വി ജി മുകുന്ദൻ*

പദാർത്ഥങ്ങളുടെ ഭൗതികവും ആശയപരവും തത്വശാസ്ത്രപരവുമായ ശക്തി സമന്വയങ്ങളുടെ ഒരു മാസ്മരിക പ്രഭാവലയമാണ് പ്രപഞ്ചം.
അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ തന്നെ വരദാനമാണ് മനുഷ്യമനസ്സിന്റെ ഭൗതികവും ആശയപരവുമായ അന്വേക്ഷണങ്ങളും കണ്ടെത്തലുകളും.
തലച്ചോറിലെ ജൈവ രാസ വൈദ്യുത പ്രവർത്തനങ്ങൾക്കൊപ്പം ആശയപരവും ആധ്യാത്മികവുമായ മണ്ഡലങ്ങളിലുള്ള മനസ്സിന്റെ വ്യവഹാരമാണ്
മാനുഷികചിന്തകളിലേയ്ക്ക് അവനെ നയിയ്ക്കുന്നത്.

പ്രകൃതിയുടെ ഭാഗം തന്നെയാണ് മനസ്സും
എന്ന ബോധ്യത്തിലൂടെ മാത്രമേ ഭൗതിക പ്രപഞ്ചത്തിനപ്പുറം ആശയപരതയോടെ
പ്രപഞ്ചത്തെ നോക്കികാണുവാനും, വെറും ദ്രവ്യം(പദാർത്ഥം)എന്നതിനപ്പുറം മനുഷ്യത്വത്തിന്റെയും വിശ്വമാനവികതയുടെയും
മൂല്യങ്ങൾകൂടി ചേരുന്നതാണ് മനുഷ്യൻ എന്ന്‌ മനസ്സിലാക്കുന്നതിനും അവന് സാധിക്കുകയുള്ളൂ.
പ്രപഞ്ചം ചലനാത്മകവും നിരന്തരം മാറ്റങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു
എന്നതും ശാസ്ത്രത്തിന്റെ (മനുഷ്യന്റെ) കണ്ടെത്തലുകൾ മാത്രമാണ്; സൃഷ്ടിയല്ല.

മനുഷ്യമനസ്സ് തന്നെയാണ് ഇവിടെയും പ്രശ്നക്കാരൻ; ശാസ്ത്രത്തിന് (ശരിയായ രീതിയിലുള്ള മനസ്സിലാക്കൽ) പൂർണ്ണമായും
പിടികൊടുക്കാതെ, മാറി നിന്നുകൊണ്ട്
അറിഞ്ഞുവച്ച യാഥാർഥ്യങ്ങൾക്കും അപ്പുറത്തേക്ക്‌ ചിന്തകളെ തുറന്നുവിട്ട് പുതിയ അന്വേക്ഷണങ്ങളിലേയ്ക്ക് അവനെ കൊണ്ടുപോവുകയും അത് പുതിയ പുതിയ
അറിവുകളിലേയ്ക്കും കണ്ടെത്തലുകളിലേയ്ക്കും നയിക്കുകയും ചെയ്യുമ്പോഴാണ് അവൻ വീണ്ടും വീണ്ടും പ്രപഞ്ചത്തിന്റെ മാസ്മരിക ശക്തിയിലേയ്ക്ക് ആവാഹിയ്ക്കപ്പെടുന്നത്.

പ്രപഞ്ചത്തിലുള്ള യാഥാർഥ്യങ്ങളെ
മനുഷ്യ മനസ്സ് അതിന്റെ യുക്തിയ്ക്കും
കഴിവിനും അനുസരിച്ച് വിശകലനം ചെയ്ത്
മനസ്സിലാക്കുമ്പോഴാണ് പ്രപഞ്ചത്തിൽ ഭൗതികവും ആശയപരവും തത്വശാസ്ത്രപരവും ആത്മീയപരവുമായ പല തലങ്ങളും സമന്വയിപ്പിച്ചിട്ടുണ്ടെന്നും ആ സമന്വയമാണ് ആത്യന്തികമായ സത്യമെന്നും
അവൻ മനസ്സിലാക്കുന്നത്.

ആ സമന്വയത്തിലൂടെ തന്നെയാണ് ജൈവ രാസ വൈദ്യുത ഊർജ്ജത്തെ ഉപയോഗിച്ച്
പ്രകൃതിയ്ക്കനുയോജ്യമായി ജീവജാലങ്ങളിൽ (മനുഷ്യനടക്കം ) ശാരീരികമായും മാനസികമായും അതുപോലെ പെരുമാറ്റരീതികളിലും ഭക്ഷണരീതികളിലും സഹചാര്യത്തിനനുസരിച്ചുള്ള മാറ്റം ഈ പ്രപഞ്ചം തന്നെ നടത്തിയെടുക്കുന്നത്.
പ്രപഞ്ചത്തിന്റെ ഈ ശക്തിയാണ് മനുഷ്യ മനസ്സുകളിൽ ദൈവികമായ കാര്യങ്ങളായി അനുഭവ ബോധ്യമാകുന്നത്.

മനുഷ്യൻ അന്വേക്ഷിച്ച്‌ കണ്ടെത്തയില്ല
അല്ലെങ്കിൽ കണ്ടെത്തുന്നില്ല എന്നിരുന്നാലും
യാഥാർഥ്യങ്ങൾ എന്നും യാഥാർഥ്യങ്ങൾ
അഥവാ സത്യങ്ങളായും അതുപോലെ ഈ പ്രപഞ്ചം നിരന്തരം ഭാവഭേദങ്ങളോടെയും രൂപഭേദങ്ങളോടെയും നിലനിൽക്കുകയും ചെയ്യും.!

മനുഷ്യശരീരത്തിന്റെ ദ്രവ്യപരവും ജീവശാസ്ത്രപരവുമായ കാര്യങ്ങൾ
ഭൗതികമായിരിക്കുമ്പോൾ തന്നെ മനസ്സിന്റെ വ്യവഹാര മണ്ഡലം അനന്തവും അജ്ഞാതവും ദൈവികവും അതുപോലെതന്നെ തത്വശാസ്ത്രപരവും ആശയപരവുമാണ്;
അതുകൊണ്ടു മാത്രമാണ് മനുഷ്യൻ കേവലം ഒരു പദാർത്ഥം( ദ്രവ്യം) മാത്രമല്ലാതെ ‘മനുഷ്യൻ’
ആയിരിക്കുന്നത്.!!!

By ivayana