രചന : ബീഗം*

എത്ര കാതമോടിയാലു-
മെത്താത്ത ദൂരം….
എത്ര തുന്നിയാലു-
മെവിടെയോ കീറലുകൾ…..
എത്രയടിച്ചാലും കൂട്ടം
കൂടുന്ന മാറാലകൾ….
ആത്മവിശ്വാസത്തിൻ്റെ
അന്ത്യകൂദാശയോ?…
ആർക്കും പിടികൊടുക്കാത്ത
മനസ്സിൻ്റെ പരാജയമോ?…..
വിട്ടുകൊടുക്കാത്ത
സ്നേഹത്തിൻ്റെ പകപോക്കലോ?…..
നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……
പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….
കാലുറക്കാത്ത പിടിവാശികൾ
വീണുപോയ പ്രതീക്ഷകൾ….
ഉയിർത്തെഴുന്നേൽക്കാൻ
നെട്ടോട്ടം……..
നനഞ്ഞ സ്വപ്നങ്ങളെ
തുവർത്തിയെടുത്ത്
വിരിച്ചിട്ടിരിക്കുകയാണ്
ജീവിതമെന്ന അയയിൽ…..
താലോലിച്ച ഓർമ്മകളെ
ചേരുംപടി ചേർത്തപ്പോൾ
ചേർച്ചകളില്ലാതെ
മിന്നിമറയുന്നു………
എങ്കിലും നിന്നിലൊട്ടി –
പ്പിടിച്ചിരിക്കുന്ന നിഴലായി
കൂടെയുണ്ടാവും
നീയറിയാതെ.

By ivayana