അമ്പിളിക്ക് വയസ് അഞ്ച്.
അമ്പിളി അനാഥയായിരുന്നു.
അമ്പിളിയുടെ മുത്തശ്ശി മരിച്ചപ്പോഴാണ് അമ്പിളി അനാഥ എന്ന ഗണത്തിൽ എത്തിയത്.
അമ്പിളിയെ ആരോ അനാഥാലയത്തിലാക്കി.
അനാഥാലയത്തിലെ തഴപ്പായിൽ എന്നും രാത്രി അമ്പിളി പേടിച്ചു മൂത്രമൊഴിച്ചിരുന്നു.
അനാഥാലയത്തിലെ ‘അമ്മ എന്നും പുലർച്ചെ അമ്പിളിയുടെ പുറത്തു ചൂരൽ കൊണ്ട് അടിക്കുമായിരുന്നു.
മുഴിഞ്ഞ വെള്ള പെറ്റിക്കോട്ടിനടിയിൽ മുതുകിൽ എന്നും ചൂരൽപാടുകൾ തിമർത്തു കിടന്നിരുന്നു..
പുലർച്ചെ കരഞ്ഞുകൊണ്ട് എന്നും അമ്പിളി എന്ന അഞ്ചു വയസുകാരി തഴപ്പാ കഴുകി ഉണക്കാനിട്ടിരുന്നു..
കറുത്ത് പിഞ്ചിയ ആ തഴപ്പായിൽ ഇടയ്ക്കിടെ വെളുത്ത അമ്പിളികലകൾ ഉണ്ടായിരുന്നു !!!
പെട്ടെന്നൊരു ദിവസം അനാഥാലയത്തിലെ ‘അമ്മക്ക് അസുഖം ബാധിച്ചു. അവർ പദവിയൊഴിഞ്ഞു മടങ്ങിപ്പോയി.
അമ്മക്കുപകരം അറുപതുകഴിഞ്ഞ അമ്മാവൻ ചാർജ്ടുത്തു. രാത്രിയിൽ പേടിച്ചു കിടന്നു മൂത്രമൊഴിക്കുന്ന അമ്പിളിയെന്ന അഞ്ചുവയസ്സുകാരിയെ താൻ മാറ്റിയെടുക്കുമെന്ന് അമ്മാവൻ എല്ലാവരെയും അറിയിച്ചു.
അമ്പിളിയുടെ ഉറക്കം തഴപ്പായിൽനിന്നു അമ്മാവന്റെ മെത്തയിലേക്കു മാറി.
അമ്പിളിയുടെ പുറത്തെ കാണാമറയത്തെ തടിച്ച തിമിർപ്പുകൾ കരിഞ്ഞു.
അമ്പിളിയുടെ ചുണ്ടുകളും കവിളുകളും കാണാവുന്ന വിധം പലപ്പോഴും മുറിഞ്ഞിരുന്നു!!!!
അമ്പിളി പിന്നീടൊരിക്കലും കിടന്നു മൂത്രമൊഴിച്ചില്ല..
അമ്പിളി പുലർച്ചെ ചൂരൽ അടികൊണ്ടു ഉറക്കെ കരഞ്ഞില്ല..
അമ്പിളി കളിചിരി ഇല്ലാതെ നിശബ്ദയായി അനാഥാലയത്തിൽ ജീവിച്ചു.
അമ്പിളിക്ക് വയസ് അഞ്ചായിരുന്നു..
സുനു വിജയൻ