ജബലലിയിൽനിന്നും കാറോടിച്ച് ഒറ്റയ്ക്കാണ് അവൾ ഇത്തറ്റംവരെ എത്തിയത്…
ലിപ്ടന്റെ രണ്ട് ടീബാഗുകൾ ഒരുമിച്ച് കപ്പിലെ തിളച്ചവെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ, ഷഹന ബാത്റൂമിലും. ഇന്ന് ഹൈള്കുളിയായതിനാൽ നേരംകുറേയെടുത്തേക്കുമെന്ന് ഞാൻ ഊഹിച്ചു.
പുറത്തെ പൊടിക്കാറ്റിന്റെ സാമർഥ്യം ബാൽക്കണിയിൽ ഉണങ്ങാനിട്ടിരുന്ന തുണികളെ ആയത്തിൽ ഊഞ്ഞാലാട്ടി. കുട്ടികളുടെ കുപ്പായങ്ങളും ഞങ്ങളുടെ അടിവസ്ത്രങ്ങളുമൊക്കെയുണ്ടായിരുന്നു കൂട്ടത്തിൽ. ഗ്ലാസ്ഡോർ പാതിമാത്രം തുറന്ന് കയ്യെത്തി ക്ലോത് ഡ്രയറുമായി മൽപ്പിടുത്തം നടത്തുന്നതിനിടയിലാണ് കോളിംഗ് ബെല്ലിന്റെ ഫാത്തിഹ എന്റെ കാതുകളിൽ പൂഴിമണ്ണ് നിറച്ചത്. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. തിടുക്കത്തിൽ പ്രധാനവാതിലിലേക്ക് പായുന്നതിനിടയിൽ ലിവിങ്റൂമിലെ ദീവാൻകോട്ടിന്റെ മൂലയിൽ എന്റെ ഇടതുകാലിന്റെ ചെറുവിരൽ ഊക്കോടെ ചുണ്ടുരുമ്മി. “റബ്ബേ…” അറിയാതൊരു നിലവിളി എന്റെ തൊണ്ടക്കുഴിയുടെ അതിര് ഭേദിച്ച് തവളച്ചാട്ടം ചാടി പീപ്ഹോളിന്റെ ഇത്തിരിവട്ടത്തിൽ തൊട്ടു. ബാലൻസ് കിട്ടാതെ ഞാൻ ടീപ്പോയിൽ കൈ പരത്തി. മൂത്തവളുടെ പുതിയ ക്രിസ്റ്റൽ-ബാർബി മാർബിൾ തറയിൽ മൂക്കുകുത്തി. കോളിംഗ് ബെൽ പിന്നെയും ഫാത്തിഹ ഓതി. എന്റെ ചെറുവിരലിന്റെ തുമ്പിൽ ചോര നീലിച്ചു.
“ഒന്ന് ചെന്ന് തൊറക്കിക്കാക്കാ…” ഷവറിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളോടൊപ്പം ഷഹനയുടെ ഒച്ച ഒഴുകിവന്ന് കിടക്കറയുടെ ചുവരിൽത്തട്ടി നിലംപതിച്ചു: “വേഗം എന്റെ ഇക്കാക്കാ, ചിലപ്പോ മദീഹയാവും.” എയർഫ്രഷ്നർ വായുവിലേക്ക് ചീറ്റിയ ലാവെൻഡറിന്റെ സൗരഭ്യത്തിൽ അവളുടെ അസ്വസ്ഥത അലിഞ്ഞു.
