സുനു വിജയൻ*
സമയം രാവിലെ ഏഴുമണി ..ഞാൻ കട്ടിലിൽ വെറുതെ ഉണർന്നു കിടക്കുകയാണ് ..അല്പം ആകാശ കാഴ്ചകൾ കാണാൻ പുറത്തേക്കുള്ള ജനാല തുറന്നു ..എന്റെ വീട് മെയിൻ റോഡിൽ നിന്നും അഞ്ചു മീറ്റർ മാത്രം അകലെയാണ് .പ്രധാന നിരത്തിൽനിന്നും മൂന്നു മീറ്റർ പൊക്കത്തിൽ ആണ് വീട് പണിതിരിക്കുന്നത് .
പതിനഞ്ചു മീറ്റർ നീളത്തിൽ വീടിനു മുൻപിൽ ഇളം തിണ്ണ ..നീളത്തിൽ പണിതിരിക്കുന്ന വീടിന്റെ എല്ലാ മുറികളുടെയും ജനാലകൾ തുറക്കുന്നത് ഈ തിണ്ണയിലേക്കാണ് ..മിക്കവാറും ദിവസങ്ങൾ കാലത്ത് ഉണർന്നു കഴിഞ്ഞു ഞാൻ എന്റെ കിടപ്പുമുറിയുടെ ജനാലകൾ തുറന്നു പുറത്തെ കാഴ്ചകൾ നോക്കി അൽപനേരം ഇങ്ങനെ കിടക്കും
പുലർച്ചെ ആയതിനാൽ റോഡില്കൂടി വാഹനങ്ങളും വഴിയാത്രക്കാരും കുറവായിരിക്കും ..
വീട് റോഡിൽ നിന്നും ഉയർന്നിരിക്കുന്നതിനാൽ ദൂരെ കുന്നിൻ ചെരുവുകളും ,ആകാശ ഭംഗിയും നന്നായി കാണാൻ സാധിക്കും ..താഴെ റോഡിനോട് ചേർന്നു എതിർവശത്ത് വലിയ ആഞ്ഞിലി മരവും ഒരു കുടംപുളി മരവും നിൽക്കുന്നതിനാൽ ആകാശം എപ്പോഴും എനിക്കു ഇലച്ചാർത്തുകൾ നിറഞ്ഞതായാണ് കാണുവാൻ സാധിക്കുക ..അതിനു പുറകിൽ പുതുവേലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മേൽക്കൂര ..അതിനും പിന്നിൽ ദൂരെ കൂത്താട്ടുകുളം പള്ളിയുടെ കുരിശ് .ആകാശത്തിന്റെ മേഘ ഭംഗി അതിനപ്പുറം …എന്റെ ഈ കട്ടിലിൽ കിടന്നു നോക്കിയാൽ കാണുന്ന കാഴ്ച ഭംഗി സത്യമായും വളരെ മനോഹരമാണ് ..രാവിലെ ഇങ്ങനെ കാഴ്ചകൾ കണ്ടു കിടക്കവേ തികച്ചും യാദൃശ്ചികമായിട്ടാണ് താഴെ റോഡിൽ കൂടി നടന്നു പോകുന്ന ആ സ്ത്രീയെ ശ്രദ്ധിച്ചത് ..ഒരു ലോട്ടറി വില്പനക്കാരി ..
രാവിലെ ഏഴു മണി ആയതിനാൽ ആകണം അവർ വളരെ പതുക്കെയാണ് നടക്കുന്നത് .പച്ച നിറമുള്ള ചുരിദാർ ആണ് അവർ ധരിച്ചിരിക്കുന്നത് ..അതിനു മുകളിൽ ലോട്ടറി വില്പനക്കാരുടെ ബ്രൗൺ നിറമുള്ള ഓവർ കോട്ട് അണിഞ്ഞിരിക്കുന്നു .തോളിൽ ഒരു ബാഗ് .വലതു കയ്യിൽ ലോട്ടറി ടിക്കറ്റുകൾ നിരത്തി പിടിച്ചിരിക്കുന്നു …ആ സ്ത്രീ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു ..നേരിയ തോതിൽ കാലു വലിച്ചു വലിച്ചാണ് നടത്തം ..കാലിനു നല്ല സ്വാധീനം ഇല്ലാത്ത സ്ത്രീയാണ് ..നടപ്പിൽ അതു വ്യക്തമാണ് .മുഖത്തു അവർ ഒരു വലിയ കണ്ണട വച്ചിരിക്കുന്നു .അവർ നടന്നു എന്റെ വീടിൻറെ മുൻപിൽ എത്താറായപ്പോൾ ഞാൻ ജനലിൽ കൂടി അവരെ സൂക്ഷിച്ചു നോക്കി ..
