ഇതൊരു കഥയാണ്
ചിലജീവിതയാഥാര്‍ത്ഥ്യങ്ങള്‍
നേര്‍ക്കാഴ്ചകളാകുന്ന കഥ!
ഇതില്‍ ഒരുരാഷ്ട്രീയവുമില്ല
പക്ഷെ…,ഇതില്‍
ചിലരുടെ പ്രതിഷേധമുണ്ട്
സങ്കടംനിറഞ്ഞ പ്രതിഷേധം!
ഇതുനമ്മുടെ
സാമൂഹികപശ്ചാത്തലവുമായി
ഏതെങ്കിലും തരത്തില്‍
സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍
അതുതികച്ചും യാദൃശ്ചികം മാത്രമാണ്!!
***** ***** *****

ദുരിതക്കടലില്‍
മുങ്ങിനില്‍ക്കുകയാണ്
നാടും, നാട്ടാരും..
അടച്ചിട്ടജീവിതങ്ങളിലേക്ക്
വെളിച്ചം വീശിത്തുടങ്ങുന്നതേയുള്ളു.
ജീവചക്രം ഉന്തിക്കൊണ്ടുപോകാന്‍
വഴിതേടുകയാണ് പാവപ്പെട്ട മനുഷ്യരല്ലാം..
മഹാമാരിയുടെ ഭീതി
വിട്ടൊഴിയാതെ പിന്തുടരുമ്പോള്‍
അഷ്ടിക്കന്നംതേടുന്നവന്റെ
ഓട്ടക്കീശയിലേക്ക് എത്തിനോട്ടം നോക്കാനാലോചിക്കുന്നു മേലാളന്മാർ..
ദൂര്‍ത്തടിച്ചും,വിറ്റുമുടിച്ചും
നാടിനെ കുട്ടിച്ചോറാക്കിയവര്‍തന്നെ ഒഴിഞ്ഞഖജനാവിന്റെ ദുർവ്വിധിയിൽ കണ്ണീരടക്കാൻ പാടുപെടുന്നുമുണ്ട്..
പാവംജനങ്ങള്‍ ഇനി എന്തെല്ലാം സഹനങ്ങളിലൂടെ കടന്നുപോകണം?
വ്യാധികള്‍ പലതും വന്നുപോയി
ആധിയൊട്ടടങ്ങുന്നുമില്ല.
വിശപ്പിന്റെവിളി അവര്‍ക്കുമുന്നില്‍
ചിന്നംവിളിച്ചുകൊണ്ടേയിരിക്കുന്നു.

ലക്ഷ്മണേട്ടനും,ഷുക്കൂറണ്ണനും
അടുത്തടുത്ത വീട്ടുകാരാണ്,
രണ്ടുമുറികളുള്ള
ചെറിയ ഓടിട്ടവീടുകളിലാണ്
ഇരുവരുടേയും താമസം

ലോക്ക്ഡൗണായതുകൊണ്ട് കടല്‍മീനിന്റെ വരവ്
നന്നേകുറഞ്ഞുപോയി,എങ്കിലും
കുളത്തില്‍നിന്നുകിട്ടുന്ന
നാടന്‍ വളര്‍ത്തുമത്സ്യങ്ങള്‍
വാങ്ങിവിറ്റുകൊണ്ടാണ്
തന്റെ ഉപജീവനത്തിനുള്ളവക
ഷുക്കൂറണ്ണന്‍ കണ്ടെത്തുന്നത്.
ഇരട്ടകളടക്കം മൂന്നുകുട്ടികളുടെ
പിതാവാണയാള്‍!
രോഗബാധിതയായ ഭാര്യയും
കണ്ണുകാണാത്ത ഉമ്മയുമടങ്ങുന്നതാണ്
അയാളുടെ കുടുംബം.

കൂലിപ്പണിക്കാരനാണ് ലക്ഷ്മണേട്ടന്‍
എന്തുചെയ്യാനാ പാവത്തിനിപ്പൊ
തീരെപ്പണിയില്ല.
ഒരുഭാഗം തളര്‍ന്നുകിടക്കുന്ന
അച്ഛനും,വയസ്സായ അമ്മയും
നാലിലും,ഏഴിലും പഠിക്കുന്ന രണ്ടുകുട്ടികളും ഭാര്യയുമടങ്ങുന്ന
അയാളുടെ കുടുംബത്തില്‍
കെട്ടുപ്രായം കഴിഞ്ഞുനില്‍ക്കുന്ന
ഒരുസഹോദരിയും കൂടെയുണ്ട്.