വാതിൽ തുറന്നുകൊടുത്ത് ഞാൻ മദീഹയെ സ്വാഗതം ചെയ്തു. നാണത്താൽ തലതാഴ്ത്തിനിൽക്കുന്ന വയലറ്റുപൂവുകൾ നിറഞ്ഞ പാടത്തേക്കെന്നപോൽ അവൾ നിലം തൊടാതെ അകത്തേക്ക് കാലെടുത്തുവെച്ചു. പട്ടുനൂലിനാൽ തുന്നിയ പാദുകമായിരുന്നു അവളുടേത്. ഒരു തോളിൽ മാത്രമായി ചുരുണ്ടു കൂടിയ മഴവിൽദുപ്പട്ട. ആർഭാടങ്ങളൊന്നുമില്ലാത്ത വെളുത്ത സൽവാറും കമ്മീസും. പാൽക്കാപ്പിയുടെ നിറമുള്ള കണ്ണുകൾ. കയ്യിൽ മൈലാഞ്ചിക്കറുപ്പ്. ചുണ്ടിൽ ലാബെല്ലോയുടെ മിനുമിനുപ്പ്…
കൂടെക്കൂടെ ഫോൺവിളികളും ടെക്സ്റ്റിങ്ങും ഉണ്ടെങ്കിലും ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ രണ്ട് കൊല്ലം മുൻപുള്ള ഒരു ഈദുൽഫിത്തർദിനത്തിലാണ് ഞങ്ങൾ മദീഹയെ അവസാനമായി കണ്ടത്. പഴയതിലും കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് മനസ്സ് അത്ഭുതപ്പെട്ടുകൊണ്ട് ഞാൻ ഇരിപ്പിടത്തിലേക്ക് വിരൽ ചൂണ്ടി.
എന്ത് പറയണം എങ്ങനെ തുടങ്ങണമെന്ന ഞങ്ങൾക്കിടയിലെ അങ്കലാപ്പിലേക്ക് ഷഹന ഈറൻമുടിയുടെ കെട്ടഴിച്ചിട്ടു: “നീ ഒറ്റക്കാണോ വണ്ടിയോടിച്ച് വന്നത്…” കരിയെഴുതാത്ത കണ്ണുകൾ തുറിപ്പിച്ച് അവൾ വിരുന്നുകാരിയുടെ കരം ഗ്രഹിച്ചു. മദീഹ എന്റെ മുഖത്തേക്ക് മന്ദഹസിച്ചു. “ജുമാ കഴിഞ്ഞു വന്നയുടനെ ഇക്കാക്ക ഉറങ്ങാൻ കിടന്നതാ, ഒപ്പം ഞാനും പിള്ളേരും ഒന്ന് മയങ്ങിപ്പോയി.” ഷഹനയുടെ സംസാരം കേട്ടൂകേട്ടില്ലാന്ന് വരുത്തി മദീഹയുടെ പാൽക്കാപ്പിക്കണ്ണുകൾ ഞങ്ങളുടെ കുട്ടികളെ തിരഞ്ഞു. ഉച്ചയ്ക്ക് അകത്താക്കിയ പച്ചരിച്ചോറിന്റെയും ആട്ടിറച്ചിയുടെയും ആലസ്യത്തിൽനിന്നും രണ്ടാളും ഇതുവരെ ഉണർന്നിരുന്നില്ല.
കൂട്ടുകാരികളുടെ സ്വകാര്യതയിൽ കൂടുതൽ ഇടപെടാതെ ഞാൻ ബാൽക്കണിയിലേക്ക് നടന്നു. കാറ്റ് അല്പം ശമിച്ചിരുന്നു. താഴെ ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾടീമുകളുടെ ജേഴ്സിയണിഞ്ഞ രണ്ട് മിസ്രിക്കുട്ടികൾ ആരെയോ കാത്തുനിൽക്കുന്നു. കുപ്പായങ്ങളും അടിവസ്ത്രങ്ങളും പൊടികുടഞ്ഞെടുത്ത് മടക്കി ഞാൻ വാർഡ്രോബിനടുത്തേക്ക് നടക്കുമ്പോൾ കിച്ചണിൽ എന്തോ പൊട്ടലും ചീറ്റലും, മദീഹ വിങ്ങിവിങ്ങി കരയുകയാണ്. വ്യർത്ഥമായി ഷഹന സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
“ആഹ് ആഹ്…” ഞാൻ കൃത്രിമം ചുമച്ചു: “അന്യർക്ക് പ്രവേശനമുണ്ടോ ആവോ?” പുറത്തേക്കുവന്ന വാക്കുകൾ ലക്ഷ്യം കാണാതെ മൂലയിലിരുന്ന വേസ്റ്റ്ബിന്നിലേക്ക് ചുരുട്ടിയെറിയപ്പെട്ടു.
