ജപ്പാൻ
—-

ആറ്റംബോംബ്
ആദ്യം വീണത്
നിന്റെ ഹൃദയത്തിൽ
പക്ഷെ
പൊട്ടിത്തെറിച്ച്
തകർന്നത്
ഞാൻ

അമേരിക്ക
——-:
പ്രണയായുധങ്ങളുടെ
കുത്തക നിനക്കായിരുന്നു
സ്വപ്നങ്ങളിലെ
ഉടമ്പടികൾ ലംഘിച്ച്
എന്റെ വംശത്തിലെ
മൗനങ്ങളിൽ
നിന്റെ സൈന്യം വന്നിറങ്ങി

പാക്വിസ്ഥാൻ
– – – – ‘

ഒരു വരയ്ക്കപ്പുറമിപ്പുറം
നമ്മുടെ ഹൃദയങ്ങൾ

ആഗ്രഹങ്ങളുടെ നുഴഞ്ഞുകയറ്റക്കാർ
ആദ്യം വെടിയേറ്റ്
വീണത്
നിന്നിലോ?
എന്നിലോ?

ആഫ്രിക്ക

— …
ഉൾക്കടലിലെ
വനാന്തരങ്ങളിൽ വെച്ച്
നിന്നെ കാണുമ്പോൾ

സ്വാതന്ത്ര്യം
ഒരു മിത്തായിരുന്നു

നിന്റെ
കറുപ്പിൽ നിന്ന്
വീണുകിട്ടിയതാണ്
എന്റെ കണ്ണട

റഷ്യ
— ..

ഒരു സ്വപ്നം മാത്രമായിരുന്നു
നീ

എന്റെ വസന്തങ്ങളെ
ഒരു മുറിവായ് വന്ന്
കൊത്തിക്കൊണ്ടുപോയിട്ടും

ചക്രവാളം
ചുവന്നേയിരിക്കുന്നു

ചൈന – – – –
– – – .
കളിപ്പാട്ടങ്ങൾ പോലെ
ഒരു ജീവിതത്തിന്റെ
നിഷ്കളങ്കമായ
കൈകളിൽ
നമ്മളെത്തി

അതിജീവനത്തിന്റെ
ആക്രിയിലേക്ക്
ആരാണ് നമ്മേ
മൊഴി മാറ്റിയത്?

ഫ്രാൻസ്
—-
നിന്റെ കാലുകൾക്ക്
വഴങ്ങിയ
പന്തായിരുന്നു ഞാൻ

മിടിപ്പുകളുടെ
വലയിൽ ഞാൻ
പിടയുമ്പോഴും

ആനന്ദത്തിന്റെ
ആകാശം
നിറയെ നീ
ചുംബനങ്ങളുടെ
കൊടി തുന്നി വെച്ചു

അർജന്റീന

– …
നമ്മൾ വീണ്ടും കാണും
കണ്ണീരിന്റെ മൈതാനം

ഒരുനാൾ
ആഘോഷത്തിന്റെ
ചുവപ്പിൽ
വിടരും

ദൈവത്തിന്റെ
കൈ
നമ്മുടെ പ്രണയത്തിൽ

ഒപ്പിടും!

By ivayana