രചന : മംഗളാനന്ദൻ *
മലയെ നമ്മൾ തിരിച്ചു പിടിയ്ക്കണം
ശിലകൾ വെട്ടി മുറിക്കുവാനല്ലാതെ.
പണമിനിയും കുഴിച്ചെടുത്തീടുവാൻ
പുതിയ പാറമടകൾ തുറക്കാതെ,
മലയെ നമ്മൾ തിരിച്ചു പിടിക്കണം
മരതകപ്പച്ച വീണ്ടും വിരിക്കുവാൻ.
മുറിവു പറ്റിയ പാറക്കുരുന്നുമേൽ
മൃതസഞ്ജീവനി തൈലം പുരട്ടുവാൻ.
ഹരിതമോഹങ്ങൾ പൂത്തുലയുന്നൊരു
പരവതാനി പുതച്ചു കൊടുക്കുവാൻ.
ഉദയസൂര്യനൊളി പരത്തീടുമീ
ഗിരിനിരയിലെഴുന്നുള്ളി നില്ക്കുവാൻ.
ദുരിതപർവ്വങ്ങൾ പെയ്തിറങ്ങുമ്പൊഴും
കുടനിവർത്തി പിടിയ്ക്കണം മാമല.
പുഴയെവീണ്ടും വിളിച്ചുണർത്തീടണം
അണകൾകെട്ടി തടവിലാക്കീടാതെ.
കളമൊഴിയായ് കുളിരൊഴുക്കീടുവാൻ,
പുളിനമാകെ പുളകം വിരിക്കുവാൻ.
വനവും നമ്മൾ തിരികെയെടുക്കണം
പണമുതിരും മരങ്ങൾ മുറിക്കാതെ.
ഇരുൾ നിറഞ്ഞ വനാന്തരം തോറുമീ
ഉരഗ ജന്മം വിഹരിച്ചു കാണണം.
കരികൾ വീണ്ടും കലക്കുവാനെത്തിടും
പെരിയ കാട്ടുകുളങ്ങൾ നിറയണം.
ഇരുൾ പുതച്ചുറങ്ങട്ടെ പകലുകൾ
കൊടിയചൂടിൽ വനാന്തര പാതയിൽ
പകൽ കടൽക്കാറ്റു നമ്മെ തഴുകണം
ഇരവിലെന്നും കരക്കാറ്റൊഴുകണം.
പുതുമുളകളായ് പുണ്യം കിളിർക്കണം
സമതലങ്ങളിൽ സ്വാസ്ഥ്യം വിളയണം.
മലയെ നമ്മൾ തിരിച്ചു പിടിക്കണം
പുഴയെ വീണ്ടും പുനർജ്ജനിപ്പിക്കണം.