രചന : ജനാർദ്ദനൻ കേളത്*
എന്നിലേക്കുരുവിട്ട
വാക്കിൻ്റയൂറ്റം നിന്നിൽ
തോറ്റൊരു മനസ്സിൻ്റെ
മുഖമുദ്ര ചാർത്തുന്നു!
അർത്ഥശൂന്യത പേറും
വെറുപ്പിൻ മഴുവേന്തി
വെട്ടുമ്പോൾ സ്വയം
ക്ഷതമേൽക്കാതെ
കാത്തീടേണ്ടൂ!
ചുട്ട കോഴിയെ പറത്തും
ജല്പനാക്റോശങ്ങൾ
വിസ്മയിപ്പിച്ചീടലാം
നിന്നുപജാപങ്ങളെ!
എങ്കിലും കർമാശ്രമ
പഥത്തിൽ കാൽകൾ
തെന്നി വീഴുമ്പോൾ
താങ്ങാൻ, നാക്കി –
നെല്ലില്ലാത്തൊരു,
നിൻ്റെ വാക്കിനും
പോര ബലം!
ജീവിതം നിയതമാം
കാർമികത്വത്തിൻ വഴി
ചെൽവതാ-ണെന്നും ബോധ മുൾക്കൊൾവതഭികാമ്യം!
ധർമിഷ്ഠനാണ് കർണൻ
എങ്കിലും കുരുക്ഷേത്ര
ഭൂമിയിൽ ആഴും കാല-
ചക്രമാണഹംഭാവം!
വൈകല്യ ചിത്തം കൊണ്ട
ഭിന്നശേഷികൾക്കെല്ലാം
സാർത്ഥക സ്വത്വങ്ങൾ
ആകട്ടെയീ വൃഥാ വൃത്തം!