രചന : വിനോദ്.വി.ദേവ്.*
പണ്ടേക്കുപണ്ടേ കവിത
പടക്കോപ്പണിഞ്ഞു
വാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.
ഒരു വമ്പൻസൈന്യമായി മാറി
യുദ്ധത്തിന് പോയിട്ടുണ്ട്.
വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,
ആയുധമേന്തിനിൽക്കുന്ന
കവിതയുടെ
നഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.
യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,
മുറിവേറ്റിട്ടുണ്ട്,
ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.
മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,
കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.
എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,
കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,
”കൊല്ലരുതേ ” എന്ന്
ദയനീയമായി തേങ്ങിയിട്ടില്ല,
മാപ്പെഴുതിക്കൊടുത്ത്
മോചിതനായിട്ടില്ല ,
കൂടെയുള്ളവനെ
ഒറ്റുകൊടുത്തിട്ടില്ല ,
കവിതയിന്നും പുതുയുദ്ധത്തിനുവേണ്ടി
ആയുധപ്പുര നിറയ്ക്കുന്നു.
ഓരോ പടയാളിക്കും കവചവും വാളും കൊടുക്കുന്നു.
കവിത സമുറായിയെപ്പോലെ
വാൾ വിശുദ്ധമായി
കാണുന്നതുകൊണ്ട്,
അന്തിമവിജയത്തിന്
ആയിരത്താണ്ടുകൾ താണ്ടണമെങ്കിലും
തളരുന്നതേയില്ല.
ലക്ഷ്യം കടലിനെപ്പോലെ
വിശാലമായതുകൊണ്ട്
വിജയത്തിൽ
ആഹ്ളാദിക്കുന്നതേയില്ല.
തനിക്ക് ജരാനരകളില്ലെന്ന്
അറിയുന്നതുകൊണ്ട്
യുദ്ധത്തിൽനിന്ന്
പിൻമാറുന്നതേയില്ല.
പിറന്നതുമുതൽ
കവിത പോരാളിയായിരുന്നു.
അതിനാൽ
വാൾ താഴെ വയ്ക്കുന്നതുമില്ല.