ലക്ഷ്മണേട്ടനും,ഷുക്കൂറണ്ണനും
ജീവിക്കാന്‍ ബുദ്ധിമുട്ടുനേരിടുന്ന
ഇന്നത്തെ സാഹചര്യത്തില്‍
സര്‍ക്കാരിന്റെ കനിവുതേടി അലയുകയാണവര്‍.

കുറച്ചുമീന്‍മാത്രമായതിനാല്‍
ഷുക്കൂറണ്ണന്റെ അന്നത്തെക്കച്ചവടം വേഗംതന്നെ കഴിഞ്ഞു.
സൈക്കിള്‍ചവിട്ടിക്കൊണ്ടുവരുമ്പോഴേ
ദൂരത്തുനിന്നയാള്‍ കാണുന്നുണ്ടായിരുന്നു
റേഷന്‍കടയിലെ നീണ്ടവരി!
റേഷന്‍കടയ്ക്കുമുന്നില്‍
സൈക്കിള്‍ നിര്‍ത്തുമ്പോള്‍
അയാള്‍ നന്നേക്ഷീണിച്ചിരുന്നു..

അപ്പോഴാണയാള്‍
റേഷന്‍കടയിലേക്ക് നടന്നടുക്കുന്ന
ലക്ഷ്മണേട്ടനെ കണ്ടത്.
ലക്ഷ്മണട്ടനും ഷുക്കൂറണ്ണനും
സാമൂഹിക അകലംപാലിച്ച് വരിനിന്നു,
തങ്ങള്‍ക്കവകാശപ്പെട്ട റേഷൻ
വാങ്ങിക്കാനായി..
അതിനിടയില്‍ പലതുമവര്‍
സംസാരിക്കുന്നുണ്ടെങ്കിലും
മാസ്ക്ക് ധരിച്ചതിനാല്‍ ചിലതൊക്കെ
സ്വയംവിഴുങ്ങിപ്പോകുന്നുണ്ടായിരുന്നു.

തങ്ങള്‍ക്കുലഭിച്ച സൗജന്യ
പലവ്യഞ്ജന കിറ്റുകളുമായി
അവരവരുടെ വീടുകളില്‍
തിരിച്ചെത്തിയപ്പോള്‍ അവിടമാകെ
ശ്മശാനമൂകത പരന്നിരുന്നു!

വീട്ടിലുള്ളവരുടെ മുഖത്ത്
മൂകത തളംകെട്ടിക്കിടക്കുന്നപോലെ!

കാര്യം തിരക്കിയപ്പോള്‍
സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കവര്‍
കൈയിലിരുന്ന നീളത്തിലുള്ള കടലാസുകഷ്ണം നീട്ടിനല്‍കി.

അതുകണ്ട
ഷുക്കൂറണ്ണനും,ലക്ഷ്മണേട്ടനും
ഷോക്കടിച്ചതുപോലെയായി!

ഇത്രമാത്രം കറന്റ് ഉപയോഗിക്കാന്‍
തങ്ങളുടെ വീടുകളെന്നാണ്
വ്യവസായശാലകളായതെന്നോര്‍ത്ത്
ഒരുനിമിഷം ശങ്കിച്ചുനില്‍ക്കെ
തങ്ങള്‍ക്കുപിണഞ്ഞ അമളിയില്‍
കൈയ്യിലിരുന്ന കിറ്റിലേക്ക്
വിഷമത്തോടെ നോക്കിപ്പോയി.

ജീവിതം ഒരുനോക്കുകുത്തിപോലെ
പല്ലിളിച്ചുകൊണ്ടവരെ പരിഹസിക്കുമ്പോള്‍
സൂര്യന്‍ തളര്‍ന്നസ്തമിക്കുകയായിരുന്നു..

എന്തോപൊട്ടിത്തെറിക്കുന്ന
ഒച്ചകേട്ടാണ്
ലക്ഷ്മണേട്ടന്‍ ഞെട്ടിയുണര്‍ന്നത്
തന്റെ കുഞ്ഞുങ്ങള്‍ അവരുടെ കൊച്ചുസമ്പാദ്യക്കുടുക്കകള്‍
നിലത്തെറിഞ്ഞുടച്ചത് ജനാലയിലൂടെ
അയാള്‍ നോക്കിക്കാണുന്നുണ്ടായിരുന്നുവപ്പോള്‍.
കണ്ണുകാണാത്ത ബീപാത്തുമ്മയുടെ
നെഞ്ചത്തടിച്ചുള്ള കാറിക്കരച്ചില്‍
കേട്ടുകൊണ്ടാണ്
ഷുക്കുറണ്ണനുണര്‍ന്നത്
തന്റെയുമ്മ പൊന്നുപോലെ വളര്‍ത്തിവലുതാക്കിയ ആട്
ഒരുനിമിഷമയാളുടെയുള്ളില്‍
നിലവിളിച്ച് കരഞ്ഞുകൊണ്ടോടി.