ഞാൻ ബാത്റൂമിൽ കയറി വാതിലടച്ച് ഫ്ലഷ് ചെയ്തു. ടാപ്പ് കൂട്ടിയിട്ടു. യൂറോപ്യൻ ക്ലോസെറ്റിന്റെ സീറ്റ് കവർ മാറ്റാതെ പൃഷ്ഠം പ്രതിഷ്ഠിച്ചു. ചുറ്റും കുമിഞ്ഞുകൂടിയ ഹുമിഡിറ്റിയിൽ എന്റെ കയ്യിലിരുന്ന് മൊബൈൽഫോൺ വിയർത്തു. ഞാൻ ഉരുളക്കിഴങ്ങുപോലെ പുഴുങ്ങപ്പെട്ടു.
സമീറിനെ വിളിക്കാനായി നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതും എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. അവരൊക്കെ വലിയ ആൾക്കാരാണെന്ന തിരിച്ചറിവിൽ ഞാൻ ഫോണിൽനിന്നും കൈ പിൻവലിച്ചതും എങ്ങുനിന്നോ പാഞ്ഞുവന്നൊരു ഇടിമുഴക്കം എന്റെ കരണത്തടിച്ചു. വെന്റിലേറ്ററിലൂടെ ഞാൻ ആമത്തല തെരുവിലേക്ക് നീട്ടി. കൂറ്റൻ ട്രക്കിനുമുന്നിൽ അടിയറവ് പറഞ്ഞ് ഒരു ടൊയോട്ടാ ലെക്സസ്. ആൾക്കൂട്ടത്തിനിടയിൽ തോളിൽ കയ്യിട്ട് ബ്രസീലും അർജന്റീനയും. എല്ലാ മുഖങ്ങളിലും ഭീതിയുടെ നിഴൽ. പോലീസുവണ്ടികളുടെ അലറിവിളിക്കുന്ന സൈറൺ. നിമിഷങ്ങൾക്കകം സീൻ ആകെ മാറിമറിഞ്ഞു…
കുത്തഴിഞ്ഞ ചിന്തകളുടെ കുറ്റിക്കാട്ടിൽ എന്റെ ഫോൺ കിളിചിലച്ചു. സമീർ ഇങ്ങോട്ട് വിളിക്കുകയാണ്. ഞാനൊന്ന് പതറി. ബഹളം ഉള്ളിലോട്ടു കേൾക്കാതിരിക്കാൻ ഞാൻ വെന്റിലേറ്റർ താഴ്ത്തി.
“ഹാലോ…” ഡ്രെയിനേജിന്റെ തുറന്ന വായിലേക്ക് ഞാൻ ഔപചാരികമായി കാർക്കിച്ചു.
“ഡോക്ടർ അൽത്തൂ, ഇത് ഞാനാണ്, സമീർ കട്ടവാല.” അയാളുടെ ഹുങ്ക് നിറഞ്ഞ സ്വരം എനിക്ക് ചുറ്റും കുമിഞ്ഞുകൂടിയ ഹുമിഡിറ്റിയിൽ ദുർഗന്ധം കലർത്തി.
“പറയൂ സമീർ ഭായ്…” ഞാൻ ഗൗരവം വിട്ടില്ല.
“ഇവിടുന്ന് മദീഹ അങ്ങോട്ടെങ്ങാനും വന്നോന്ന് അറിയാനാ, ഇനി അന്വേഷിക്കാത്ത സ്ഥലങ്ങളില്ല.” അയാളുടെ ശബ്ദം അല്പം മയപ്പെട്ടു.
