Aravindan Panikkassery*
മകളെ സ്പോട്ട് അലോട്ട്മെന്റിന് ഹാജരാക്കാൻ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തത് കൊണ്ട് സ്റ്റേഷനിൽ നേരത്തേ എത്തി. കുടുംബത്തെ ഒരിടത്തിരുത്തി, ബുക്സ്റ്റാളിലേക്ക് നടക്കുമ്പോൾ മുഖപരിചയമുള്ള ഒരാൾ എതിരേ വരുന്നു – മാടമ്പ് കുഞ്ഞുകുട്ടൻ.
“എന്താ ഇവിടെ ..? “ആശ്ചര്യത്തോടെയാണ് ചോദിച്ചത്.ഒരു പത്ര സ്ഥാപനത്തിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് പോവുകയാണ്. അവരുടെ ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കേണ്ടതുണ്ട്. ഇരുന്ന് വർത്തമാനം പറയാനൊരിടം നോക്കി ഞങ്ങൾ തെക്ക് വടക്ക് നടന്നു. സ്റ്റേഷനിൽ നല്ല തിരക്ക്. യാത്രക്കാരെ ഉരസിയാണ് സഞ്ചാരം. ഏതാൾക്കൂട്ടത്തിനിടയിലും മാടമ്പിനെ മനസ്സിലാവും. അദ്ദേഹത്തിന്റെ ആകാരം അങ്ങനെയാണ്.
സാഹിത്യകാരൻ എന്നതിലുപരി നടനും തിരക്കഥാകൃത്തുമാണ്. ‘ദേശാടനം ‘ പോലുള്ള ജനപ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ജനം അദ്ദേഹത്തെ തിരിച്ചറിയാത്തതെന്ത് ?മാടമ്പ് ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ട്. വണ്ടി വരുന്നതുവരെയേയുള്ളൂ കൂടിക്കാഴ്ച . പോകേണ്ടത് ഒരേ ഇടത്തേയ്ക്കാണെങ്കിലും വേറെ വേറെ കംപാർട്ട്മെന്റുകളിലാവും യാത്ര. കോവിലനുമായി അടുപ്പമുണ്ടെന്നറിഞ്ഞപ്പോൾ മാടമ്പിന് പെരുത്ത് സന്തോഷം. തന്നെ സാഹിത്യത്തിൽ ആരെങ്കിലും പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് കോവിലനല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹം വിനീതനായി.
വി.ടി.യുടെ നിർദ്ദേശപ്രകാരമാണ് അന്ന് ‘അശ്വഥാമാവി’ന്റെ കൈയെഴുത്ത് പ്രതിയുമായി അരിയന്നൂരിലേക്ക് പുറപ്പെട്ടത്. പുല്ലാനിക്കുന്നത്തെ വീട്ടിൽ ചെന്നപ്പോൾ ഗൃഹനാഥനില്ല. ചെമ്മണ്ണ് പുരണ്ട കയ്ക്കോട്ടുമായി തൊടിയിൽനിന്ന് ഒരാൾ കയറിവരുന്നു. ഇരുമ്പ് പോലത്തെ ശരീരം . താനന്വേഷിക്കുന്ന സാഹിതുകാരൻ തന്നെയോ ഇത് ?വി.ടി. പറഞ്ഞയച്ചതാണെന്നറിഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു. മേലത്തെ ചളിമണ്ണ്കഴുകിക്കളഞ്ഞ് മൂപ്പരും ഇരുന്നു. കൊടുത്ത കടലാസ് കെട്ട് തുറന്ന് നോക്കുക പോലും ചെയ്യാതെ വാങ്ങി ഒരിടത്ത് വച്ചു. ചെന്നപ്പോഴത്തെ ഉത്സാഹമൊന്നും തിരിച്ച് പോരുമ്പോൾ ഉണ്ടായിരുന്നില്ല.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരറിയിപ്പ്. നോവലുമായി മാതൃഭൂമിയിൽ ചെന്ന് എം.ടി.യെ കാണുക. അന്ന് തുടങ്ങിയ ആത്മബന്ധമാണ് കോവിലനുമായിട്ട്. ഗുരുമുഖത്തുനിന്ന് അറിഞ്ഞിട്ടുള്ളതാണെങ്കിലും മുഖതാവിൽ കേൾക്കുമ്പോൾ ആഹ്ലാദമിരട്ടിക്കുന്നു.കൈയെഴുത്ത് പ്രതിയുമായി വന്നയാൾ വന്നതിലും സ്പീഡിൽ തിരിച്ചു പോയത് നോക്കി മകൾ ഒരു കുസൃതിച്ചോദ്യം ചോദിച്ചത് ഓർത്ത് കോവിലന് ചിരിപൊട്ടി.”അരവിന്ദനിപ്പോൾ ഒരു പേപ്പർ കൊണ്ടു തന്നല്ലോ. (കോവിലന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചപ്പോൾ മാധ്യമം പത്രത്തിൽ എഴുതിയ ലേഖനം ) ഞാനത് വാങ്ങി വയ്ക്കുക മാത്രമാണ് ചെയ്തത്.