എന്തുചെയ്യണമെന്നറിയാതെ
കോലായത്തലയ്ക്കൽ
കുത്തിയിരുന്നുകൊണ്ടവര്‍
പലതും ചിന്തിച്ചുകൂട്ടവെ
കത്തിത്തീര്‍ന്ന ബിഡിക്കുറ്റികള്‍
അവര്‍ക്കുമുന്നില്‍ കൂട്ടമായി
പ്രതിഷേധയോഗം കൂടുന്നിടത്ത്
അവരുടെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

അപ്പോളതുവഴി നടന്നുപോകുകയായിരുന്ന
പൗലോസുചേട്ടന്‍
അടര്‍ന്നുവീണ വേലിപ്പരപ്പിനുമുകളിലൂടെ
ഷുക്കൂറണ്ണനെ കണ്ടപ്പോഴൊന്ന് പരിജയച്ചിരിച്ചിരിച്ചു..
കള്ളുഷാപ്പീന്നുള്ള വരവാണെന്ന്
ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം,
കൈയ്യിലൊരുകുപ്പി കള്ളുമുണ്ട്!

എന്താ…മരയ്ക്കാരെ
കാലത്തേതന്നെ നല്ലചിന്തയിലാണല്ലോ?
ഇടവഴിയോരത്ത് നിന്നുകൊണ്ടയാള്‍
ഷുക്കൂറണ്ണനുനേരെ
ഉറക്കെ വിളിച്ചുചോദിച്ചു
പെട്ടന്നാണയാള്‍
ലക്ഷ്മണേട്ടനെ കണ്ടത്
ഹല്ല! ലക്ഷ്മണനുമുണ്ടല്ലോ കൂട്ടിന്!
ഇന്നെന്താ രണ്ടാള്‍ക്കും പണിയൊന്നൂല്ലേ..!?

പണിയെടുത്ത് കുടുംബംപോറ്റാന്‍
പണിയെവിടെ പൗലോസേട്ടാ..
ലക്ഷ്മണേട്ടന്റെ മറുപടികേട്ട്
പൗലോസേട്ടനൊന്ന് നെറ്റിചുളിച്ചു.
പണിയെടുത്താലോ കിട്ടുന്നകൂലി
മൊത്തം സര്‍ക്കാരിനുംപോകും..
കോരന് കഞ്ഞിക്കായ്
പിച്ചതെണ്ടേണ്ടിവരുമെന്നുകൂടിയുള്ള
ഷുക്കൂറണ്ണന്റെ
ദ്വയാര്‍ത്ഥംവെച്ചുള്ള മറുപടികൂടി കേള്‍ക്കവെ
പൗലോസേട്ടന് കാര്യം പന്തികേടാണെന്നുതോന്നി.
കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ
അവിടുന്നുമെല്ലെ അയാള്‍ നടന്നകന്നു
കൈയ്യിലിരുന്ന കള്ള്
കുടിക്കാനൊരിടം തേടിക്കൊണ്ട്.

പൗലോസേട്ടന്‍ റോഡില്‍നിന്നും
കള്ളുകടിക്കാനായെന്നോണം
മെല്ലെ പാടവരമ്പിലേക്കായിറങ്ങി.
അപ്പോഴാണ് അതുവഴി
ധാക്ഷായിണിയുടെ വീട്ടില്‍നിന്നും
പശുവിന് കാടിവെള്ളമെടുത്തുകൊണ്ടുവരുന്ന നാണിത്തള്ളയെ അയാള്‍ കണ്ടത്.
പൗലോസേട്ടന്‍ കള്ളുകുപ്പി
പതിയെ മറച്ചുപിടിക്കാന്‍ ശ്രമിച്ചു, അതുകണ്ട് നാണിത്തള്ള പൗലോസേട്ടനോടായ്
ഇങ്ങിനെ പറഞ്ഞു.