“കട്ടവാല പേടിക്കണ്ട, മദീഹ ഇപ്പോൾ ഷഹനയ്ക്കൊപ്പമുണ്ട്.”
പുറത്തെ ബഹളം ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ ഞാൻ വെന്റിലേറ്റർ തള്ളിത്തുറന്നു. വീണ്ടും ആഞ്ഞുവീശിയ പൊടിക്കാറ്റിനോട് എന്റെ കണ്ണും മൂക്കും യുദ്ധം ചെയ്തു. മരുഭൂമിയിൽ ഒറ്റപ്പെട്ടവന്റെ മനസ്സിൽ സംഭവിക്കുന്ന പരിവർത്തനംപോലെ എന്തും നേരിടാനുള്ള ചങ്കൂറ്റം എന്റെയുള്ളിൽ ഉറവപൊട്ടി. സമീറിനോട് തുറന്നു സംസാരിക്കുന്നതിനുള്ള അപകർഷബോധം എനിക്ക് മാറിക്കിട്ടിയിരിക്കുന്നു.
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം…?” എന്റെ ഈ ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത മാതിരിയായിരുന്നു അയാളുടെ മറുപടി.
പൊടിക്കാറ്റടങ്ങി. തോറ്റ പോരാളിയായി ഞാൻ ബാത്റൂമിന് വെളിയിൽ വന്നു. പുറംലോകത്ത് സംഭവിക്കുന്നത് ഒന്നും തിരിച്ചറിയാതെ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ രണ്ട് പെണ്ണുടലുകൾ. ഒരുവൾ സംഘർഷത്തിന്റെ നീലക്കടൽ. മറ്റൊരുവൾ ആശ്വാസത്തിന്റെ സ്നേഹതീരം. അവർക്ക് അലോസരമുണ്ടാവാതെ സഞ്ചരിക്കുന്ന ഒരു മൺകൂനകണക്കെ ഞാൻ ബാൽക്കണിയിലേക്ക് ഒച്ചിഴഞ്ഞു. അഴുക്കുചാലിൽ വീണ ഒരുവനെയെന്നപോൽ സമീറിന്റെ വാക്കുകൾ എന്നെ ദുർഗന്ധിപ്പിച്ചു…
അല്ലെങ്കിൽത്തന്നെ അയാളുടെ കുടുംബകാര്യത്തിൽ ഇടപെടാൻ എനിക്ക് എന്ത് യോഗ്യതയാണുള്ളത്. ഞാൻ അയാൾക്ക് മദീഹയുടെ കൂട്ടുകാരിയുടെ ഭർത്താവുമാത്രം, ഒരു പാവം പീഡിയാട്രീഷൻ. അയാളോ, ഏഷ്യയിലെ അറിയപ്പെടുന്ന ബിസിനസ് ടൈക്കൂൺ. ജബലലിയിൽ അയാളുടെ നാൽപ്പത്തിമൂന്നാമത്തെ ഔട്ട്-ലെറ്റാണ് ഉടനെ ഉയരാൻ പോകുന്നത്, മിഡിൽ ഈസ്റ്റിലെത്തന്നെ നമ്പർ വൺ. കണക്കില്ലാത്ത അയാളുടെ സ്വത്തുക്കൾക്ക് ഒരു അനന്തരാവകാശി വേണമത്രേ…
എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ മദീഹയ്ക്ക് കഴിയില്ലല്ലോ, ചെയ്യാത്ത മരുന്നും മന്ത്രവുമില്ലാ. രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ സമീർ അവളെ മൊഴി ചൊല്ലുംപോലും. എങ്കിൽപ്പിന്നെ എല്ലാം സ്വയം അവസാനിപ്പിച്ചേക്കാം എന്ന് കരുതിയുറപ്പിച്ചുതന്നെയാവും അവൾ ഒറ്റയ്ക്ക് പുറപ്പെട്ടത്…
