്ടിൽ നിന്നും ഹൃദയ ഭേദകമായ നിലവിളി ഉയരുന്നു ..
അയ്യോ എന്റെ പൊന്നു മക്കളെ അമ്മേടെ പൊന്നൂസേ അമ്മേടെ പാറുക്കുട്ടിയെ ….
കുഞ്ഞുമോൾ ചേച്ചി പൊട്ടികരയുന്നു ..ഒരമ്മയുടെ ഹൃദയം തകർന്ന കരച്ചിൽ ..
മതില്കെട്ടിനപ്പുറത്തു നിന്നു കൗതുകത്തോടെ നോക്കുന്നത് പരിഷ്‌ക്കരി സ്ത്രീയും മകനും .
ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ പരിഷ്ക്കാരിയായ പുതിയ അയൽക്കാരി വിളിച്ചു പറഞ്ഞു ..
“ഇവിടെ പൂച്ചകളുടെ ഭയങ്കര ശല്യം ..ഇന്നലെ ഞങ്ങൾ വിഷം വച്ചു ..അവിടുത്തെ ആണെന്ന് തോന്നുന്നു രണ്ടു പൂച്ച ചത്തു ..അതിനെന്തിനാ ആ ചേച്ചി ഇങ്ങനെ വല്യ വായിൽ കരയുന്നെ .ഇതു നല്ല കൂത്ത് ..”
അതു കേട്ടതും എന്റെ ശ്വാസം നിലച്ചതുപോലെ ആയി ..
രണ്ടു മക്കളെ നഷ്ടപെട്ട ആ അമ്മയുടെ വേദന പുതിയ അയൽക്കാരി എങ്ങനെ അറിയാൻ ..
എന്റെ ദൈവമേ …ചെമ്പക പൂക്കൾ ചിതറിക്കിടന്ന ആ നടക്കല്ലിൽ ഞാൻ അറിയാതെ ഇരുന്നുപോയി …
മാതൃത്വത്തിന്റെ മഹനീയ സങ്കൽപ്പത്തെ എത്രവേഗം പുതിയ അയൽക്കാർ തച്ചുടച്ചു …
പാവം പൂച്ചക്കുഞ്ഞുങ്ങൾ ആ കുഞ്ഞുങ്ങൾക്ക് അവർ മരണം വിതച്ചു …
പാവം കുഞ്ഞുമോൾ അവർക്കു വീണുകിട്ടിയ മാതൃത്വ ഭാവങ്ങൾ തകർത്തു കളഞ്ഞു ..
പാവം ചാക്കോ ഉണർന്നുവന്ന അയാളുടെ വീട് വീണ്ടും ശ്മശാന മൂകതയിലേക്ക് ..
നടക്കല്ലുകളിൽ ചെമ്പകപ്പൂക്കൾ വീണുകൊണ്ടേയിരുന്നു.