രചന : അജികുമാർ*
രാത്രിമഴയ്ക്കെന്തു കുളിരാണ്
കരളിന്റെയിരുളിൽ നിനവുകൾ
കിനാവുകണ്ടുണരുന്ന യാമങ്ങൾ …
നിലാവൊളിയുടെ മിഴിയിണയിൽ
നിഴലുകൾ നിശബ്ദമായ് തനുവിൽ
ഈറൻ തംബുരു മീട്ടുന്നു…
ചന്നംപിന്നം പെയ്‌തലിയുന്ന
പേരറിയാ ഭംഗിയുടെ മയിലാട്ടങ്ങൾ
ഹരിതങ്ങളെ ആർദ്രമാക്കുന്നഹിമകണം
പ്രണയമെഴുതിയ പുരികങ്ങൾ …
പലവുരു ഇളകിയാടിയ ഇളംകാറ്റിൽ
ഉടയാടകൾ ക്രമംതെറ്റി വികൃതികാട്ടി
കടന്നു പോകുമ്പോൾ നനഞ്ഞൊട്ടി. .
നഗ്നമാക്കപ്പെട്ട വള്ളിക്കൊലുസുകൾ !
നാണം കൊണ്ട് നമ്രശിരസ്സുമായി
കടക്കണ്ണുകൂമ്പിയടയുന്ന ഇലത്താളുകൾ
പാതിവിടർന്ന നിർവൃതിയിൽ
ലാസ്യനൃത്തമാടുന്ന തളിർക്കൂമ്പുകൾ!
പെയ്തൊഴിയുമ്പോൾ
മണ്ണിൻമനസ്സിന്റെ മയില്പീലിയിൽ
മാദകഗന്ധം പേറി പരന്നൊഴുകുന്ന
ഈർപ്പകണങ്ങളിൽ മുഖംനോക്കി,
തിരിച്ചൊരു വരവിനായി
കാത്തിരിക്കുവാൻ ഒരുപകൽ ദൂരം
ബാക്കിയെന്നോതി നിലാമഴത്തുള്ളി വിടപറഞ്ഞകലുകയാണ്..!
അന്ധകാരത്തിന്റെ അരമനകളിൽ
ആരോ തെളിയിച്ചചെരാതുകളെ പോലെ
നക്ഷത്രക്കണ്ണുകൾ മിന്നിയണയുമ്പോൾ,
പെട്ടന്ന് കെട്ടുപോയ ഒരു കാഴ്ചയുടെ
അഗ്നിത്തിളക്കങ്ങളിൽ നാളെയെന്ന്
എഴുതിച്ചേർക്കുന്ന വെള്ളിനൂലുകൾ
മരപ്പെയ്ത്തിൽ ഞൊറിചേരുന്നു!
ഈ രാത്രിമഴ ഇവിടെ തുടങ്ങി
ഇവിടെയൊഴുകിപ്പരന്നു
ഇവിടെയൊരു സ്വപ്നച്ചിറകിന്റെ
തൂവൽസ്പർശമായി തഴുകിടുമ്പോൾ,
ഇനിയുമിനിയും പെയ്തുതോരാതെ
ചാറിച്ചാറി നമ്മെ നനയിച്ചിരുന്നെങ്കിൽ
എന്നുൾപ്പുളകത്തോടെ കൊതി തൂകി
കാത്തിരിക്കാം മറ്റൊരു രാത്രിമഴത്തുള്ളിക്കായ്!