ഇപ്പോൾ അവരുടെ മുഖം എനിക്കു വളരെ വ്യക്തമായി കാണാം .അവരുടെ മുഖത്തിന്റെ ഒരു വശവും കഴുത്തും പൊള്ളി വികൃതമായിരിക്കുന്നു ..കഴുത്തിലെ പേശികൾ പൊള്ളി പുറത്തേക്കു തള്ളി അൽപ്പം വികൃതമായ രീതിയിൽ കാണാം അവർ തലയിൽ ഒരു നീല തൊപ്പി അണിഞ്ഞിട്ടുണ്ട് ..വെയിൽ നാളങ്ങൾ വീണു തുടങ്ങുമ്പോൾ അതിൽനിന്നും രക്ഷ നേടാൻ ..ജനൽ നന്നായി തുറന്നു ഇട്ടിരുന്നതിനാലും ,ജനാലയുടെ വെളുത്ത തിരശീല നന്നായി നീക്കി ഇട്ടിരുന്നതിനാലും ആ സ്ത്രീ എന്നെ കണ്ടു എന്നു തോന്നുന്നു .
എന്നെ നോക്കി ഒന്നു ചിരിച്ചു ലോട്ടറി ടിക്കറ്റ് ഉയർത്തി അവർ പറഞ്ഞു .
“ഗുഡ് മോർണിംഗ് സർ ..ഈ നല്ല പ്രഭാതത്തിൽ ഒരു ഭാഗ്യം തരട്ടെ ..”
ഞാൻ കിടക്കയിൽ കിടന്നു ചിരിച്ചുകൊണ്ട് പറഞ്ഞു ..
ഇന്നു വേണ്ട ..അടുത്ത ദിവസം വാങ്ങാം ..
ശരി സർ …
അവർ വളരെ നന്നായി ചിരിച്ചുകൊണ്ട് കൈ വീശി കാണിച്ചു മുന്നോട്ടു നടന്നു ..
ഏകദേശം അൻപത്തി അഞ്ചു വയസ്സു കാണും അവർക്ക് ..ശരീരം പൊള്ളലേറ്റ നിലയിൽ ..നടക്കാൻ കാലിനു ബുദ്ധിമുട്ട് .എന്നിട്ടും അവർ എത്ര സന്തോഷത്തോടെ സംസാരിക്കുന്നു ..ഞാൻ ലോട്ടറി വാങ്ങാതിരുന്നിട്ടും എത്ര മനോഹരമായി അവർ എന്നെ നോക്കി പുഞ്ചിരിച്ചു ..അതിരാവിലെ ഏഴുമണിക്ക് ഇവർ ഇവിടെ എത്തണം എങ്കിൽ ഇവർ എത്ര നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയിരിക്കണം ..
കട്ടിലിൽ നിന്നും എഴുന്നേറ്റെങ്കിലും എന്റെ ചിന്തകൾ ആ ലോട്ടറിക്കാരിയെ ചുറ്റിപറ്റി നിന്നു ..
പിറ്റേന്ന് രാവിലെ ഞാൻ അവർ എന്റെ വീടിനു മുന്നിൽ കൂടി നടന്നു പോകുന്നുണ്ടോ എന്നറിയുവാൻ ഞാൻ കാലത്ത് കുറേ സമയം വഴിയിലേക്ക് കണ്ണും നട്ടിരുന്നെങ്കിലും അവരെ കാണുവാൻ സാധിച്ചില്ല ..
പക്ഷേ മൂന്നു ദിവസങ്ങൾക്കു ശേഷം എന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ ഇലഞ്ഞി എന്ന സ്ഥലത്തുകൂടി അവർ കടന്നു പോകുന്നത് ഞാൻ കാണുകയുണ്ടായി ഏകദേശം ഉച്ചയോടു അടുത്ത സമയം മേടസൂര്യൻ കത്തി ജ്വലിച്ചു നിൽക്കുന്ന സമയം . ആ പൊള്ളുന്ന വെയിലിൽ ഇലഞ്ഞിയിലെ വഴിയോരത്തുകൂടി നീല തൊപ്പി അണിഞ്ഞു വഴിയിൽ കാണുന്ന ഓരോ ആളുകളോടും ലോട്ടറി വേണോ എന്നു ചോദിച്ചു ,നടക്കാൻ ബുദ്ധിമുട്ടുള്ള തന്റെ ഇടതുകാൽ വലിച്ചു വച്ച് അവർ നടന്നു നീങ്ങുന്നത് ഞാൻ മറ്റൊരാളുടെ കാറിൽ യാത്ര ചെയ്യുന്ന സമയം കണ്ടെങ്കിലും തിരക്ക് കാരണം കാർ നിർത്തി അവരുടെ കയ്യിൽ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങാൻ സാധിച്ചില്ല ..
അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നു മണി കഴിഞ്ഞ സമയം .ഞാൻ ബസിൽ വൈക്കത്തു നിന്നും കൂത്താട്ടുകുളത്തേക്കു യാത്ര ചെയ്യുകയായിരുന്നു ..ഉച്ചക്ക് കടുത്ത വെയിൽ ആയിരുന്നെങ്കിൽ ഉച്ചകഴിഞ്ഞു ശക്തമായ മഴയായിരുന്നു അല്ലങ്കിലും ഇപ്പോൾ കാലം തെറ്റിയ കാലാവസ്ഥ ആയതിനാൽ ഉച്ചക്ക് ശേഷം ശക്തമായ കാറ്റും ,മഴയും ,ഇടിയും ,മിന്നലും ആണ് കൂത്താട്ടുകുളത്തുംപരിസര പ്രദേശങ്ങളിലും ..
മഴ പെയ്തു തോർന്ന സമയം ..എങ്കിലും ചന്നം പിന്നം ചാറുന്നുണ്ട് .അപ്പോൾ ബസിൽ ഇരുന്നു ഞാൻ അവരെ കണ്ടു ..മുത്തോലപുരം വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളന്റെ പള്ളിയുടെ വാതുക്കൽ നേരിയ ചാറ്റൽ മഴ നനഞ്ഞു പ്രാർത്ഥനാ നിരതയായി നിൽക്കുന്ന ലോട്ടറിക്കാരിയെ ..അപ്പോൾ അവരുടെ കയ്യിൽ ലോട്ടറി ടിക്കറ്റ് ഒന്നുപോലും ഞാൻ കണ്ടില്ല ..
പിന്നീട് ഞാൻ കൂത്താട്ടുകുളത്ത് പല സ്ഥലത്ത്വച്ചും ആ ലോട്ടറിക്കാരിയെ കണ്ടു ..കാണുമ്പോഴൊക്കെ ഞാൻ അവരുടെ കയ്യിൽ നിന്നും ഓരോ ലോട്ടറി ടിക്കറ്റ് വാങ്ങാൻ മറന്നില്ല ..പലപ്പോഴും പല സ്ഥലത്ത് വച്ചായിരുന്നു ഞാൻ അവരെ കണ്ടിരുന്നത് ..
ചിലപ്പോൾ കൂത്താട്ടുകുളം ചന്തയുടെ പരിസരത്തു ,ചിലപ്പോൾ ബസ് സ്റ്റാൻഡിനു സമീപം ,ചിലപ്പോൾ പടിക്കെട്ടുകൾ ധാരാളം ഉള്ള ഓണം കുന്നു ഭഗവതി ക്ഷേത്രത്തിനു സമീപം പ്രാർത്ഥനാ നിരതയായി ,അല്ലങ്കിൽ കൂത്താട്ടുകുളത്തെ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് ഉള്ള ,ഏഷ്യയിലെ ഏറ്റവും വലിയ നിലവിളക്കുള്ള പള്ളിയുടെ മുറ്റത്തു ചിരിക്കുന്ന മുഖവുമായി ലോട്ടറി വിൽക്കുന്നത് ,അതുമല്ലങ്കിൽ കിലോമീറ്ററുകൾക്കപ്പുറം മൂവാറ്റുപുഴയിലേക്കുള്ള പ്രധാന റോഡിന്റെ ഏതെങ്കിലും ഭാഗത്ത് ..അവരിങ്ങനെ കാലും വലിച്ചു വലിച്ചു നടക്കുന്നുണ്ടാകാം ചിലപ്പോൾ പൊരി വെയിലിൽ ,ചിലപ്പോൾ കടുത്ത മഴയിൽ ,ചിലപ്പോൾ അതിരാവിലെ ..അപ്പോഴൊന്നും തികഞ്ഞ ഉത്സാഹം നിറഞ്ഞ മുഖത്തോടെ അല്ലാതെ അവരെ ഞാൻ കണ്ടിട്ടേയില്ലായിരുന്നു .