മുമ്പൊരിക്കൽ ഞങ്ങളുടെ നാട്ടിലെ ഒരു കാക്ക നാല് കെട്ടിയ സംഭവം ചലച്ചിത്രമായി എന്റെ മുന്നിൽ തെളിഞ്ഞു. കോടീശ്വരനായിരുന്ന അയാൾക്ക് ആദ്യത്തെ വകയിൽ തുടരെത്തുടരെ അഞ്ച് പെൺകുട്ടിളാണ് പിറന്നത്. ആൺകുട്ടിയെ വേണമെങ്കിൽ വേറെ പെണ്ണുകെട്ടിക്കോളാൻ നിർദേശംവെച്ചത് പെറ്റു മടുത്ത ആദ്യ ഭാര്യതന്നെയാണ്. രണ്ടാമത്തെ കെട്ടിൽ അയാൾക്ക് ഒരു ആൺകുട്ടി ജനിച്ചെങ്കിലും പ്രസവത്തോടെ തള്ളയും പതിനൊന്നിന്റെയന്ന് കുട്ടിയും മരിച്ചു. മൂന്നാമത് കെട്ടിയത് ഒരു മച്ചിയെയാണെന്ന് വളരെ വൈകി മാത്രമാണ് വെളിപ്പെട്ടത്. ഒടുക്കം അമ്പതാം വയസ്സിൽ അയാൾ ജീവിതം കൊടുത്ത പാവപ്പെട്ട പതിനെട്ടുകാരിയും രണ്ട് പെൺകുട്ടികൾക്കാണ് ജന്മം നൽകിയത്. മൂന്നാമതൊരു കുട്ടിയാവുന്നതിന് മുൻപ് ചെറിയൊരു നെഞ്ചുവേദന പിടിപെട്ട് കാക്ക മയ്യത്തായി…
“ഇക്കാക്കാ…” ഷഹന എന്നെ തട്ടിവിളിച്ചു: “ഇതെന്തൊരുറക്കാ, ജുമാ കഴിഞ്ഞുവന്ന് ഒന്നും കഴിക്കാതെ കേറിക്കിടന്നതല്ലേ.”
ഞാൻ അവൾക്ക് ചെവി കൊടുക്കാതെ തിരിഞ്ഞു കിടന്നു.
“കുളി കഴിഞ്ഞു വരുമ്പോഴേക്കും എനിക്കൊരു ബ്ലാക്ക് ടീ റെഡിയാക്കി വെച്ചേക്കണേ…” ഇട്ടുമാറാനുള്ളതുമായി അവൾ ബാത്റൂമിന്റെ വാതിൽ ചാരി.
വൈമുഖ്യത്തോടെ എന്റെ ശരീരം അടുക്കള പൂകി. കുട്ടികളോടൊപ്പം എന്റെ മനസ്സും കിടക്കയിൽ അട്ടചുരുണ്ടു. ലിപ്ടന്റെ രണ്ട് ടീബാഗുകൾ ഒരുമിച്ച് കപ്പിലെ തിളച്ചവെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിക്കുമ്പോഴാണ് സമീറിന്റെ വിളി വന്നത്. ഞാൻ ഫോൺ എടുക്കാൻ തുനിയുമ്പോൾ നനഞ്ഞ ടവ്വലിൽ ഷഹന ഓടി വന്നു.
“ഇക്കാ… ക്കാ…” അവൾ വിക്കി: “പുറത്തെന്തോ ശബ്ദം കേട്ടൂല്ലോ, വല്ല ആക്സിഡന്റോ മറ്റോ ആണെന്നാ തോന്നണേ. ഒന്ന് ചെന്ന് നോക്കിയേ.”
ഞാനറിയാതെ കയ്യിലിരുന്ന ചായക്കപ്പ് താനേ വഴുതി, എന്റെ ഇടതുകാലിലെ ചെറുവിരലിൽ ചോരയുടെ നീലിപ്പ് മെല്ലെമെല്ലെ പ്രത്യക്ഷമായി…