രചന : റാണി റോസ്*

നീയില്ലായ്മയുടെ ശൂന്യത
കനത്തുവരുമ്പോൾ
എല്ലാ ചിന്തകളിലും
ഞാൻ ഊർന്നുവീഴുന്നത്
നിന്റെ നെഞ്ചിലേക്കാണ്!
പിണക്കത്തോടെ പടിയിറങ്ങിപ്പോയിട്ടും
എന്നെ പിന്നെയും പിന്നെയും
കൊളുത്തിവലിക്കുന്ന അതേയിടത്തേക്ക്
ഞാനെത്ര പിണങ്ങിമാറിയാലും
തിരിച്ചുവരുമെന്ന്
നീ ആവർത്തിച്ചാവർത്തിച്ചു
കൊത്തിവെച്ച അതേയിടത്തേക്ക്
കുഞ്ഞുപരിഭവങ്ങൾ നിന്റെ നെഞ്ചിലേക്ക്
ഇറക്കിവെയ്ക്കും മുൻപേ
നീ ആവേശത്തോടെ കെട്ടിപ്പുണരുമ്പോൾ
തീവ്രമായി ചുംബിക്കുമ്പോൾ
ഞാൻ ഇങ്ങനെയാവും ചിന്തിക്കുക!
ഓരോ പിണക്കവും ഇണക്കമായി
മാറുമ്പോൾ കൂടുതൽ തീക്ഷ്ണമായി
നീയെന്നെ സ്നേഹിക്കുന്ന
നിമിഷങ്ങൾ മോഹിച്ചു
ഇനിയും ഞാൻ പിണങ്ങും.
എത്ര മൗനമായിരുന്നാലും
നാം പരസ്പരം നമ്മെ
ചിന്തകളാൽ കുരുക്കിട്ടിരിക്കുമ്പോൾ
എങ്ങനെ അകന്നുപോവാനാണ്!
നമ്മൾ നമ്മിലേക്ക്‌ പിന്നെയും
എത്തിച്ചേരുന്നത് രണ്ടറ്റങ്ങളിലിരുന്നു
അത്രയും തീവ്രമായി
ആകർഷിക്കപ്പെടുന്നതിനാലാണ്!

By ivayana