രചന : ശ്രീകുമാർ എം പി*
ചിലുചിലെ ചിന്നും
ചിലമ്പൊലി കേൾക്കാം
കണ്ണൻ വരുന്നുണ്ടെ
ചെറുതായി മിന്നും
കുസൃതിയുമായി
കള്ളൻ വരുന്നുണ്ട്
കൈയ്യിൽ ചെറിയൊരു
പുല്ലാങ്കുഴലുമാ-
യടിവച്ചെത്തുന്നു
കണ്ണിൽ പലപല
കവിതകൾ മെല്ലെ
തുള്ളിക്കളിയ്ക്കുന്നു
നിറഞ്ഞ പീലികൾ
നെറുകയിൽ കുത്തി
തുളസിപ്പൂമാല
കഴുത്തിലിളകി
കരിമുകിൽ മേനി
വിളങ്ങി തേജസ്സിൽ
കവർന്ന വെണ്ണതൻ
നുകർന്ന പാടുകൾ
കവിളിൽ കാണുന്നു
പദ്ധതിയിനിയും
പലതുണ്ടെന്നാ നൽ
പുഞ്ചിരി ചൊല്ലുന്നു
അരയിലെ മഞ്ഞ
പ്പട്ടയഞ്ഞങ്ങനെ
മണ്ണിലിഴയുന്നു
അറിയുന്നീലതു
പ്രപഞ്ചചലന
മെല്ലാമറിഞ്ഞാലും !
ചിലുചിലെ ചിന്നും
ചിലമ്പൊലി കേൾക്കാം
കണ്ണൻ വരുന്നുണ്ടെ
ചെറുതായി മിന്നും
കുസൃതിയുമായി
കള്ളൻ വരുന്നുണ്ട്.