ഇന്നു നീ
പോകയാണല്ലേ?,
ഭാവങ്ങളേതൊന്നു
മില്ലാത്ത, ഉയിരറ്റ
ഉടലിലെ ചൊടികൾ
യാത്രാ മൊഴി-
യൊന്നും ചൊല്ലാത്ത,
കൺകൾ മിഴിക്കാത്ത
ഇമകൾ തുറക്കാത്ത
നിസ്സംഗ ഭാവത്തി-
ലന്ത്യ യാത്ര !

ആകാശ ദൂരങ്ങള-
റബിക്കടലിന്റെ മേലെ
പറന്നടുക്കുന്നു നീ, പച്ചച്ച
വരവേല്പുകൾ, സസ്യ
ശ്യാമള കോമള
കേദാര ഭൂമിയിൽ
ഉയിരറ്റ തനുവിന്റെ
മരവിച്ച നീ, നിന്നെ
ആരൊക്കെ
കാണുവാൻ? !

ഇന്നു നീ നാളെ
യാരോ?! അറിയാതുള്ളു,
ഇവിടെയുരുകും
പ്രവാസിതൻ തീയിലെ,
പൊള്ളാത്ത മഞ്ഞ
വെളിച്ചം പരത്തുന്നൊ
രാഭയിൽ നാടിന്റെ
അന്ധകാരത്തെ
കെടുത്തുവാനിനിയാര്
ആർക്കറിയാം? !

ഈന്തപ്പനകളിൽ
പഴമൊക്കെ മഞ്ഞച്ച
കാഴ്ചകൾ കാണുവാൻ
ഇനിവരില്ല….ല്ലെ, നീ?!
കാറ്റടിച്ചു, മണൽ
വെന്തമണം കൊണ്ടു
വേർപ്പിലെയുപ്പിന്നു
ചന്തം വരുത്തുവാൻ,
ഇനിയും വരില്ല, നീ
അല്ലെ, സ്വന്തു !
.
മാത്യു വർഗീസ്

By ivayana