എടാ,പൗലോസേ..,
സൂക്ഷിച്ചുനിന്ന് കുടിക്ക്
അക്കംപക്കമൊക്കെ
ഒരുകണ്ണുവെച്ചാ നിനക്ക് നല്ലത്!
ആ..പോലീസ് ജീപ്പ് ഇതുവഴി ഇപ്പപോയതേയുള്ളൂ..
എപ്പൊതിരിച്ചുവരുമെന്നറിയില്ല.
കള്ളുഷാപ്പൊക്കെ തുറന്നപ്പോള്‍
നിന്റെകാര്യം കുശാലായീല്ലോ ല്ലേ!
വീട്ടിലൊരാള്‍ കാത്തിരിക്കുവാ
നാളെ മറ്റേത് തുറക്കിനായിട്ടേയ്!
എന്നുപറഞ്ഞുകൊണ്ടവര്‍
ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ചാറ്
നീട്ടിത്തുപ്പിക്കൊണ്ട്
പൗലോസേട്ടനെ നോക്കി
വെളുക്കെചിരിച്ചു!

എന്നിട്ടിങ്ങിനെകൂടി കൂട്ടിച്ചേര്‍ത്തു..

ഒന്നോര്‍ത്താല്‍ നിങ്ങളാണ് പൗലോസേ
ഇൗ നാടിന്റെ രക്ഷകരെന്ന് തോന്നുന്നു!
വെറുംരക്ഷകരല്ല നിങ്ങള്‍.
നമ്മുടെ നാടിന്റെ
സാമ്പത്തിക നട്ടെല്ലാണെന്ന്
ഒരിയ്ക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു
എന്നുവേണം പറയാന്‍!
പ്രളയംവന്നാലും ഭൂകമ്പംവന്നാലും
ദൈവം വരംതന്നിട്ടും പൂജാരിമാര്‍
തടങ്കലുള്ളപ്പോള്‍
സ്വതന്ത്ര്യമായിട്ടൊന്ന്
കുടിക്കാനൊക്കാത്ത
നിങ്ങളാത്രെ കോടീശ്വരന്‍മാര്!!
അതുകേട്ടപ്പോള്‍ ജാള്യതയോടെയാണെങ്കിലും
പൗലോസേട്ടനൊന്ന് നേരെനിന്നു.

ഇനി നിങ്ങളോരോരുത്തരും
നിങ്ങളുടെ അവകാശങ്ങള്‍
സര്‍ക്കാരിനോട് ചോതിച്ചുവാങ്ങണം.
നിങ്ങളെ അവഗണിക്കുന്നവരുടെ മുന്നില്‍
തലയുയര്‍ത്തിനിന്നുകൊണ്ടുതന്നെ
എന്നുപറങ്ങുകൊണ്ട് നാണിത്തള്ള
അവിടെനിന്നും പൗലേസേട്ടനെക്കടന്ന്
മുന്നോട്ടേക്ക് നടന്നുനീങ്ങി.

ഒക്കത്ത് കാടിവെള്ളംനിറച്ച കുടവുമായ്
നടന്നുപോകുന്ന നാണിത്തള്ളയുടെ
വാക്കുകള്‍ അയാളുടെയുള്ളില്‍
അശരീരിപോലെ അലയടിച്ചുകൊണ്ടേയിരുന്നപ്പോള്‍,
പെട്ടന്നാണ് പൗലോസേട്ടന്റെയുള്ളില്‍
ഒരുകൊള്ളിയാന്‍ മിന്നിയത്!!

നിന്നനില്‍പ്പില്‍
ആ,വഴിയില്‍വെച്ചുതന്ന
പൗലേസേട്ടന്‍
ഒറ്റവലിക്ക് ഒരുകുപ്പികള്ള്
കുടിച്ചുതീര്‍ത്തുകൊണ്ട്
എന്തോലക്ഷ്യംവെച്ച് നടന്നകലവെ
ചക്രവാളസീമയിലേക്കായ്
ഒരുകൂട്ടം പക്ഷികള്‍
പറന്നകലുന്നുണ്ടായിരുന്നു
പ്രതിഷേധയോഗം കൂടാനെന്നോണം.

പൊടുന്നനെയാണ് വേനല്‍മഴക്ക്
തുടക്കംകുറിച്ചുകൊണ്ടവിടെ
മേഘപാളികള്‍ക്കിടയിലൊരു
വെള്ളിടിവെട്ടിയത്!

അപ്പോള്‍
ബുദ്ധിജീവിവേഷമണിഞ്ഞ
ഭരണതന്ത്രഞ്ജരെല്ലാം
അതിജീവനത്തിന്റെ കൂടിയാലോചനയ്ക്കായ്
ചാനലുകള്‍ക്കുള്ളില്‍
അന്തിച്ചര്‍ച്ചയ്ക്ക്
വട്ടംകൂട്ടുന്നുവെന്തിനോ
പരസ്പരം ചെളിവാരിയെറുഞ്ഞുകൊണ്ട്.
ടി.എന്‍.ഹരി

By ivayana