പല തവണ ലോട്ടറി ടിക്കറ്റ് അവരിൽ നിന്നും വാങ്ങിയിരുന്നു എങ്കിലും ഒരിക്കലും ഞാൻ അവരോടു യാതൊന്നും സംസാരിച്ചിരുന്നില്ല ..അവരുടെ മുഖത്തു എങ്ങനെയാണ് ഈ പൊള്ളൽ സംഭവിച്ചത് എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു ..അതുപോലെ അവർ എന്നും ഇത്ര രാവിലെ എവിടെ നിന്നാണ് കൂത്താട്ടുകുളത്ത് എത്തുന്നത് എന്നൊക്കെ ചോദിക്കണം എന്നു കരുതും എങ്കിലും ഒരിക്കലും അതൊന്നും ഞാൻ ചോദിച്ചില്ല ..
ഒരിക്കലും ഒരു സമ്മാനം പോലും എനിക്ക് ലോട്ടറിയിൽ നിന്നും ലഭിച്ചിരുന്നില്ല എങ്കിലും ഞാൻ അവരെ കാണുമ്പോഴൊക്കെ ലോട്ടറി ടിക്കറ്റ് ഒരെണ്ണം വാങ്ങാൻ മറന്നിരുന്നില്ല ..
ഒരിക്കൽ ഒരു ആശുപത്രി ആവശ്യം കഴിഞ്ഞു മൂവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളത്തേക്കു കാറിൽ വരുന്ന സമയം ..ആറൂർ ടോപ്പിലെ തിരു രക്തമല പള്ളിയുടെ സമീപത്തേക്കു ഞാൻ പതുക്കെ എത്തുകയായിരുന്നു ..വരുമ്പോൾ ഇടതുവശത്തു വലിയ ആഞ്ഞിലി മരത്തിൽ തൂങ്ങിക്കിടക്കുന്ന മലന്തേൻഈച്ചകളുടെ വലിയ തേനീച്ച കൂടുകളും ,നിറയെ പൂത്തുകിടക്കുന്ന വെള്ള പൂക്കൾ നിറഞ്ഞ കാട്ടു വള്ളികളും എനിക്കെന്നും ഒരു കൗതുകം ആയതിനാൽ അവിടെ കാർ ഒതുക്കി ഒരു ചായ കുടിക്കുക പതിവുണ്ട് ..വലിയ മരത്തിൽ തൂങ്ങിക്കിടക്കുന്ന ആ കാട്ടുതേൻ ഒരിക്കലും ആരും ശേഖരിക്കില്ല എന്ന വസ്തുത അറിയാം എങ്കിലും തിരു രക്ത മലയുടെ താഴ്വാരത്തിലെ ആ തേനീച്ചകളുടെ കാര്യം എല്ലാതവണയും ഞാൻ ചായക്കടക്കാരനോട് ചോദിക്കുക പതിവായിരുന്നു ..
ചായ കുടിച്ചുകൊണ്ട് ഇരിക്കവേ ഞാൻ ആ ലോട്ടറിക്കാരിയെ കണ്ടു ..കൂടെ മറ്റൊരാളും ഉണ്ടായിരുന്നു .അയാൾ ഒരന്ധൻ ആയിരുന്നു …തന്നെയുമല്ല അയാളുടെ മുഖവും പൊള്ളി വികൃതമായ രീതിയിൽ കാണപ്പെട്ടു അവരുടെ ഇടപഴകലിൽ നിന്നും അവർ ഭാര്യയും ഭർത്താവും ആണ് എന്നെനിക്കു മനസിലായി ..
അയാളുടെ കൈകളും കാൽപാദങ്ങളും പൊള്ളിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു …
എനിക്ക് അതു കണ്ടപ്പോൾ വല്ലായ്മ തോന്നി .
തീർച്ചയായും ഇവർക്കു രണ്ടുപേർക്കും ഒരുമിച്ചു എന്തോ അപകടം പറ്റിയതാവണം ..എന്റെ മനസ്സ് മന്ത്രിച്ചു ..
ലോട്ടറിയുമായി നടന്നു നീങ്ങുന്ന അവരെ കണ്ടപ്പോൾ അടുത്ത തവണ തീർച്ചയായും അവരോടു നേരിട്ട് സംസാരിക്കണം എന്നു ഞാൻ ഉറപ്പിച്ചു ..
അപകടത്തിൽ വളരെ ഗുരുതരമായി പൊള്ളൽ ഏറ്റിട്ടും ,ഒരുപക്ഷെ അങ്ങനെ അയാളുടെ കാഴ്ച തന്നെ നഷ്ടപ്പെട്ടിട്ടും ലോട്ടറി വിറ്റു ആരെയും ആശ്രയിക്കാതെ പരസ്പരം താങ്ങായി ജീവിക്കുന്ന ആ ദമ്പതികളെ കണ്ടപ്പോൾ അവരോടു ആദരവ് തോന്നി …
ഒരു നിമിഷം അപ്പോൾ ആലോചിച്ചു പോയി ഇങ്ങനെ ലോട്ടറി വിറ്റു ജീവിക്കുന്ന ആയിരങ്ങളെ ..
