Madhav K. Vasudev
മെയ്യ് ദിനപ്പുലരിയില്‍ ചിതറിവീണ തുള്ളികള്‍
വാനിലന്നു പൂക്കളായ് ചുവന്ന താരകങ്ങളായ്….
ചുണ്ടിലന്നു മൊഴികളായി പിറന്നു വീണ വാക്കുകൾ സിരകളില്‍ ലഹരിയായ്
ഓര്‍മ്മയില്‍ ജ്വലിച്ചുനില്ക്കും ധീര രക്തസാക്ഷികള്‍……..
അവര്‍ തെളിച്ച പാതയില്‍ കൊളുത്തിവെച്ച ദീപമേന്തി
ആയിരങ്ങളണികളായി തോളുചേര്‍ന്നു നിന്നിടുന്നു…..
മനസ്സിലൊറ്റ മന്ത്രമായി സഹജരേ വരുന്നുഞങ്ങള്‍
പുതിയൊരിന്ത്യ പണിതുയര്‍ത്താന്‍ നവയുഗ പ്രതീക്ഷയായ്……..
ചേരണം പടയണി പടനിലങ്ങള്‍ നിറയണം
ഉയരണം ചെങ്കൊടി വാനിലാകെ പടരണം……….
ഉണരണം മനസ്സുകള്‍ പുതിയസ്വപ്നം കാണുവാന്‍
മിഴികളില്‍ വിടരണം പുതുയുഗ പുലരികള്‍……..
അജ്ഞത അകറ്റണം അന്ധകാരം വെടിയണം
മനസ്സിനുള്ളില്‍ പുതിയ സൂര്യതേജസ്സൊന്നുണരണം….
കത്തിനില്ക്കും പന്തമായി തലമുറകള്‍ മാറണം
അടിമച്ചങ്ങലകളൊക്കെ തകര്‍ത്തെറിഞ്ഞു നീങ്ങണം……
ജാതിചിന്ത വെടിയണം വിവേചനങ്ങള്‍ തടയണം
മനുഷ്യനെന്നബോധമെന്നും ഉള്ളിലുണര്‍ന്നു നില്ക്കണം….
മതങ്ങളല്ല വേണ്ടതെന്നും നന്മയാണു പുണ്യമെന്നും
നിവര്‍ന്നു നിന്നുപറയണം സഹജരെ ക്ഷണിക്കണം….