രചന : റെജികുമാർ ചോറ്റാനിക്കര *

മൗനങ്ങളൊളിപ്പിച്ച മണിമേടയാം മന –
സ്സറിയാതെന്തേ വിങ്ങിക്കരയുന്നല്ലോ മൂകം !
മഴപെയ്തുതോർന്നപോൽ മിഴികൾ നിലാവിലും
മറക്കാനാവാതേതോ മധുരസ്വപ്നം കാണ്മൂ !
തഴുകുന്നൊരുകുഞ്ഞു കുളിർകാറ്റെങ്ങോനിന്നും
ഉടലിൽത്താളംതുള്ളിയെങ്ങുപോയ്‌
മറഞ്ഞുവോ!
അകലങ്ങളിൽ നിന്നുമൊഴുകിയണയുന്നൂ
അതിലോലമാമൊരു തേക്കുപാട്ടിന്നീണവും !
വാക പൂത്തിരുന്നൊരാ വഴിയിൽ കണ്ടൂ നമ്മൾ
കാതിലെൻ പ്രണയത്തിൻ മോഹനരാഗം മൂളി !
ഓളപ്പരപ്പിൽത്തെന്നിയൊഴുകും ഓടം പോലേ
ഒഴുകി നടന്നു നാമേതേതു തീരങ്ങളിൽ !
മാരിവില്ലഴകെഴും മാനസം തുറന്നുള്ളിൽ
കുടിയേറുന്നൂ മോഹം മയിൽപ്പീലികളായി !
ഒരു പൂവിതൾ പോലങ്ങടർന്നൂ ഹൃദയത്തിൽ
തരളം തളിരിടും മൗനനൊമ്പരങ്ങളും !
മോഹവല്ലരിയിലായ് തളിർത്തൂ മുകുളങ്ങൾ
വെൺമേഘജാലം നീന്തുമംബരം പോലെയെന്നും !
വെറുതെ കൊതിച്ചിരുന്നെത്രയോനാളിൽ മോഹ-
ക്കതിരാടുമീ പൊന്നിൻ വയലേലകൾ കാണാൻ !
നിന്നിളം ചുണ്ടിന്നീണം പവിഴം പൊഴിക്കുന്നൂ
സ്നേഹപ്പൂനിലാവുദിച്ചുയരും യാമങ്ങളിൽ !
കരളിൻ കതിരോലപ്പന്തലിൽക്കയറി നീ
കാണാക്കിനാവിൻ മേലേ പനിനീരുതിർക്കയായ് !

By ivayana