തനിയ്ക്ക് എന്താ തോന്നിയിട്ടുണ്ടാവുക? താൻ പൊയ്ക്കഴിഞ്ഞാൽ ഞാനത് സൂക്ഷ്മമായി പരിശോധിക്കും. പ്രതികരണം അറിയിക്കുകയും ചെയ്യും. മാലോകരിതൊന്നും അറിയില്ല…” സാഹിത്യ ലേഖനങ്ങളിൽ കോവിലൻ മാടമ്പിനെ പലവട്ടം അടയാളപ്പെടുത്തിയിട്ടുണ്ട്. “കോളനിവാഴ്ചയുടെ ദാരണ ദൃശ്യങ്ങൾ വിരിയിച്ച മാടമ്പ് കുഞ്ഞുകുട്ടൻ തന്റെ ശൈശവത്തിൽ തൊട്ടെണ്ണം ഇരുപത്തൊമ്പത് ദാസിമാരുടെ മത്സരിച്ചുണ്ടായ പരിചരണത്തിൽ വശം കെട്ടുപോയിട്ടുണ്ട്. ഭൂപരിഷ്ക്കരണ നിയമം നടപ്പിലായപ്പോൾ ശുദ്ധ ദാരിദ്ര്യത്തിന്റെ ഒത്ത മധ്യത്തിൽ ഇരിക്കക്കുത്തനെ നിപതിച്ച ജാതവേദൻ നമ്പൂതിരിയുടെ കഥ (അവിഘ്നമസ്തു ) നിങ്ങളാരാനും വായിച്ചുവോ ? ദാരിദ്ര്യം വാഴുമ്പോൾ ചെറ്റത്തം പെരുകുന്നു.
ബഷീറിൽ തിരനോട്ടമാരംഭിച്ച ദാരിദ്ര്യത്തിന്റെ ദീനവും കൂരവുമായ മുഖം മാടമ്പിലെത്തുമ്പോൾ ഭീഭത്സമായിത്തീരുന്നു.(ആത്മഭാവങ്ങൾ)”കുഞ്ഞുകുട്ടൻ ചോദിച്ചു:അങ്ങ് മഹാഭാരതം വായിച്ചിട്ടുണ്ടോ ?മഹാഭാരതം കിളിപ്പാട്ട് ?അദ്ധ്യാത്മ രാമായണം വായിച്ചിട്ടുണ്ടോ ?അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ?ഇല്ലെങ്കിൽ വേണ്ട, ബൈബിൾ വായിച്ചിട്ടുണ്ടോ ?പഴയ നിയമം ?പുതിയ നിയമം ?ഖുർ-ആൻ വായിച്ചിട്ടുണ്ടോ ?വൃദ്ധൻ മിഴിച്ചിരുന്നു.കുഞ്ഞുകുട്ടന് ചെറുപ്പം, തന്നേക്കാൾ ചെറുപ്പം. പക്ഷേ പയ്യൻ പ്രശ്നത്തിന്റെ കാതലിൽത്തന്നെ പിടിച്ചിരിക്കുന്നു , പുളിങ്കാതലിൽ .ആത്മഗതം പോലെ വൃദ്ധൻ പതുക്കെ പറഞ്ഞു:കുറേശ്ശെ കിളിപ്പാട്ടുകൾ ചെറുപ്പത്തിലേ കേട്ട് ശീലിച്ചിട്ടുണ്ട്. കുറേശ്ശെ .എങ്കിൽ അങ്ങയ്ക്കും കുറേശ്ശെ നോവലെഴുതാം.
അടിസ്ഥാന ഗ്രന്ഥങ്ങൾ, ക്ലാസിക്കുകൾ മലയാളത്തിൽ ഇല്ല എന്നൊണെങ്കിൽ, ഞാനൊന്നും പറഞ്ഞില്ല. ഭാഷയുടെ ജീനിയസ് (ജനുസ് ) കണ്ടെത്താൻ ശ്രമിക്കണം എഴുത്തുകാരൻ.സംഗീതത്തിൽ ഭ്രമിച്ച് വശാവുന്ന കവിയും പദങ്ങളുടെ മേളക്കൊഴുപ്പിൽ രമിയ്ക്കുന്ന നോവലിസ്റ്റും ഭാഷയുടെ തായ് വഴി അറിഞ്ഞിട്ടുണ്ടാകണം എന്നില്ല. സംഗീതം പൊലിപ്പിച്ച് പദങ്ങൾ കൊഴുപ്പിച്ച് സ്വന്തം മാനസിക വൈകൃതങ്ങൾ മറയ്ക്കുന്ന പടയണിപോലും ഇക്കൂട്ടത്തിൽ കണ്ടേയ്ക്കും.
എം.പി.ശങ്കുണ്ണി നായരല്ലേ പറഞ്ഞത് , മലയാളം പഠിച്ചിട്ടില്ല – ഇംഗ്ലീഷൊട്ട് മനസ്സിലായതും ഇല്ല! പിന്നെങ്ങനെ നല്ല നോവൽ ?വൃദ്ധൻ പറഞ്ഞു:സൂത്രത്തിൽ പറയാം. നല്ല മനുഷ്യൻ – നല്ല നോവൽ.മഹാനായ മനുഷ്യൻ – മഹത്തായ നോവൽ.(ലേഖനം-വെറും അസംബന്ധ ചിന്തകൾ)