കാത്തിരുന്ന് കാത്തിരുന്ന്
ഞാൻ വരുമ്പോൾ
കാണികൾ
സന്തോഷിക്കും.

കാൽച്ചുവട്ടിലേക്കാണാദ്യം
നോക്കേണ്ടതെന്ന്
കൂട്ടുകാർ
പഠിപ്പിച്ചുവെങ്കിലും
പച്ചക്കൂടു തുറന്ന്
പതിയെ
ഞാൻ ആകാശത്തേക്ക്
കൺമിഴിച്ചു

തൊട്ടിലാട്ടാനെന്ന പോൽ
കാറ്റാണാദ്യം വന്നത്.
ഇല്ലാത്ത സുഗന്ധം തേടി!

കാലിൽ നിന്നരിച്ചരിച്ച്
മേലാകെ
ഇക്കിളിയാക്കി
പിന്നെ വന്നത്
കൂനനുറുമ്പുകൾ.
മധുവില്ലെങ്കിലും
തൊട്ടുഴിഞ്ഞ്
വലം വെച്ച്….

ചെഞ്ചുണ്ടിലെ പുഞ്ചിരിയിൽ
കോരിത്തരിച്ച്
മാനത്തുന്ന്
മഴ വന്നു.
മുത്തം തന്ന്
നനച്ച് തിരിച്ചു’

കവിളിലെ
മഞ്ഞുതുള്ളിയെ
ഉമ്മ വെക്കാനെന്ന പോൽ
ഇളവെയ്ലും
ഊഴമുപയോഗിച്ചു’

കരിവണ്ടും
പുള്ളിക്കാരൻ
പൂമ്പാറ്റയും
എന്നിലമ്പാഴ്ത്തിയത്
തേൻ നുകരാൻ തന്നെ

കഴുത്തിലണിയാമെന്ന്
മോഹിപ്പിച്ച്
ഇതൾ കൊഴിയാതെന്നെ
പറിച്ചെടുത്തത്
ചവച്ചു തുപ്പാനായിരുന്നു.
വേട്ടനായ്ക്കൾ!
പല ലക്ഷ്യങ്ങൾക്കായാണ്
വേട്ടക്കാർ വരുന്നത്.

‘ഒരിര’ക്കു മാത്രമേ
അത് തിരിച്ചറിയാനാവൂiii
(ജലജാപ്രസാദ്)

By ivayana