ജീവിതത്തിൽ ഒരിക്കലും ലോട്ടറി വാങ്ങാതിരുന്ന ഞാൻ ലോട്ടറി വാങ്ങിയത് ആ സ്ത്രീയുടെ ആത്മവിശ്വാസവും ,ഉത്സാഹവും കണ്ടിട്ടായിരുന്നു …അതിരാവിലെ ലോട്ടറിയുമായി ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന അവരുടെ ജീവിതം ഒരുപക്ഷെ എത്ര മാത്രം വിഷമങ്ങൾ നിറഞ്ഞതാകാം …..
ആറൂർ ടോപ്പിൽ നിന്നും കൂത്താട്ടുകുളത്തേക്കു മടങ്ങുമ്പോൾ മനസുനിറയെ അവരായിരുന്നു .
വളരെ വേഗം എല്ലാം മാറി മറിഞ്ഞു ….
കോവിഡ് എന്ന മഹാമാരി എങ്ങും താണ്ഡവം തുടങ്ങി …ജനജീവിതം താറുമാറായി ..ആളുകൾ ഭീതി വിട്ടൊഴിയാതെ പരിഭ്രമിച്ചു ..ആയിരങ്ങൾക്ക് ജോലി നഷ്ടമായി …ആയിരങ്ങൾ രോഗത്താൽ വലഞ്ഞു . .ഒത്തിരി പേരുടെ അന്നമായ ലോട്ടറി കച്ചവടം നിന്നു പോയി …
ഈ സമയത്തൊക്കെ ഞാൻ ആ ലോട്ടറി വിൽക്കുന്ന സ്ത്രീയെയും അവരുടെ പൊള്ളലേറ്റ അന്ധനായ ഭർത്താവിനെയും കുറിച്ചോർത്തു ..ഒരു പക്ഷേ അവരുടെ കുഞ്ഞുങ്ങൾ .. .
കോവിടിന്റെ കാഠിന്യം അൽപ്പം കുറഞ്ഞു …
രാജ്യം പതുക്കെ പഴയ രീതിയിലേക്ക് പിച്ചവച്ചു തുടങ്ങി..മറ്റുള്ള കച്ചവടക്കാരെപോലെ ലോട്ടറി വിൽക്കുന്നവരെയും വഴിയിൽ കണ്ടു തുടങ്ങി . …ഞാൻ നിരത്തിൽ എങ്ങും ആ ലോട്ടറിക്കാരിയെ തിരഞ്ഞു …അവരെ ഞാൻ കൂത്താട്ടുകുളത്തോ പരിസര പ്രദേശത്തോ ഇതുവരെ കണ്ടില്ല .ഒരു പക്ഷേ അവർ മറ്റെവിടെയെങ്കിലും പോയിരിക്കാം ..പക്ഷേ കോവിഡ് താറുമാറാക്കിയ അനേകരുടെ ജീവിതം പോലെ അവരുടെ ജീവിതവും …
ഇന്നും കാലത്ത് ഉണർന്നു കഴിഞ്ഞാൽ ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കും മാസ്ക്ക് ധരിച്ചു കാലുകൾ പതുക്കെ വലിച്ചു വച്ച് ചിരിക്കുന്ന മുഖവുമായി ഈ വഴിത്താരയിലൂടെ ആ ലോട്ടറിക്കാരി നടന്നു വന്നിരുന്നെങ്കിൽ .പ്രത്യാശയുടെ ഒരു സുപ്രഭാതം അവരിൽ നിന്നും കേൾക്കാൻ ഞാൻ ആഗ്രഹിച്ചു ..എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ച ഒരേയൊരു ലോട്ടറി വില്പനക്കാരി അവർ ആയതിനാലും ,കോവിഡ് എന്ന മഹാമാരി അവരെ ജീവിതത്തിൽ തളർത്തിയിരിക്കുമോ എന്ന ഭയം ഉള്ളതിനാലും ആയിരിക്കണം ഞാൻ ആ ലോട്ടറിക്കാരിയെ കാണാൻ ആഗ്രഹിക്കുന്നത് ..അവർ ഇനിഗും ഇതുവഴി കടന്നു വരുമോ വരുമായിരിക്കും ….