രചന : പ്രകാശ് പോളശ്ശേരി*

പരക്കെയൊരു നോവിൻ്റെ ഞരക്കമുണ്ട്
പരക്കെ വിതുമ്പുന്ന ഹൃദയങ്ങളുണ്ട്
പലരും വ്യാധിയുടെ പൊരുളറിയുന്നുണ്ട്
പലർക്കുംശരിയാകുംചിലർക്ക് ശരിയാവില്ല താനും
തുടക്കമൊരുപ്രഹസനംപോലായി,
തടുക്കുവാൻ പറഞ്ഞ വിദ്യഫലിക്കാതെയായി
തിടുക്കമില്ലാതലസത വന്ന നാളിൽ
തുടർക്കഥ പോലെ നീണ്ട ദിനങ്ങളായി
ചിലർക്കു, ദൈവം കൊടുത്ത വ്യാധിയെന്നും,
ചിലർചൊല്ലിതിരിച്ചെടുക്കുംഅവൻതന്നെയെന്നും,
വിധിക്കുവിട്ടവരനേകംചാമ്പലായി, വിധിയല്ല,
ബുദ്ധി,വിവേകംവേണമെന്നായി
പെരിയവണ്ടികൾചുവപ്പുപ്രകാശമായലഞ്ഞു
പരിചയത്തിൽ പലരും വ്യാധിയറിഞ്ഞു
നിരത്തിൽ നിരങ്ങരുതെന്നറിയിപ്പു വന്നു
നരന്മാരതുകേട്ട ഭാവമില്ലാതലഞ്ഞു
കടുത്ത നടപടികൾ പുറകേ വന്നു
കടുക്കനിട്ടധികാരികൾ പാഞ്ഞു വന്നു
കുടുക്കിട്ടു പിടിച്ചു പിഴയൊടുക്കിവന്നു
കുറഞ്ഞു വ്യാധി ജനം ചിരിച്ചു വന്നു.
പിന്നെ വ്യാധിയൊരു രണ്ടാം വരവു വന്നു
പിന്നിട്ട നാളുകൾ ജനം മറന്നു നിന്നു
തിരക്കിട്ടു പടർന്നു സ്ഥലം കൈയ്യടക്കി
തിരികെ പോകാനുള്ള ഒരുക്കം കാണുന്നില്ല
ഭീകരമാണിതെന്ന് ഭിഷഗ്വരന്മാർ
ഭീതികണക്കാക്കാതെ നടന്ന മർത്യർ
ഒടുങ്ങുന്ന കാഴ്ചകളേറിവന്നു
ഒടുവിൽ വഴി തടയുന്നറിയിപ്പു വന്നു.
പ്രത്യുൽപ്പന്നമതിത്വം കുറഞ്ഞധികാരികൾ
പ്രത്യുൽപ്പാദനത്തിനു സമയമേറെ നൽകി
പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ വന്നിടാതെ
പ്രാതീപികമായി ഭവിച്ച നാളുകളേറെയായി.

പ്രകാശ് പോളശ്ശേരി

By ivayana