ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയിൽ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക്ഏർപ്പെടുത്താൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തുന്നതായി യു എ ഇ-യും അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്ന് അവസാനത്തെ വിമാന സർവീസുകളിൽ ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു.ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഏതൊക്കെ.
പാകിസ്ഥാൻ കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയിൽ നിന്ന് റോഡ് മാർഗമോ വിമാന മാർഗമോ വരുന്ന യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്നതായി അറിയിച്ചു.ഇന്ത്യയിലേക്കുള്ള യാത്ര അമേരിക്കക്കാർ ഒഴിവാക്കണമെന്നും യു എസ് എയിലെ ഔദ്യോഗിക വൃത്തങ്ങൾ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ബോറിസ് ജോൺസൺ ഗവൺമെന്റ് വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.തൽക്കാലം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രഖ്യാപിച്ചു.ഏപ്രിൽ 20 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഹോങ് കോങ് വിലക്ക് ഏർപ്പെടുത്തി.
സിംഗപ്പൂർ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികളായ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കും.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തുന്നതായി ഒമാൻ റിപ്പോർട്ട് ചെയ്തു. ഫ്രാൻസ് ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി അറിയിച്ചു.ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഏപ്രിൽ 24ന് മുതൽ നിർത്തിവെയ്ക്കും.സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് മെയ് 17-ന് ശേഷവും തുടരുമെന്ന് സൗദി അറിയിച്ചു.ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി കാനഡ വ്യാഴാഴ്ച അറിയിച്ചു.