ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള ഒരു വീട്.. മൂന്നോ നാലോ ദശകങ്ങൾക്ക് മുമ്പ് കടൽ കടന്ന് പോയ തൊഴിലന്വേഷകരിൽ തൊണ്ണൂറ് ശതമാനത്തിന്റെയും സ്വപ്നമായിരുന്നു അത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അവർ അതിന് വേണ്ടി വിനിയോഗിച്ചു.
ചെന്ന് ചേർന്ന നാടുകളിലെ നവീന പാർപ്പിടനിർമ്മാണരീതി അനുകരിച്ച് അവർ ഭവനങ്ങൾ പടുത്തുയർത്തി.
ആ സ്വപ്നമന്ദിരങ്ങളിപ്പോൾ അറ്റകുറ്റപ്പണികൾ പോലും ചെയ്യാതെ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.അഴുക്ക് പുരണ്ട ആ കൂടാരങ്ങളിലേയ്ക്കാണ് സർവ്വതും നഷ്ടപ്പെട്ട ഗൾഫ് പ്രവാസി കൾ തിരിച്ചെത്തുന്നത്. കാലഹരണപ്പെട്ട ഉപകരണങ്ങളുടെ ഒരു പ്രദർശനശാലയാണ് ഇന്നാ സ്വപ്നമന്ദിരങ്ങൾ.അസംതൃപ്തി പുകയുന്ന അകത്തളങ്ങൾ. അടക്കം പറയുന്ന പരിസരം.മുമ്പ് അസൂയയോടെ മാത്രം കണ്ടിരുന്നവർ സംശയത്തോടെ പാളി നോക്കുന്നു.
കുടുംബത്തിനും ബന്ധുമിത്രാദികൾക്കുമെന്ന പോലെ അമ്പലം പള്ളി തുടങ്ങിയ ആരാധനാലയങ്ങൾക്കും ഗൾഫുകാരെക്കൊണ്ട് മേൽഗതിയുണ്ടായി.പൂരവും പെരുന്നാളുംആണ്ടറുതികളും വർണ്ണാഭമായി. നിർജ്ജീവമായിരുന്ന തപാലാപ്പീസുകൾ ഗ്രാമത്തിന്റെ സിരാകേന്ദ്രമായി. സഞ്ചാരയോഗ്യമല്ലാത്ത നടപ്പാതകൾ വെയിലേറ്റ് തിളങ്ങുന്ന ടാർപ്പാതകളായി. ആഴ്ചച്ചന്തകൾ വഴിയോരക്കച്ചവടങ്ങൾക്ക് വഴിമാറി.പഴയ ഒത്തുചേരൽ കേന്ദ്രങ്ങളായിരുന്ന ഇടുങ്ങിയ തട്ടിൻപുറങ്ങൾക്ക് പകരം, പുതിയ കലാമന്ദിരങ്ങളും ക്ലബ്ബുകളും ഉയർന്നു.നാടക റിഹേഴ്സലും സംവാദങ്ങളും രാഷ്ട്രീയ ചർച്ചകളും കൊണ്ട് മുഖരിതമായിരുന്ന ഗ്രാമീണവായനശാലകൾ സൊറ പറഞ്ഞിരിക്കാനുള്ള വിശ്രമ കേന്ദ്രങ്ങളായി.നാട് തെണ്ടി സ്വരുക്കൂട്ടിയ അമൂല്യ ഗ്രന്ഥങ്ങൾ ചിതലരിച്ചു.കലാ സംഘടനകൾ ക്രമേണ പൂരക്കമ്മറ്റി ആപ്പീസുകളായി.
പെട്രോ ഢോളറിന്റെ ക്രയവിക്രയങ്ങൾക്കിടയിൽ നവോഥാന പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ ആദർശഗോപുരങ്ങളുടെ അടിത്തറ ഇളകുന്നത് അറിഞ്ഞേയില്ല. മൂല്യശോഷണത്തിന്റെ കുറ്റാരോപണം ചെന്ന് പതിച്ചത് പ്രവാസികളിലത്രെ.പുതു തലമുറയെ അലസരും അരാഷ്ട്രീയരുമാക്കിയത് അവരാണെന്ന കണ്ടെത്തൽ നന്ദികേടിന്റെ സാക്ഷ്യപത്രമായി. പതിറ്റാണ്ടുകൾക്കകം ആ വാഗ്ദത്ത ഭൂമിയും നഷ്ടമാവുന്നു. പ്രാക്കുംപരദൂഷണവുമായി കഴിയുന്നവരുടെ മൂഢസ്വർഗ്ഗത്തിലേക്ക്, വയറിന്റെ വിശപ്പടക്കാൻ പോയി മനസ്സിന്റ ക്ഷുത്തടക്കാൻ വഴിയില്ലാതെ ഒരു കൂട്ടം അഭയാർത്ഥികൾ കൂടണയുന്നു.കരിഞ്ചന്തയ്ക്കും കള്ളക്കടത്തിനും ഹവാലയ്ക്കും പണപ്പെരുപ്പത്തിനും എന്ന് വേണ്ട, സകല കൊള്ളരുതായ്മകൾക്കും ‘കാരണക്കാ’രായവരെ എങ്ങനെയാവും നാം സ്വീകരിക്കുക? കാലത്തിനൊത്തുയരാത്ത കടുംപിടുത്തക്കാരെ, സുഖലോലുപതയിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് സഹിക്കാനാവുമോ?