രചന : രഘുനാഥൻ കണ്ടോത്ത്*

കോവിഡുകാലക്കവിത.

സ്വയംഭൂവായ്
സർവ്വവ്യാപിയായ്
വായുരൂപനായ് വന്ന
സൂക്ഷ്മാണുസംഭവൻ
തൂണിലും തുരുമ്പിലും
അധിനിവേശ‐
ദന്തമുനകളാഴ്ത്തവേ,
നിരങ്കുശം
നിഗൂഢഗുഹാമുഖങ്ങളിൽ
സമാധിസ്ഥരായ് ദൈവങ്ങൾ!!
(നിസ്സംഗ,നിർമ്മമബ്രഹ്മങ്ങ‐
ളവരല്ലാതെന്തുചെയ്യും?)
കൊറോണ
പട്ടടയിൽക്കിടത്തിയ
ജഡങ്ങളിൽ നിന്നും
കുടിയൊഴിക്കപ്പെട്ട ദേഹികൾ
അകലംപാലിച്ച്
വിറങ്ങലിച്ചു നിന്നൂ!
കണ്ണീരിൽക്കുതിർന്ന
ചുംബനപ്പക്ഷികളെ
അംബരേ പറത്തിവിട്ട്
അന്ത്യചുംബനമേകി
കൈവീശി വിടചൊല്ലി,മക്കളും
(കൈതവമറിയാ‐
ശൈശവത്തിലെ,
പൈതലിൻ ശീലമതു
കൈവിടാനൊക്കുമോ?)
ഭക്തർ തീണ്ടാപ്പാടകലെ!
ഏകപുരോഹിതഭജന‐
കുർബാന നിസ്ക്കാരങ്ങൾ!
(സ്വയം പുരോഹിതരാവുക,എന്തി‐
നായൊരിടനിലക്കാരൻ സൃഷ്ടിക്കും സൃഷ്ടാവിനിടയിലായ്)
മാറാരോഗികളെന്ന്
മസ്തിഷ്ക്കപ്രക്ഷാളനം നടത്തി
രാസവളം മരുന്നെന്നൂട്ടി‐
ക്കൊഴുത്ത ധനാർത്തിക്കറുതിയായ്!
തീൻമേശകളിലൊടുങ്ങുവാൻ
തീറ്റയ്ക്കായലറുന്നു
ഉച്ഛിഷ്ടമുണ്ട് കൊഴു‐
ത്തൊരുങ്ങേണ്ട പന്നികൾ
(നിഷ്ക്രിയമല്ലോ
എച്ചിൽ ബഹിർഗ്ഗമിനികളാം
ഭോജനശാലകൾ)
സഞ്ചാരദുർവ്യയമില്ല
ക്രഡിറ്റ് കാർഡുകളുരഞ്ഞ്
വിയർത്തടുക്കിയ കറൻസികൾ
തേഞ്ഞുമാഞ്ഞില്ല!
മഹാമാരിതൻ കുരുതിക്കളങ്ങളിൽ
പൊരുതുമായിരങ്ങൾതൻ
നിശ്ചയദാർഢ്യം കേൾപ്പൂ
,,സഹജരക്ഷയ്ക്ക് വേതനം
മരണമാകിലും കാമ്യം**
ദൈവങ്ങൾ പടിയിറങ്ങിയ
ശ്രീകോവിലിൽ
അവരല്ലോ,ആരാധ്യരാം
നവയുഗദേവപ്രതിഷ്ഠകൾ.

രഘുനാഥൻ കണ്ടോത്ത്


By ivayana